മലപ്പുറം: പത്താം ക്ലാസില്‍ മികച്ച മാര്‍ക്ക് ലഭിച്ചിട്ടും പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതായതോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരയേണ്ടിവന്ന വണ്ടൂര്‍ ജിജിവിഎച്ച്എസ് സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ അവഹേളിച്ച് കെ.ടി. ജലീല്‍ എംഎല്‍എ.
മലപ്പുറം ജില്ലയില്‍ രൂക്ഷമായ സീറ്റ് ക്ഷാമം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ജലീല്‍ ഫേയ്സ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത്. വസ്തുതാവിരുദ്ധമായ കണക്കുകള്‍ നിരത്തി ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ട കെ.ടി. ജലീലിന് വലിയ രീതിയിലുള്ള വിമര്‍ശനമാണ് നേരിടേണ്ടിവന്നത്. യഥാര്‍ത്ഥ കണക്കുകളുമായി പലരും കമന്റുകളുമായി വന്നതോടെ ജലീലിന് ഉത്തരം മുട്ടി. ഇതിനിടെയാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥിനി കരയുന്ന വീഡിയോ ജലീലിന്റെ പോസ്റ്റിന് താഴെ കമന്റായി വന്നത്. മറുപടി പറയാന്‍ സാധിക്കാതെ വന്നതോടെ രാഷ്ട്രീയ ആരോപണത്തിന്റെ ഭാഗമാണിതെന്ന പരാമര്‍ശമാണ് എംഎല്‍എ നടത്തിയത്.
എംഎല്‍എയുടെ നിലവാരം വെളിപ്പെടുത്തിയ മറുപടിയെന്നായിരുന്നു പലരുടെയും വിമര്‍ശനം. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിട്ടും ഹയര്‍ സെക്കന്‍ഡറിക്ക് ചേരാന്‍ കഴിയാതെ സങ്കടപ്പെട്ട കുട്ടിയെ മനസിലാക്കാന്‍ കഴിയാതെയുള്ള എംഎല്‍എയുടെ മറുപടി തരം താണതാണെന്നതരത്തിലും പോസ്റ്റുകള്‍ നിറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: