മനോജ് പൊന്‍കുന്നം
വേദകാലം മുതല്‍ നിലനില്‍ക്കുന്ന ഭാരതത്തിലെ പുണ്യനഗരമാണ് ഗയ. പഴയ പാടലീപുത്രം കേന്ദ്രമായുള്ള മഗധ സാമ്രാജ്യത്തിലെ പുരാതന നഗരം. ഹിന്ദുക്കളെക്കൂടാതെ ജൈന, ബുദ്ധ മതവിശ്വാസികളുടെ പുണ്യസങ്കേതം കൂടിയാണ് ഗയ. രാമായണത്തിലും മഹാഭാരതത്തിലുമെല്ലാം ഗയയെപ്പറ്റി പരാമര്‍ശമുണ്ട്.
ഗയ വിഷ്ണുപാദ ക്ഷേത്രവും ബുദ്ധഗയയിലെ ശ്രീബുദ്ധ ക്ഷേത്രവുമാണ് ഗയയെ പുണ്യനഗരമാക്കുന്നത്. ഗയക്ക് ആ പേര് ലഭിക്കുന്നതിനും ‘വിഷ്ണുപാദ’ ക്ഷേത്രം അവിടെ ഉയര്‍ന്നതിനും പിന്നില്‍ ഒരു കഥയുണ്ട്. ഗയാസുരന്‍ എന്നൊരു അസുരന്‍ ഈശ്വരനെ പ്രത്യക്ഷപ്പെടുത്താന്‍ കഠിന തപസ്സില്‍ ഏര്‍പ്പെട്ടു. അസുരന്റെ മുന്നില്‍ ഈശ്വരന്‍ പ്രത്യക്ഷപ്പെട്ടു. എന്തുവരമാണ് താങ്കള്‍ ആവശ്യപ്പെടുന്നതെന്ന് ചോദിച്ചു. ഇതായിരുന്നു അസുരന്റെ ആവശ്യങ്ങള്‍: ഈശ്വരനേക്കാള്‍ മഹത്വവും ബ്രാഹ്മണനെക്കാള്‍ ജ്ഞാനിയും നദികളെക്കാള്‍ ശുദ്ധവും മന്ത്രങ്ങള്‍ പോലെ പവിത്രവും മുനിമാരെ പോലെ വിശുദ്ധനുമാവണം താന്‍. തന്നെ കാണുന്നവരെല്ലാം മോക്ഷപ്രാപ്തി നേടണം. ഈശ്വരന്‍ അസുര രാജാവിന് ആ വരങ്ങളെല്ലാം നല്‍കി അനുഗ്രഹിച്ചു.
അസുരന്‍ സന്തുഷ്ടനായി. പ്രജകള്‍ അതിലേറെ ആഹ്ലാദ ചിത്തരായി. ദൈവഭയം ഇല്ലാതായി. കര്‍മ്മങ്ങളിലെ നന്മ നഷ്ടപ്പെട്ടു. നിയമങ്ങളുടെ മൂല്യവും ദേവതകള്‍ക്ക് പ്രസക്തിയുമില്ലാതായി. ജനങ്ങള്‍ക്ക് മോക്ഷപ്രാപ്തി നല്‍കാന്‍ ഗയാസുരനുണ്ട്. യമദേവന്‍ നിരാശനായി. യമപുരി ശൂന്യമായി. ഗയാസുരന്‍ പ്രപഞ്ചത്തിന്റെ ആവാസവ്യവസ്ഥയ്‌ക്ക് ഭീഷണിയായപ്പോള്‍ ദേവന്മാര്‍ ഒന്നടങ്കം ബ്രഹ്മാവിനെക്കണ്ടു പരാതി പറഞ്ഞു. എല്ലാവരും ചേര്‍ന്ന് വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനെ കണ്ട് സങ്കടമുണര്‍ത്തിച്ചു.
വിഷ്ണു ഭക്തനായ ഗയാസുരനെ ഏതുവിധേനയും ഇല്ലായ്മ ചെയ്യണം. ഒടുവില്‍ അവരൊരു മാര്‍ഗം കണ്ടെത്തി. ഒരു യജ്ഞം നടത്തുവാന്‍ ഏറ്റവും പവിത്രമായ ഒരിടം ഗയാസുരനോട് മഹാവിഷ്ണു ആവശ്യപ്പെടുക. ഏത് സ്ഥലവും നല്‍കാന്‍ ഗയാസുരന്‍ തയ്യാറായി. എന്നാല്‍ വിഷ്ണു മുന്‍പ് നല്‍കിയ വരത്താല്‍ ഗയാസുരന്റെ ശരീരത്തേക്കാള്‍ ഉത്തമമായ ഇടമില്ല എന്ന് ബ്രഹ്മാവ് അറിയിച്ചു. ഗയാസുരന്‍ സന്തോഷത്തോടെ തന്റെ ശരീരം യജ്ഞത്തിനായി വിട്ടുനല്‍കി.
യാഗശാലയിലെ ഹോമകുണ്ഡം ഗയാസുരന്റെ ശരീരത്തില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ ശരീരം അനങ്ങുവാന്‍ തുടങ്ങി. ബ്രഹ്മാവും ദേവതകളും സകലശക്തിയും പ്രയോഗിച്ചിട്ടും ശരീരം ചലിച്ചുകൊണ്ടിരുന്നു.
ഒടുവില്‍ മഹാവിഷ്ണു ഗദാധാരിയായി നേരിട്ട് വന്നു ഗയാസുരന്റെ ശരീരത്തില്‍ നിലയുറപ്പിച്ചു. ആ സമയം ഗയാസുരന് വിഷ്ണുഭഗവാന്‍ ഒരു വരം നല്‍കി, ഭൂമിയില്‍ താങ്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്ക് വൈകുണ്ഠപ്രാപ്തി ലഭിക്കും. ഗയാസുരന്‍ സന്തുഷ്ടനായി. നിശ്ചലനായ ഗയാസുരന്‍ ഭൂമിയിലേക്ക് താഴ്ന്നു. ഭഗവാന്റെ പാദമുദ്ര ഭൂമിയില്‍ പതിഞ്ഞു. ഭഗവാന്റെ ആയുധങ്ങളായ ശംഖ് ചക്ര ഗദാ പദ്മങ്ങള്‍ ആ പാദത്തില്‍ തെളിഞ്ഞു. വിഷ്ണുവിന്റെ പാദസ്പര്‍ശം കൊണ്ട് പവിത്രമായ അവിടെ ഒരു മഹാക്ഷേത്രം ഉയര്‍ന്നുവന്നു. അതാണ് വിഷ്ണുപാദക്ഷേത്രം. പാറയില്‍ പതിഞ്ഞ വിഷ്ണു പാദം അവിടെ ഇന്നും ദര്‍ശിക്കാം. കാലാന്തരത്തില്‍ ഗയാസുരന്റെ നാമത്തില്‍ ആ പ്രദേശം അറിയപ്പെടാന്‍ തുടങ്ങി. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ മോക്ഷപ്രപ്തിക്കായി ഗയാസുരന് അന്നം നല്‍കാന്‍ നിരന്തരം അവിടെ എത്തുന്നു.
സീതയുടെ ശാപവും അനുഗ്രഹവും
ബീഹാറിലെ ഫല്‍ഗു നദിയുടെ തീരത്താണ് വിഷ്ണുപാദ മന്ദിര്‍ സ്ഥിതിചെയ്യുന്നത്. നിരഞ്ജന എന്നും ഈ നദിക്ക് പേരുണ്ട്. വിശ്വാസികള്‍ക്ക് ഇതൊരു പുണ്യനദിയാണ്. വിഷ്ണുവിന്റെ അവതാരമാണ് ഈ നദിയും എന്നാണ് വിശ്വാസം. പാലാണ് പണ്ട് നദിയില്‍ ഒഴുകിയിരുന്നതത്രേ. രാമലക്ഷ്മണന്മാര്‍ സീതാസമേതനായി വനവാസം അനുഷ്ഠിച്ചിരുന്നകാലത്താണ്, അച്ഛന്‍ ദശരഥന്റെ ദേഹവിയോഗം അറിയുന്നത്. അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ യഥാസമയം ചെയ്യാന്‍ അവര്‍ക്കായില്ല. പരിഹാരമായി അച്ഛന്റെ മോക്ഷ പ്രാപ്തിക്ക്, ബലിതര്‍പ്പണം നടത്താന്‍ അവര്‍ ഗയയിലെത്തി എന്നാണ് ഐതിഹ്യം.
ബലി തര്‍പ്പണത്തിനായി രാമലക്ഷ്മണന്മാര്‍ നദിയില്‍ കുളിക്കുമ്പോള്‍ സീത കരയില്‍ മണലില്‍ കളിക്കുകയായിരുന്നു. പെട്ടെന്ന്, മണലില്‍ നിന്ന് ദശരഥന്‍ പ്രത്യക്ഷപ്പെട്ട്, വിശക്കുന്നു എന്ന് പറഞ്ഞ് ഭക്ഷണം ചോദിച്ചു.
രാമലക്ഷ്മണന്മാര്‍ മടങ്ങിവരുന്നതുവരെ കാത്തിരിക്കണമെന്ന് സീത അദ്ദേഹത്തോട് അപേക്ഷിച്ചു. അവര്‍ പരമ്പരാഗത രീതിയില്‍ പിണ്ഡസമര്‍പ്പണത്തിനായി കുളിക്കാന്‍ പോയിരിക്കുകയാണെന്നും അറിയിച്ചു. ദശരഥന്‍ കാത്തിരിക്കാന്‍ കൂട്ടാക്കിയില്ല. കൈയ്യിലുള്ള മണല്‍ കൊണ്ട് ഉണ്ടാക്കിയ പിണ്ഡം തരുവാന്‍ ആവശ്യപ്പെട്ടു. മറ്റ് വഴികളൊന്നുമില്ലാതെ, അക്ഷയവടം, ഫാല്‍ഗുനി നദി, ഒരു പശു, ഒരു തുളസി ചെടി, ഒരു ബ്രാഹ്മണന്‍, എന്നിങ്ങനെ അഞ്ച് സാക്ഷികളോടൊപ്പം സീതാദേവി ദശരഥന്‍ ആഗ്രഹിച്ച പിണ്ഡം നല്‍കി.
താമസിയാതെ, രാമന്‍ മടങ്ങിവന്ന് കര്‍മങ്ങള്‍ ആരംഭിച്ചു. അക്കാലത്ത് പൂര്‍വികര്‍ തങ്ങളുടെ വിഹിതം ശേഖരിക്കാന്‍ നേരിട്ട് എത്തുമായിരുന്നത്രെ. അവിടെ ദശരഥന്‍ പ്രത്യക്ഷപ്പെടാത്തതെന്ത് എന്ന് ചിന്തിച്ചു രാമന്‍ വിഷണ്ണനായി. ആ സമയം സീതാദേവി, സംഭവിച്ചതെല്ലാം അവരോട് പറഞ്ഞു, തന്റെ പിതാവ് മണല്‍ കൊണ്ട് നിര്‍മ്മിച്ച പിണ്ഡം സ്വീകരിക്കുമെന്ന് രാമന് വിശ്വസിക്കാനായില്ല. സീത അപ്പോള്‍ സാക്ഷികളെ വിളിച്ചു. സത്യം രാമനെ ബോധ്യപ്പെടത്താന്‍ അവരോട് ആവശ്യപ്പെട്ടു. അഞ്ചു സാക്ഷികളില്‍ അക്ഷയ വടവൃക്ഷം മാത്രം സത്യം പറഞ്ഞു, മറ്റുള്ളവര്‍ കള്ളം പറഞ്ഞ്, രാമനെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചു. ഇതുകണ്ട, സീത കോപത്താല്‍, അവരെ ശപിച്ചു. ഇതായായിരുന്നു ശാപം: ‘ഫാല്‍ഗുനി നദി ഇനിമുതല്‍ ഗയയില്‍ വെള്ളമില്ലാതെ ഒഴുകട്ടെ. മറ്റെല്ലാവരെയും പോലെ പശുവിനെ ഇനി മുന്നില്‍ നിന്ന് ആരാധിക്കില്ല. അതിന്റെ പിന്‍ഭാഗം മാത്രമേ ആരാധിക്കൂ. ഗയയില്‍ ഇനി തുളസിച്ചെടികള്‍ ഉണ്ടാകില്ല. ഗയയിലെ ബ്രാഹ്മണര്‍ ഒരിക്കലും തൃപ്തരാവില്ല. അവര്‍ക്ക് എപ്പോഴും വിശക്കും. കൂടുതല്‍ കൂടുതല്‍ കൊതിക്കുകയും ചെയ്യും.’ എന്നാല്‍, ഗയയില്‍ വരുന്നവരെല്ലാം അക്ഷയവടത്തിലും പിണ്ഡ പ്രദാനം ചെയ്യുമെന്ന് പറഞ്ഞ് സീത, അക്ഷയവടത്തെ അനുഗ്രഹിക്കുകയും ചെയ്തു. സീതാദേവി ദശരഥമഹാരാജാവിനു തര്‍പ്പണം നടത്തിയ സ്ഥലത്ത് ഇപ്പോള്‍ ഒരു ക്ഷേത്രമുണ്ട്. സീതാകുണ്ഡ് എന്നാണ് ആ നദീതടം അറിയപ്പെടുന്നത്.
ഗയയിലെ വിഷ്ണുപാദമന്ദിര്‍ ആരു നിര്‍മ്മിച്ചു എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ഇപ്പോള്‍ കാണുന്ന രീതിയില്‍ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് 1787 ഇന്‍ഡോറിലെ ഭരണാധികാരിയായിരുന്ന ദേവി അഹല്യാബായി ഹോല്‍ക്കര്‍ ആണെന്നതിന് രേഖകളുണ്ട്. രാജസ്ഥാനില്‍ നിന്നും അവര്‍ ശില്പകലാവിദഗ്ധരെ എത്തിച്ചു. അടുത്ത ഗ്രാമങ്ങളില്‍ നിന്നും ഏറ്റവും മേന്മയുള്ള ശിലകളും കണ്ടെത്തി. ക്ഷേത്രം ചേതോഹരമായി പൂര്‍ത്തീകരിച്ചു. മുപ്പത് മീറ്റര്‍ ഉയരത്തില്‍ അഷ്ടഭുജ ആകൃതിയിലാണ് ക്ഷേത്രത്തിന്റെ ഘടന.
അതിമനോഹരമാണ് ക്ഷേത്രനിര്‍മ്മിതി. കൊത്തുപണികളാല്‍ അലംകൃതമായ കല്‍ത്തൂണുകളും പവലിയനും ആകര്‍ഷണീയമാണ്. ഏകദേശം 51 കിലോഗ്രാം ഭാരമുള്ള ഒരു സ്വര്‍ണ്ണപ്പതാക ക്ഷേത്രത്തിനു മുകളില്‍ ഉയര്‍ത്തിയിട്ടുണ്ട്. കാശി വിശ്വനാഥ ക്ഷേത്രം പുതുക്കിപ്പണിതതും അഹല്യാബായി ഹോല്‍ക്കറാണ്. തീര്‍ച്ചയായും ഹൈന്ദവസമൂഹം അവരോട് വളരെ കടപ്പെട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: