കിളിമാനൂർ ഗോവിന്ദ്
കിളിമാനൂർ: കൃഷി നഷ്ടമാണെന്ന് പറയുമ്പോഴും നെൽകൃഷിയെ സ്നേഹിച്ചും പാടത്ത് സ്വയം പണിതും ,മുഴുവൻ സമയവും പാടത്ത് ചിലവിട്ടും. സ്വർണ്ണ മണികൾ വിളയിക്കുകയാണ് കിളിമാനൂർ കീഴ്‌പേരൂരിൽ ഒരു കർഷകൻ. കീഴ്പേരൂർ ചിറക്കരക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം വാറുവിളാകത്ത് വീട്ടിൽ തുളസിധരൻ നായർ (62) എന്ന കർഷകനാണ് പാടത്ത് നിന്നും നെൽ മണികളുടെ രൂപത്തിൽ സ്വർണ്ണ മണികൾ വിളയിച്ചെടുക്കുന്നത്.
കീഴ്പേരൂർ ചിറക്കരക്കാവ് ഭഗവതി ക്ഷേത്രത്തിൻറെ പടിഞ്ഞാറ് ഭാഗത്തെ വിശാലമായ പാട ശേഖരത്തിലെ 10 ഹെക്‌ടറോളം പാടത്താണ് തുളസിധരൻ നായർ നെൽ കൃഷിയിറക്കായിരിക്കുന്നത് . ഒരേക്കർ വയൽ മാത്രമാണ് ഇദ്ദേഹത്തിന് സ്വന്തമെന്ന് പറയാനുള്ളത് .ബാക്കി മുഴുവൻ പലരിൽ നിന്നും പാട്ടത്തിനെടുത്താണ് കൃഷി ചെയ്‌തിരിക്കുന്നത് .പത്ത് ഹെക്‌ടറിലെ ഓരോ ഭാഗവും തുളസിധരൻ നായർക്ക് കൈവെള്ളയിലെ രേഖകൾ പോലെ മനഃപാഠമാണ് .
കഴിഞ്ഞ 15 വർഷമായി ഇവിടെ നെൽകൃഷി ചെയ്യുകയാണ് തുളസീധരൻ നായർ..കാലവർഷം താമസിച്ചതിനാൽ ഇത്തവണ കൃഷിയിറക്കാൻ താമസിച്ചുവത്രെ . അതിനാൽ മൂപ്പ് കുറഞ്ഞ മണി രത്ന എന്ന വിത്താണ് ഇത്തവണത്തെ കൃഷിക്ക് ഉപയോഗിച്ചിരിക്കുന്നതെന്നും ,ഉമ വിത്തിനെക്കാൾ മൂപ്പ് കുറവാണെന്നും ,105 ദിവസം കൊണ്ട് വിളവെടുക്കാൻ കഴിയുമെന്നും തുളസിധരൻ നായർ പറയുന്നു. തൊഴിലാളികളുടെ അഭാവം മൂലം യന്ത്രങ്ങളെ ആശ്രയിച്ചാണ് പൂർണ്ണമായും കൃഷി ചെയ്യുന്നതെങ്കിലും ,ചില കാര്യങ്ങൾക്ക് മനുഷ്യ പ്രയത്നം ആവശ്യമുണ്ട് .അതിനും ഇപ്പോൾ ആളെകിട്ടാനില്ലാത്ത സാഹചര്യമാണ്.
മകൻ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളുടെ പരിപൂർണ്ണ പിന്തുണയുള്ളതിനാലാണ് ഈ രംഗത്ത് പിടിച്ചു നിക്കാൻ കഴിയുന്നതെന്നും ,സാമ്പത്തിക നേട്ടം വലുതായി പലപ്പോഴും പ്രതീക്ഷിക്കാൻ കഴിയില്ലെന്നും തുളസീധരൻ നായർ പറഞ്ഞു .കൃഷി ഇറക്കാൻ താമസിച്ചതിനാൽ വരുന്ന ഓണത്തിന് പുത്തരിയുടെ ചോറുണ്ണാൻ കഴിയില്ലെന്ന വിഷമവും ഈ കർഷകൻ പങ്കുവെക്കുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: