ന്യൂദല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തില്‍ യമുനാ നദി കര കവിഞ്ഞതോടെ കിഴക്കന്‍, സെന്‍ട്രല്‍ ദല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. സമുദ്രനിരപ്പില്‍ നിന്ന് 208.62 മീറ്ററാണ് ഇന്നലെ യമുനയിലെ ജലനിരപ്പുയര്‍ന്നത്. ഹിമാലയന്‍ സംസ്ഥാനങ്ങളിലും ഹരിയാനയിലും കനത്ത മഴ തുടരുന്നതും യമുനയിലെ വെള്ളപ്പൊക്കത്തിനു കാരണമായി. ഇന്നലെ രാത്രിയോടെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെ ദല്‍ഹിയില്‍ വിന്യസിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. യമുനയുടെ ഇരുകരയിലുമുള്ള പ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. കശ്മീരി ഗേറ്റ് ഭാഗത്ത് ചെങ്കോട്ടയുടെ മതില് വരെ യമുന കരകയറി. ഗീത കോളനി, പാണ്ഡവ് നഗര്‍, ഗാന്ധിനഗര്‍, ഭജന്‍പുര അടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. സിവില്‍ ലൈനിലെ വീടുകളും വെള്ളത്തില്‍ മുങ്ങി. യമുനയിലെ അപകടകരമായ ജലനിരപ്പ് 205.33 മീറ്ററാണ്. വലിയ പ്രളയ മുന്നറിയിപ്പാണ് 207.49 മീറ്റര്‍. എന്നാല്‍ ഇതും കടന്ന് ജലനിരപ്പുയര്‍ന്നതോടെ ദല്‍ഹിയുടെ കിഴക്കന്‍ മേഖല അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു. അന്‍പതാണ്ടു മുമ്പുണ്ടായ പ്രളയത്തെക്കാള്‍ ജലനിരപ്പുയര്‍ന്നതോടെ യമുനയ്ക്കു സമീപമുള്ള പ്രധാന റോഡുകളെല്ലാം സ്തംഭിച്ചു. വലിയ ഗതാഗതക്കുരുക്കാണ് ഇന്നലെ രാജ്യതലസ്ഥാനത്തുണ്ടായത്.
ദല്‍ഹിയില്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ഞായറാഴ്ച വരെ അവധിയും സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോമും പ്രഖ്യാപിച്ചു. അനാവശ്യമായി ആരുംതന്നെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: