വടക്കഞ്ചേരി: വിദ്യാര്‍ഥികളുമായി പോകുന്നതിനിടെ മംഗലംഡാം കരിങ്കയത്ത് പന്നി ഇടിച്ച് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിജിഷ സോണിയക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്കി വക്കാല ഗ്രാമവാസികള്‍. തിങ്കളാഴ്ച കാലത്ത് എട്ടുമണിയോടെയാണ് കരിങ്കയം പള്ളിക്ക് സമീപം ഓട്ടോയില്‍ പന്നിയിടിച്ച് അപകടമുണ്ടായത്. ഓട്ടോ മറിഞ്ഞ് തെറിച്ചുവീണ വിജിഷയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓട്ടോയില്‍ ഉണ്ടായിരുന്ന ഓടംതോട് അഭിലാഷിന്റെ മക്കളായ അമയ അഭിലാഷ് (12), അനയ് അഭിലാഷ് (ഒമ്പത്), കരിങ്കയം അനീഷിന്റെ മകന് ടോമിലിന്‍ (13) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. അനീഷിന്റെ മറ്റൊരു മകന് യുവനും (നാല്) ഓട്ടോയില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പരിക്കേറ്റവര്‍ മംഗലംഡാം സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഓട്ടോയില്‍ ഡോര്‍ ഘടിപ്പിച്ചതിനാല്‍ കുട്ടികള്‍ പുറത്തേക്ക് തെറിച്ച് വീഴാത്തതിനാല്‍ ഗുരുതരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അനീഷിന്റെ വീട്ടില്‍ നിന്നും കുട്ടികളെ കയറ്റി 50 മീറ്റര്‍ പിന്നിടും മുമ്പേയാണ് അപകടം സംഭവിച്ചത്. അനീഷും സമീപവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
സംഭവമറിഞ്ഞ് മംഗലംഡാം സിഐ സബീര്പാഷ, എസ്ഐ: ജെ. ജമേഷ്, മംഗലംഡാം ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.എ. മുഹമ്മദ്ഹാഷിം, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിതമാധവന്, വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കലാധരന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.
ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകിട്ട് വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ആദരാഞ്ജലി യര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്. ഭര്‍ത്താവ് മനോജും ഡ്രൈവറാണ്. ആദ്യകാലങ്ങളില്‍ ഓട്ടോ ഓടിച്ചിരുന്ന മനോജ് പിന്നീട് മറ്റൊരു വാഹനം വാങ്ങി. കഴിഞ്ഞ മൂന്നുവര്‍ഷമായി വിജിഷ ഓട്ടോ ഡ്രൈവിങ് ഏറ്റെടുക്കുകയായിരുന്നു. പണി പൂര്‍ത്തിയാവാത്ത ഓടിട്ട ഒരു ചെറിയ വീട്ടിലാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: