തൃശൂര്‍: പട്ടാപ്പകല്‍ 20 വയസുളള ഇതര സംസ്ഥാനക്കാരനായ തൊഴിലാളി പെണ്‍കുട്ടിയെ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോയി.കുട്ടിയെ കൗണ്‍സിലിംഗിനെത്തിച്ച ചൈല്‍ഡ് ലൈന്‍ ജീവനക്കാരെ ആക്രമിച്ചാണ് 16-കാരിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്.
പെണ്‍കുട്ടിയും യുവാവും ഇതര സംസ്ഥാനക്കാരാണ്. കഴിഞ്ഞ ദിവസം റെയില്‍വെ സ്റ്റേഷനിലെത്തിയ ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ യുവാവിന്റെ സമീപത്തുനിന്ന് മാറ്റുകയായിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കാന്‍ തയാറെടുക്കവെ ചൈല്‍ഡ് ലൈന്‍ ഓഫീസിലെത്തിയ യുവാവ് ബിയര്‍കുപ്പി പൊട്ടിച്ച് ആക്രമണ ഭീഷണി മുഴക്കി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ആര്‍.പി.എഫ്. സ്റ്റേഷന് സമീപമുള്ള ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലാണ് സംഭവം.
തുടര്‍ന്ന് കുട്ടിയുമായി ട്രെയിനില്‍ കയറിയത് കണ്ട യാത്രക്കാരില്‍ ചിലര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയുമായി ചാടിയ ഇയാളെ തടയാന്‍ പോര്‍ട്ടര്‍മാര്‍ എത്തിയെങ്കിലും പൊട്ടിച്ച ബിയര്‍ കുപ്പി കുട്ടിയുടെ കഴുത്തില്‍വെച്ച് ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇവരെ കണ്ടെത്താനായില്ല. സംഭവത്തില്‍ വീഴ്ച ഉണ്ടായതിനെ തുടര്‍ന്ന് ഒരു ആര്‍.പി.എഫ്. ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.
ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് യുവാവും പെണ്‍കുട്ടിയും തൃശൂര്‍ റെയില്‍വേസ്റ്റേഷനിലെത്തിയത്. പുലര്‍ച്ചെ യുവാവിനോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ ചൈല്‍ഡ്ലൈന്‍ ജീവനക്കാരെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ കണ്ടെത്തി കൗണ്‍സിലിംഗിനായി എത്തിച്ചതായിരുന്നു ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍. സ്ഥലത്തുനിന്ന് മുങ്ങിയ യുവാവ് രാവിലെ പത്തുമണിയോടെ ബിയര്‍ കുപ്പിയുമായി മടങ്ങിയെത്തി ചൈല്‍ഡ് ലൈന്‍ ഓഫീസില്‍ കയറി ഭീഷണി മുഴക്കി കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: