കൊച്ചി : വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ് എഫ് ഐ മുന്‍ നേതാവ് നിഖില്‍ തോമസിന് ജാമ്യം. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
സംസ്ഥാനം വിടരുത് എന്നത് ഉള്‍പ്പെടെ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്‍ ആവശ്യപ്പെട്ടു.
കേസില്‍ ജൂണ്‍ 23നാണ് നിഖില്‍ തോമസ് പിടിയിലാകുന്നത്. കലിംഗ സര്‍വകലാശാലയില്‍ നിന്നുളള വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കായംകുളം എംഎസ്എം കോളേജില്‍ എംകോമിന് പ്രവേശനം നേടിയെന്നാതാണ് നിഖിലിനെതിരായ കുറ്റം. 2018-20 കാലഘട്ടത്തിലാണ് എംഎസ്എം കോളേജില്‍ നിഖില്‍ തോമസ് ബികോമിന് പ്രവേശനം നേടുന്നത്.
2020 ല്‍ അവസാനിച്ച അധ്യയന വര്‍ഷം ബികോം പൂര്‍ത്തിയാക്കാത്ത നിഖില്‍ തൊട്ടടുത്ത വര്‍ഷം ഈ കോളേജില്‍ തന്നെ എം.കോമിന് ചേര്‍ന്നു. പ്രവേശനത്തിനായി നല്‍കിയത് കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും. എംഎസ്എം കോളേജില്‍ ഡിഗ്രിക്ക് പഠിച്ചിരുന്ന അതേ കാലയളവില്‍ തന്നെ കലിംഗയില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് സംബന്ധിച്ച് കോളേജില്‍ നിഖിലിന്റെ ജൂനിയറും എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗവുമായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: