ന്യൂദല്‍ഹി: “അമേരിക്കയിലും ഇംഗ്ലണ്ടിലും ഏക സിവില്‍ നിയമമുണ്ട്. യുകെ, യുഎസ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും സിഖുകാരും അത് അംഗീകരിക്കുന്നുവെങ്കില്‍ ഇവിടെ മാത്രം എന്തുകൊണ്ട് നടപ്പാക്കിക്കൂടാ?”- ന്യൂനപക്ഷ കമ്മീഷന് മേധാവി ഇഖ് ബാല്‍ സിങ്ങ് ലാല്‍പുര ചോദിക്കുന്നു.
“യുഎസിലും ഇംഗ്ലണ്ടിലുമൊക്കെ സിഖ്, മുസ്ലിം സമുദായങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം നിയമങ്ങളുണ്ടോ? ഇല്ല. ഏക സിവില്‍ നിയമത്തെക്കുറിച്ച് ഭയം ജനിപ്പിക്കുന്നത് വഴി പ്രതിപക്ഷം ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ്.” – ലാല്‍പുര പറഞ്ഞു.
“ഇത് ഭരണഘടനയില്‍ ഉള്ള കാര്യമായതിനാല്‍ അത് മതവിഭാഗങ്ങള്‍ക്ക് ഒരിയ്ക്കലും ഭീഷണിയല്ല. ഇന്ത്യയില്‍ ഉടനീളം എല്ലാ പൗരന്മാര്ക്കും ഒരേ നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണമെന്നാണ് ഭരണഘടനയുടെ 44ാം വകുപ്പ് പറയുന്നത്.” – ലാല്‍പുര വ്യക്തമാക്കി.
1950ല്‍ തന്നെ നമ്മുടെ പൂര്‍വ്വികര്‍ ഇന്ത്യയുടെ ഭരണഘടനയില്‍ ഇക്കാര്യം പറഞ്ഞുവെച്ചിട്ടുണ്ട്. നമ്മുടെ ഭരണഘടനാപരമായ ബാധ്യതയോട് ഒത്തുപോകുന്നതാണ് ഏക സിവില്‍ നിയമം. – അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ പൗരന്മാര്ക്ക് വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ കാര്യങ്ങളില്‍ മതപരമോ സാമുദായികമോ ഉള്ള വിവേചനം കൂടാതെ ഒരേ നിയമം ബാധകമാക്കുന്നതാണ് ഏക സിവില്‍ നിയമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: