വിധാതാവുതന്നെയാണ് എല്ലാം സൃഷ്ടിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഇച്ഛ ഇല്ലാതെ ഒരു ഇല പോലും അനങ്ങുകയില്ലെന്നുമാണ് വിശ്വാസം. ഈ രണ്ടു പ്രദിപാദ്യങ്ങളുംമൂലം ഭ്രമിക്കാതിരിക്കണമെങ്കില്‍ ആ വിധാതാവിനെ അഥവാ ഈശ്വരനെ കണ്ടുമുട്ടുവാനും അദ്ദേഹത്തോടു അപേക്ഷിക്കുവാനും ഉള്ള ഏറ്റവും അടുത്ത സ്ഥാനം സ്വന്തം അന്തഃകരണമാണ് എന്നുകൂടി മനസ്സിലാക്കണം. ഈശ്വരന്‍ സര്‍വവ്യാപിയാണ്. അദ്ദേഹത്തെ എവിടെയും വസിക്കുന്നതായി സങ്കല്പിക്കുകയും കാണുകയും ചെയ്യാം. എന്നാല്‍ ദൂരസ്ഥലങ്ങളില്‍ പോകാനുള്ള വൈഷമ്യങ്ങളില്‍ നിന്ന് രക്ഷപ്പെടുകയും, കസ്തൂരിമാനിനെപ്പോലെ വ്യര്‍ത്ഥമായി അലഞ്ഞു നടക്കാതിരിക്കുകയും ചെയ്യണമെങ്കില്‍ സ്വന്തം അന്തഃകരണം തന്നെ തപ്പി നോക്കണം. ആ യവനികയ്‌ക്ക് പിന്നില്‍ ഇരിക്കുന്ന പരമാത്മാവിനെ മനസ്സു നിറയെ കാണുവാനും, ഹൃദയം തുറന്നു കൂടിക്കാഴ്ച നടത്തുവാനും അശ്ലേഷിക്കുവാനുമുള്ള അഭിലാഷം അനായാസം പൂര്‍ത്തീകരിക്കേണ്ടതാണ്. വികാര തീവ്രതകൊണ്ടോ ഭാവനാവിഹാരം കൊണ്ടോ കാര്യം നടക്കുകയില്ല.
ഈശ്വരന്‍ ജഡമല്ല, ചേതനമാണ്. അതിനെ പ്രതിമകളില്‍ ഒതുക്കി നിര്‍ത്താന്‍ സാദ്ധ്യമല്ല. ചേതനയ്‌ക്കു വാസ്തവത്തില്‍ ചേതനയുമായി മാത്രമേ പാലും ജലവും പോലെ ലയിച്ചു ചേരാന്‍ കഴിയൂ. ഈശ്വരന്റെ ഏറ്റവും സമീപസ്ഥവും സുനിശ്ചിതവുമായ സ്ഥാനം മനുഷ്യന്റെ അന്തഃകരണം ആയിരിക്കാനേ തരമുള്ളൂ. യഥാര്‍ത്ഥത്തില്‍ ഈശ്വരദര്‍ശനം, ഈശ്വരസാക്ഷാത്ക്കാരം, ഈശ്വരസാന്നിദ്ധ്യം എന്നിങ്ങനെയുള്ള ഉന്നതമായ സ്ഥിതി ആസ്വദിക്കണമെന്നുള്ളവര്‍ ബാഹ്യലോകത്തില്‍ നിന്നും കണ്ണുകള്‍ പിന്‍വലിച്ചു സ്വന്തം ഉളളില്‍ കടന്നു നോക്കുമ്പോള്‍, യാതൊന്നിനെ പ്രാപിക്കുവാനും കാണുവാനും വേണ്ടി അത്യന്തം കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നിറഞ്ഞ പ്രയത്‌നങ്ങള്‍ ചെയ്തുകൊണ്ടിരുന്നുവോ, അത് അത്യന്തം സമീപസ്ഥാനത്താണ് വിരാജിക്കുകയും വസിക്കുകയും ചെയ്യുന്നതെന്ന് കാണാന്‍ കഴിയും. സുഗമമായ സംഗതിയെ സങ്കീര്‍ണ്ണമാക്കി വെയ്‌ക്കുക എന്നതും മനുഷ്യന്റെ ഇഷ്ടത്തെയും പ്രവര്‍ത്തിയെയും ആശ്രയിച്ചിരിക്കുന്നു. യാതൊന്നു മൂലം അഭീഷ്ട വരദാനം നേടാനും ധന്യരാകാനും സാധിക്കുന്നുവോ ആ ശക്തിയുടെ ഉടമ സ്വന്തം ഉള്ളില്‍ വസിക്കുന്ന ഈശ്വരന്‍ തന്നെയാണ്.
പുറമേയുളള ആളുകളായാലും, ദേവന്മാരായാലും ഉളളില്‍ സ്ഥിതി ചെയ്യുന്ന ചേതനയെപ്പറ്റി ഓര്‍മ്മിപ്പിക്കുവാനോ അഥവാ ഏതെങ്കിലും വിധത്തില്‍ മനസ്സിനെ രസിപ്പിക്കുവാനോ ഉള്ള ഉപാധിയാകാനേ കഴിയൂ.
ക്ഷേത്രം പണിയിക്കാന്‍ അത്യന്തം വ്യഗ്രത പൂണ്ട ഒരു ഭക്തന്‍ സൂഫി സംന്യാസിയോട് ക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കിത്തരാന്‍ അപേക്ഷിച്ചു. അദ്ദേഹം വളരെ ഗൗരവ പൂര്‍വം ഇങ്ങനെ പറഞ്ഞു: ‘കെട്ടിടം തന്റെ ഇച്ഛാനുസരണം ശില്പികളുമായി ആലോചിച്ച് ബഡ്ജറ്റ് അനുസരിച്ച് ഉണ്ടാക്കുക, പക്ഷേ ഒരു കാര്യം ഞാന്‍ പറയുന്നതു പോലെ ചെയ്യുക. പ്രതിമയുടെ സ്ഥാനത്ത് ഒരു വലിയ കണ്ണാടി സ്ഥാപിക്കുക. അതു മൂലം കണ്ണാടിയില്‍ തന്റെ രൂപം കണ്ട് ഒന്നുകില്‍ തനിക്കുവേണ്ടി പ്രത്യേകം നിര്‍മ്മിച്ച ഈ ശരീരത്തിലാണ് ഈശ്വരന്‍ നിവസിക്കുന്നതെന്ന് മനസ്സിലാക്കുകയോ അല്ലെങ്കില്‍ പരിശുദ്ധമാക്കിയാല്‍ താന്‍ തന്നെ പരമാത്മാവായി രൂപപ്പെടുമെന്ന് ബോധം ഉളവാകുകയോ ചെയ്യും. ഇതു മാത്രമല്ല, ആ ആത്മസത്തക്ക് അര്‍ഹതക്കനുരൂപമായി ദിവ്യ വരദാനങ്ങള്‍ അനവരതം വര്‍ഷിച്ചുകൊണ്ടിരിക്കാനും കഴിയും.’
ഭക്തന് പൊരുള്‍ മനസ്സിലായി, അയാള്‍ ഒരു വലിയ ‘ഹാള്‍’ നിര്‍മ്മിച്ച് ദര്‍ശകന് യാതൊന്നില്‍ നോക്കി തന്റെയുളളിലെ ഭഗവാനെ കാണുകയും, അതിനെ സംശുദ്ധവും സമുന്നതവും ആക്കാന്‍ പ്രേരണ ലഭിക്കുകയും ചെയ്യത്തക്ക ഒരു വലിയ കണ്ണാടി ഒരു ഭാഗത്ത് സ്ഥാപിക്കുകയും ചെയ്തു.
മനഃസ്ഥിതി തന്നെയാണ് പരിതഃസ്ഥിതികളുടെ ജനനി എന്നു മനഃശാസ്ത്രവിദഗ്ധന്മാര്‍ പറയുന്നു. മനുഷ്യന്‍ എപ്രകാരം ചിന്തിക്കുന്നുവോ, അപ്രകാരം പ്രവര്‍ത്തിക്കുകയും അതിന്‍ പ്രകാരം വ്യക്തിത്വം രൂപപ്പെടുകയും ചെയ്യുന്നു. മുമ്പേ ചെയ്ത സത്ക്കര്‍മ്മങ്ങളും ദുഷ്‌കര്‍മ്മങ്ങളും കാലാന്തരത്തില്‍ സൗഭാഗ്യങ്ങളും ദുര്‍ഭാഗ്യങ്ങളും ആയി പ്രത്യക്ഷപ്പെടുന്നു. അവയുടെ അടിസ്ഥാനത്തിലാണ് രസിക്കാനും ദുഃഖിക്കാനുമുള്ള യോഗം വന്നു ചേരുന്നത്. അതിനാല്‍ പരിതഃസ്ഥിതികളെ അനുകൂലമാക്കുവാനും ബാഹ്യസഹായം നേടുവാനും വേണ്ടി അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനെക്കാള്‍ ആയിരം മടങ്ങു മെച്ചമാണ് ഭാവന, ധാരണ, ആകാംക്ഷ, ചിന്തനം, പ്രവൃത്തി എന്നിവയെ പരിഷ്‌കൃതമാക്കുക എന്നത്. പുതിയ ധൈര്യം സംഭരിച്ചു പുതിയ പരിപാടികള്‍ തയ്യാറാക്കി പ്രയത്‌നനിരതരായി കഴിയുകയും വിതച്ചതു തന്നെ കൊയ്യുമെന്നതു തീര്‍ച്ചയാണ് എന്ന വശ്വാസം പുലര്‍ത്തുകയും ചെയ്യുക. അലഞ്ഞു നടക്കാതിരിക്കാനുള്ള നിശ്ചിതമായ ഒരേ ഒരു മാര്‍ഗ്ഗം ഇതാണ്.
ഇന്ന് മനുഷ്യന്‍ അനവധി വിപത്തുകളില്‍ കുടുങ്ങിയിരിക്കുന്നതിനുകാരണം അവന്‍ തന്റെ സ്വരൂപവും, മൂലതത്വവും, മഹിമയും, ലക്ഷ്യവും, മാര്‍ഗ്ഗവും വിസ്മരിച്ചിരിക്കുന്നു എന്നതാണെന്നു അദ്ധ്യാത്മജ്ഞാനികള്‍ മേല്പറഞ്ഞ കാര്യം തന്നെ മറ്റു വിധത്തില്‍ യുക്തിയും, ന്യായവും, പ്രമാണങ്ങളും, ഉദാഹരണങ്ങളും മുഖേന അവതരിപ്പിക്കുന്നു. നാം സ്വയം നന്നാകുന്ന പക്ഷം സ്വന്തം പരിഷ്‌കൃതരൂപം വ്യക്തികളിലും പരിതഃസ്ഥിതികളിലും പ്രതിബിംബിക്കുകയും പ്രകാശിക്കുകയും ചെയ്യുന്നതായി കാണാം. ഈ ലോകം കുംഭഗോപുരം കണക്കെ നമ്മുടെ തന്നെ ശബ്ദത്തെ പ്രതിദ്ധ്വനിപ്പിക്കുകയും, തന്നെപ്പോലുള്ള ആളുകളുടെ സമൂഹത്തെ തന്നോടൊപ്പം ചേര്‍ക്കുകയും, അഭിരുചിക്കനുസൃതമായി നന്മതിന്മകളെ പരിപോഷിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ദുഷ്ടന്മാരുടെയും ദുര്‍ജ്ജനങ്ങളുടെയും ചുറ്റും അവരുടെ നിലയിലുള്ള ചങ്ങാതികളുടെ സംഘം ഉയരുന്നു. അതുപോലെ തന്നെ ശാലീനസമ്പന്നരോടും, സജ്ജനങ്ങളോടും, ഉന്നതപ്രതിഭാശാലികളോടും ഒത്തുചേരുന്ന പക്ഷം മഹത്വപൂര്‍ണ്ണമായ സഹകരണവും ഉചിതമായ പ്രയോജനവും നേടാന്‍ കഴിയുമെന്നുള്ളതും തീര്‍ച്ചയാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: