അമരാവതി: തക്കാളി വിറ്റ്കിട്ടിയ പണം കൊള്ളയടിക്കാന്‍ ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയില്‍ തക്കാളി കര്‍ഷകനെ അക്രമികള്‍ കൊലപ്പെടുത്തി. മദനപ്പള്ളി ബോഡിമല്ലദിനെ ഗ്രാമത്തിലെ തക്കാളി കര്ഷകന് നരേം രാജശേഖര്‍ റെഡ്ഡി (62) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലേക്ക് പാലുമായി പോകുന്നതിനിടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്.
വഴിയില്‍ തടഞ്ഞ അക്രമികള്‍ അദ്ദേഹത്തിന്റെ കൈയും കാലും കെട്ടിയിടുകയും കഴുത്തില്‍ തുണി മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തക്കാളിക്ക് വന്‍ തോതില്‍ വില കൂടിയതോടെ അടുത്തിടെ വിളവെടുപ്പ് നടത്തിയ രാജശേഖര്‍ റെഡ്ഡിയുടെ പക്കല്‍ കൂടുതല്‍ പണമുണ്ടെന്ന് കരുതിയാകാം അക്രമിസംഘം എത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
ഗ്രാമത്തില്‍നിന്ന് ഏറെ അകലെയാണ് രാജശേഖര്‍ റെഡ്ഡിയുടെ കൃഷിയിടം. കൊലപാതകത്തിന് മുമ്പ് തക്കാളി വാങ്ങാനെന്ന വ്യാജേന കൃഷിയിടത്തില്‍ അജ്ഞാതര്‍ എത്തിയിരുന്നു. എന്നാല്‍, രാജശേഖര്‍ സ്ഥലത്തില്ലെന്നും ഗ്രാമത്തിലേക്ക് പോയിരിക്കുകയാണെന്നും പറഞ്ഞതോടെ ഇവര്‍ തിരികെ പോയതായും രാജശേഖറിന്റെ ഭാര്യ പോലീസിനോട് പറഞ്ഞു.
വിപണിയില്‍ തക്കാളിക്ക് വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഒരു മാസത്തിനിടെ നരേം രാജശേഖര്‍ റെഡ്ഡി 30 ലക്ഷത്തോളം രൂപ നേടിയതായി സംസാരുമുണ്ടായിരുന്നു. കൊലപാതകത്തിന് ഇതുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. അന്വേഷണത്തിന് നാല് സംഘങ്ങളെ രൂപീകരിച്ചതായും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കേശപ്പ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: