പരീക്ഷയ്‌ക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കിയതില്‍ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരിക്കെ പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടി മാറ്റിയ കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ആറ് ഭീകരവാദികള്‍ക്കു കൂടി എന്‍ഐഎ കോടതി ശിക്ഷ വിധിച്ചിരിക്കുന്നു. ഇവരില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തവും മൂന്ന് പേര്‍ക്ക് മൂന്നുവര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിന്റെ രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയാക്കിയ പതിനൊന്നുപേരില്‍ അഞ്ചുപേരെ തെളിവില്ലെന്ന കാരണത്താല്‍ വെറുതെ വിട്ടിരുന്നു. ഒന്നാംഘട്ട വിചാരണ നേരിട്ടവരില്‍ പതിമൂന്നുപേരെ കോടതി ശിക്ഷിക്കുകയും പതിനെട്ട് പേരെ വിട്ടയയ്‌ക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ സവാദ് എന്നയാള്‍ ഇപ്പോഴും ഒളിവിലാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാംഘട്ട വിചാരണയിലേതുപോലെ രണ്ടാംഘട്ട വിചാരണയിലും കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞതായി കോടതി വിധിയില്‍ പറഞ്ഞിരിക്കുന്നു. ഇത് ഒരു സാധാരണ കേസല്ല. സംഭവം നടന്ന് പതിമൂന്നുവര്‍ഷത്തിനുശേഷം ഉണ്ടായിരിക്കുന്ന ഇപ്പോഴത്തെ വിധി കേരളത്തിന് പല നിലയ്‌ക്കും പാഠമാണ്. രാജ്യത്തെ ഞെട്ടിച്ച സംഭവമാണ് നടന്നത്. മതകോടതി ചേര്‍ന്ന് താലിബാന്‍ മോഡല്‍ ശിക്ഷയാണ് നടപ്പാക്കിയത്. വിപുലമായ ആസൂത്രണവും, സാമ്പത്തികമുള്‍പ്പെടെ വന്‍തോതിലുള്ള സഹായവും ഈ ഹീനകൃത്യത്തിനു പിന്നിലുണ്ടായിരുന്നു എന്നത് ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് വിധികളും കേരളത്തോട് പലതും പറയുന്നുണ്ട്. കേസിനാസ്പദമായ സംഭവം നടന്നതിന് വളരെ മുന്‍പു തന്നെ ഈ ഹീനകൃത്യം ചെയ്ത മതഭീകരവാദികളുടെ പറുദീസയായി കേരളം മാറിയിരുന്നു. ജമാഅത്തെ ഇസ്ലാമി എന്ന മതമൗലികവാദ സംഘടനയുടെ പ്രവര്‍ത്തനവും, ഇതില്‍നിന്ന് ആവിര്‍ഭവിച്ച ‘സിമി’യുടെ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളും, അബ്ദുള്‍ നാസര്‍ മദനി എന്ന ഭീകരവാദി സൃഷ്ടിച്ച വെറുപ്പിന്റെ അന്തരീക്ഷവും, ‘സിമി’ യുടെ നിരോധനത്തെത്തുടര്‍ന്ന് രൂപംകൊണ്ട എന്‍ഡിഎഫ് എന്ന സംഘടനയുടെ വിധ്വംസക പ്രവര്‍ത്തനങ്ങളുമാണ് മതത്തിന്റെ പേരില്‍ കോളജ് അധ്യാപകന്റെ കൈവെട്ടി മാറ്റുന്നതില്‍ എത്തിച്ചത്. ഈ സംഭവം നടന്നതിനു മുന്‍പും മതത്തിന്റെ പേരില്‍ നിന്ദ്യമായ പ്രചാരണവും നിരവധി അക്രമപ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും എന്‍ഡിഎഫ് എന്ന സംഘടന നടത്തിയിരുന്നു. ഇതിനെയൊക്കെ ആത്മാര്‍ത്ഥമായി അപലപിക്കാനോ ഇതു ചെയ്യുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താനോ കേരളം മാറി മാറി ഭരിച്ചവരോ അതിന് നേതൃത്വം നല്‍കിയ രാഷ്‌ട്രീയ പാര്‍ട്ടികളോ തയ്യാറായില്ല. ഇതാണ് ഒരു ചോദ്യപേപ്പറിന്റെ പേരില്‍ കോളജ് അധ്യാപകന്റെ കൈവെട്ടി മാറ്റുന്നതില്‍ എത്തിച്ചത്. ഇതു ചെയ്തവരെ കുറ്റപ്പെടുത്തുന്നതിനു പകരം ഇരയായ അധ്യാപകനെ ക്രൂരമായി ഒറ്റപ്പെടുത്തുകയാണ് ഭരണ-പ്രതിപക്ഷ കക്ഷികള്‍ ചെയ്തത്. ഈ അധ്യാപകന്‍ പഠിപ്പിച്ച കോളജിന്റെ അധികൃതരും അല്‍പ്പംപോലും ദയ കാണിച്ചില്ല. വേദന താങ്ങാനാവാതെ ഇരയായ അധ്യാപകന്റെ ഭാര്യ ആത്മഹത്യ ചെയ്തിട്ടും ഇക്കൂട്ടര്‍ കണ്ണുതുറന്നില്ല.
മതഭ്രാന്തുകൊണ്ട് മാറാട് കടപ്പുറത്ത് എട്ട് മനുഷ്യജീവനുകളെ വെട്ടിനുറുക്കിയ സംഘടനയാണ് തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടി മാറ്റിയതും. മാറാട് സംഭവത്തില്‍ മതഭീകരര്‍ക്കൊപ്പം നിന്നവരാണ് തൊടുപുഴയിലും അവരെ തള്ളിപ്പറയാന്‍ തയ്യാറാവാതിരുന്നത്. മാറാട് കേസ് യഥാസമയം സിബിഐ അന്വേഷിക്കാതിരുന്നതുകൊണ്ട് കുറ്റവാളികള്‍ പലരും രക്ഷപ്പെട്ടു. ജുഡീഷ്യല്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടും ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചില്ല. ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചതില്‍ ഇന്ന് മാന്യതയുടെ മേലങ്കിയണിഞ്ഞു നടക്കുന്ന പലര്‍ക്കും പങ്കുണ്ട്. കൈവെട്ടു കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അന്വേഷിച്ചതുകൊണ്ടുമാത്രമാണ് ഇത്രയെങ്കിലും പ്രതികള്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞത്. അപ്പോഴും മതത്തോടു കൂറുള്ള ചില അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ കള്ളക്കളിയെക്കുറിച്ച് പ്രൊഫ. ജോസഫ് ആത്മകഥയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ക്കു ലഭിച്ച ശിക്ഷയെക്കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്നു പറയുന്ന ഈ അധ്യാപകന്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യമുണ്ട്. പ്രാകൃതമായ ഒരു വിശ്വാസ സംഹിതയുടെ പേരിലാണ് താന്‍ ആക്രമിക്കപ്പെട്ടതെന്നും, തന്നെ ആക്രമിച്ചവരും ഈ മതവിശ്വാസത്തിന്റെ ഇരകളാണെന്നും അധ്യാപകന്‍ പറഞ്ഞതിന് കുറ്റവാളികളെ ശിക്ഷിച്ച കോടതിവിധിയെപ്പോലെ പ്രാധാന്യമുണ്ട്. തലതിരിഞ്ഞ ഈ മതവിശ്വാസം ലോകമെമ്പാടും പല കാരണങ്ങളാല്‍ അശാന്തി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ യാഥാര്‍ത്ഥ്യത്തില്‍നിന്ന് മുഖംതിരിക്കാന്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുകയും സമാധാനം പുലര്‍ന്നു കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് കഴിയില്ല. മതത്തിന്റെ പേരില്‍ മനുഷ്യനെ കൊന്നുതള്ളുന്ന പ്രാകൃതത്വത്തെ പ്രതിരോധിച്ചേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: