ഡോ. കെ. മുരളീധരന് നായര്‍
കുടുംബസ്വത്തായി കിട്ടിയ ഭൂമിയില്‍, വീടു വയ്ക്കുന്നതിന് അസ്ഥിവാരമെടുത്തപ്പോള്‍ ഒരു മൃഗത്തിന്റെ അസ്ഥിക്കഷ്ണം കണ്ടെടുത്തു. എന്നാല്‍, അതു മാറ്റി ഫൗണ്ടേഷന് വര്‍ക്ക് പൂര്‍ത്തിയാക്കി. പക്ഷേ അസ്ഥിക്കഷ്ണം കണ്ട ഭൂമിയില്‍ വീടു വയ്ക്കുന്നത് നല്ലതല്ലെന്നു പലരും പറയുന്നു. ഇതിനെന്തെങ്കിലും പോംവഴിയുണ്ടോ?
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മൃഗത്തിന്റെയോ മനുഷ്യന്റെയോ അസ്ഥിക്കഷ്ണം ഇല്ലാത്ത ഒരു ഭൂമിയും ഇല്ലെന്നതാണ് സത്യം. അനാവശ്യമായി അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടേണ്ട കാര്യമില്ല. ഫൗണ്ടേഷനെടുത്തപ്പോള്‍ കണ്ട അസ്ഥിക്കഷ്ണങ്ങളെല്ലാം പൂര്‍ണമായി മാറ്റിയിട്ടുണ്ടെങ്കില്‍ അത് തന്നെ ധാരാളം. മേല്ത്തട്ടു തുടങ്ങുന്നതിനു മുമ്പായി, വാസ്തുബലി ചെയ്യുക. വീടുപണി പൂര്‍ത്തിയായ ശേഷം ഗണപതി ഹോമവും സത്യനാരായണ പൂജയും ചെയ്ത് ധൈര്യമായി പുതിയ വീട്ടില്‍ താമസം തുടങ്ങാം. എല്ലാവിധ ഐശ്വര്യവും ഉണ്ടാകും.
വാസ്തുദോഷം ഒട്ടും ബാധിക്കാതെ വീട് നിര്‍മ്മിക്കാന്‍ കഴിയുമോ? അതിന് എന്തൊക്കെ ശ്രദ്ധിക്കണം?
വാസ്തുശാസ്ത്രപരമായി നൂറു ശതമാനവും കുറവ് തീര്‍ന്ന് ഒരു വീടും പണിയാനാകില്ല. എഴുപതു ശതമാനം വരെ വാസ്തുതത്ത്വങ്ങള്‍ പാലിച്ച് പണിയാന്‍ കഴിയും. ഒരു മനുഷ്യാലയത്തിന് ഇത് ധാരാളം മതി. എന്നാല്‍ ഒരു ദേവാലയത്തിന് നൂറു ശതമാനവും വാസ്തു കണക്കുകള്‍ പാലിക്കപ്പെടണം. ദേവാലയത്തില്‍ ദേവനാണ് പ്രാധാന്യം. മനുഷ്യാലയത്തില്‍ മനുഷ്യനും. ആയതിനാല്‍ ദേവാലയവിധക്കനുസരിച്ച് പൂജാമുറി ഒരിക്കലും വീടിനുള്ളില്‍ പണിയരുത്. വീട് പണിയുന്ന സ്ഥലത്ത് സൂര്യനില്‍ നിന്നും കിട്ടുന്ന കിരണങ്ങള്‍, അവയുടെ താപം, കാറ്റിന്റെ ഗതി, ജലത്തിന്റെ ഉറവിടം, മണ്ണിന്റെ ഗുണം, ഭൂമിയുടെ കിടപ്പ് എന്നിവ കണക്കിലെടുത്ത് വേണം ഭവനങ്ങള്‍ രൂപകല്പന ചെയ്യാന്‍.
മൂന്ന് വര്‍ഷം മുമ്പ് ഒരു വീടു പണിഞ്ഞ് താമസമായി. ബിസിനസ് ചെയ്യുന്ന വ്യക്തിയാണ്. വാസ്തുപരമായ കാര്യങ്ങളെല്ലാം നോക്കിയാണ് വീടു പണിഞ്ഞതെങ്കിലും വീട്ടില്‍ താമസമാക്കിയ ശേഷം ബിസിനസ്സിന് വളര്‍ച്ചയില്ല. വീട് അഷ്ടദിക്കിലേക്ക് നോക്കിയിരിക്കുന്നതു കൊണ്ടാണ് ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടാകാത്തതെന്നാണ് അടുത്തയിടെ വീടു പരിശോധിച്ച വാസ്തുപണ്ഡിതന് പറഞ്ഞത്. ഇതിനെന്തെങ്കിലും പോംവഴിയുണ്ടോ?
സാധാരണ മഹാദിക്കുകളായ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ദിക്കിലേക്ക് വീടിന്റെ ദര്‍ശനം വരുന്നതാണ് നല്ലത്. എന്നാല്‍ പലവീടുകള്‍ക്കും ഇത് കിട്ടാറില്ല. അഷ്ടദിക്കിലേക്ക് കോണ്‍ തിരിഞ്ഞു നില്ക്കുന്ന വീടുകള്‍ക്ക് എത്രതന്നെ പ്രയത്നിച്ചാലും ആ പ്രയത്നത്തിന്റെ അമ്പതു ശതമാനം മാത്രമേ ഫലസിദ്ധി ഉണ്ടാകൂ. കിഴക്കു ദര്‍ശനമായി നില്ക്കുന്ന ഒരു വീടിന്റെ ദര്‍ശനം 15 ഡിഗ്രി വരെ തെക്കോട്ടോ, വടക്കോട്ടോ ചരിവ് അനുവദനീയമാണ്. ഇതുപോലെ തന്നെ മറ്റു ദിക്കുകള്‍ക്കും ബാധകമാണ്. ഈ കണക്കില്‍ കവിഞ്ഞ് വീടുകള്‍ ചരിഞ്ഞു നില്‍ക്കുന്നത് ഗുണകരമല്ല.
വീടിന്റെ വാസ്തു ദോഷങ്ങള്‍ വരാവുന്ന പ്രധാനസ്ഥാനങ്ങള്‍ ഏതൊക്കെയാണ്?
വീടു വയ്ക്കുന്ന ഭൂമി എത്ര ചെറുതായാലും വലുതായാലും അല്പമെങ്കിലും കിഴക്കോട്ടോ അല്ലെങ്കില്‍ വടക്കോട്ടോ ചരിവു വരാവുന്ന രീതിയില്‍ ലെവലായിരിക്കണം. കോമ്പൗണ്ട് മതില്‍കെട്ടി, വീടിനെ ഒരു വാസ്തു മണ്ഡലമാക്കി തിരിച്ചിരിക്കണം. നെഗറ്റീവ് ഊര്‍ജം വമിക്കുന്ന സസ്യങ്ങള്‍ കഴിവതും ഒഴിവാക്കണം. പ്രത്യേകിച്ച് നാരക ഇനങ്ങള്‍, മുള്‍ച്ചെടികള്‍, ശീമപ്ലാവ് തുടങ്ങിയവ. വീടിന്റെ നാലുകോണിലും ബാത്ത്റൂം വരാതെ സൂക്ഷിക്കണം. വീടിന്റെ മൂല ചേര്‍ത്ത് സെപ്റ്റിക് ടാങ്ക് പണിയരുത്. വീടിന്റെ മൂലകള്‍ ചേര്‍ത്ത് അലക്കുകല്ല് സ്ഥാപിക്കരുത്. വീടിന്റെ മധ്യഭാഗത്തു നിന്ന് സ്റ്റെയര്‍ കെയ്സ് ആരംഭിക്കരുത്. കന്നിമൂല ഭാഗത്ത് അടുക്കള സ്ഥാപിക്കരുത്. വീടിന്റെ മധ്യഭാഗമായ ബ്രഹ്മസ്ഥാനം ഓപ്പണ്‍ സ്പേസായി വരത്തക്കവിധം ക്രമീകരിക്കണം. വീടിന്റെ പൂമുഖവാതില്‍ ഉച്ചസ്ഥാനത്ത് സ്ഥാപിക്കണം. പ്രധാന ബെഡ്റൂമെല്ലാം തന്നെ തെക്കു പടിഞ്ഞാറു ഭാഗത്തും വടക്കു പടിഞ്ഞാറു ഭാഗത്തും ക്രമീകരിക്കുക. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വിപരീതമായാല്‍ വാസ്തുദോഷമുണ്ടാകും.
ഈ കാലത്ത്, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വാസ്തുശാസ്ത്രത്തിന് എത്രത്തോളം പ്രസക്തിയുണ്ട്?
സൂര്യനും വെള്ളവും വായുവും സത്യമാണെന്നു വിശ്വസിക്കുന്നുവെങ്കില്‍ വാസ്തുശാസ്ത്രത്തെയും വിശ്വസിക്കണം. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം ഇവയുടെ സന്തുലനമായ പ്രകൃതിയെ അടിസ്ഥാനമാക്കിയാണ് വാസ്തുശാസ്ത്രം നിലകൊള്ളുന്നത്. ശരിയായി പറഞ്ഞാല്‍ വാസ്തുശാസ്ത്രം പ്രകൃതിയുടെ തത്ത്വങ്ങളാണ്. പ്രകൃതിക്ക് അനുയോജ്യമായ രീതിയിലേ ഒരു വീടു നിര്‍മ്മിക്കാവൂ. ഓരോ സ്ഥലത്തിനും അവിടുത്തെ പ്രകൃതിക്ക് അനുയോജ്യമായ രീതിയിലേ വീടു നിര്‍മിക്കാവൂ. ഓരോ സ്ഥലത്തിനും അവിടുത്തെ പ്രകൃതിക്ക് അനുസരണമായ രീതിയില്‍ ഗുണദോഷഫലങ്ങള്‍ ഉണ്ടാകും. ഇവിടെയാണ് ഒരു വാസ്തുപണ്ഡിതന്റെ ആവശ്യം. വീടു പണിയുന്നതിനു മുമ്പായി, സ്ഥലം പരിശോധിച്ചാല്‍ അത് എങ്ങനെയുള്ള ഭൂമിയാണ്, അവിടെ വീട് പണിഞ്ഞാല്‍ എത്രത്തോളം അനുകൂലമായ നിലപാടുണ്ടാകും എന്ന് ഭൂമിയേപ്പറ്റിയുള്ള അറിവുള്ള വാസ്തുപണ്ഡിതന് പറയാന്‍ സാധിക്കും. ധാരാളം അന്ധവിശ്വാസം വാസ്തുശാസ്ത്രത്തില്‍ പലരും പുലര്‍ത്താറുണ്ട്. അതു തെറ്റാണ്. സൂര്യനില്‍ നിന്നും ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും ഊര്‍ജം ലഭിക്കുന്നു. സൂര്യന് പിതാവായിട്ടും ഭൂമി മാതാവായിട്ടും കണക്കെടുത്തു വേണം ഒരു ഗൃഹം നിര്‍മിക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: