ന്യൂദല്‍ഹി: കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഹിമാചല്‍പ്രദേശില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാരുടെ സംഘം ഇന്ന് ദല്‍ഹിയിലെത്തും. എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നുള്ള 27 ഹൗസ് സര്ജന്മാരാണ് സംഘത്തിലുള്ളത്. റോഡ് മാര്‍ഗമാണ് ഇവര്‍ ദല്‍ഹിയിലെത്തുക. പത്തു പുരുഷന്മാരും 17 വനിതകളും അടങ്ങുന്ന സംഘം രണ്ട് വാഹനങ്ങളിലായാണ് ദല്‍ഹിയിലേക്ക് പുറപ്പെട്ടത്. മലയാളി ടൂര്‍ ഓപ്പറേറ്ററുടെ സഹായത്തോടെയാണ് ഇവര്‍ ദല്‍ഹിയിലേക്ക് എത്തുന്നതിനുള്ള യാത്രാ സൗകര്യം ഒരുക്കിയത്. ഇവരില്‍ 17 പേര് മണാലിയിലെ ഹഡിംബ ഹോംസ്റ്റേയിലും 10 പേര് കോക്സറിലെ എച്ച്പിപിഡബ്ല്യുഡി ഡോര്‍മിറ്ററിയിലുമാണ് താമസിച്ചിരുന്നത്. മൊബൈല്‍ നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്തതിനാല്‍ ഇവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.
മണാലിയിലെ ഖീര്ഗംഗയില് കുടുങ്ങിയിരുന്ന തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള 18 മലയാളി ഡോക്ടര്‍മാര്‍ സുരക്ഷിതരാണെന്ന് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര് സിങ് സുഖു മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവര്‍ക്ക് വെള്ളവും ഭക്ഷണവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇവര്‍ക്ക് യാത്രയ്ക്കുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദല്‍ഹിയിലെത്തുന്ന മലയാളി ഡോക്ടര്‍മാര്‍ക്ക് കേരള ഹൗസില്‍ താമസവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്ന് കേരള സര്‍ക്കാരിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് അറിയിച്ചു. മലയാളികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ദല്‍ഹി കേരളാഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 011-23747079 എന്ന ഹെല്പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: