കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പ്രതികളായി ആദ്യ മൂന്നു പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ജീവപര്യന്ത്യം തടവുശിക്ഷ വിധിച്ച് എന്‍ഐഎ കോടതി. മൂന്നു പേര്‍ക്കും 50,000 രൂപ പിഴയും ചുമത്തി. സംഭവത്തിലെ മുഖ്യസൂത്രധാരനായിരുന്ന ആലുവ കുഞ്ഞുണ്ണിക്കര സ്വദേശിയും പോപ്പുലര്‍ ഫ്രണ്ട് ഭീകരനുമായ എം.കെ. നാസര്‍, കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത സജില്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി അനില്‍ കെ. ഭാസ്‌കര്‍ വിധിച്ചു. വധശ്രമം, ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന, യുഎപിഎ അടക്കം ചുമത്തിയ എല്ലാ കുറ്റങ്ങളും ചേര്‍ത്താണ് ശിക്ഷ. ജീവപര്യന്തം ശിക്ഷ തന്നെയാണ് പ്രോസിക്യൂഷനും ആവശ്യപ്പെട്ടത്.
ഒന്‍പതാം പ്രതി എം.കെ. നൗഷാദ്, പതിനൊന്നാം പ്രതി പി.പി. മൊയ്തീന്‍ കുഞ്ഞ്, പന്ത്രണ്ടാം പ്രതി പി.എം. അയൂബ് എന്നിവര്‍ക്കെതിരേ തെളിവു മറച്ചുവയ്ക്കല്‍, പ്രതികളെ ഒളിവില്‍ക്കഴിയാന്‍ സഹായിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ഇവര്‍ക്കു മൂന്നു വര്‍ഷം തടവാണ് ശിക്ഷ. സജില്‍, നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കെതിരേ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെ ദേശീയ അന്വേഷണ ഏജന്‍സി ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു.
ഷഫീക്, അസീസ് ഓടക്കാലി, ടി.പി. സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നിവരെ മതിയായ തെളിവുകളുടെ അഭാവത്തില്‍ കോടതി ഇന്നലെ വിട്ടയച്ചിരുന്നു. സംഭവം നടന്ന് 12 വര്‍ഷത്തിനു ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയായത്. വര്‍ഷങ്ങളോളം ഒളിവില്‍ക്കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത് വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചാണ് എന്‍ഐഎ വിചാരണ പൂര്‍ത്തിയാക്കിയത്. 12 പേരുടെ പ്രതിപ്പട്ടികയാണ് സമര്‍പ്പിച്ചതെങ്കിലും കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കാലി സ്വദേശി സവാദ് ഇപ്പോഴും ഒളിവിലാണ്. ഇയാളെക്കുറിച്ചു വിവരം നല്കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കി കൊച്ചിയിലെ എന്‍ഐഎ കോടതി 2015 ഏപ്രില്‍ 30ന് വിധി പറഞ്ഞു. 31 പ്രതികളില്‍ 13 പേരെ അന്നു ശിക്ഷിച്ചു, 18 പേരെ വിട്ടയച്ചു. ശേഷം പിടികൂടിയവരുടെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. തൊടുപുഴ ന്യൂമാന്‍ കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയ്‌ക്കായി പ്രൊഫ. ജോസഫ് തയാറാക്കിയ ചോദ്യ പേപ്പറില്‍ പ്രവാചകനെ അപമാനിക്കുന്ന പരാമര്‍ശമുണ്ടെന്ന വിവാദത്തെത്തുടര്‍ന്നാണ് 2010 ജൂലൈ നാലിന് മൂവാറ്റുപുഴയില്‍വച്ച് അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിയത്. മൂവാറ്റുപുഴ പോലീസ് അന്വേഷിച്ച കേസ് 2011 മാര്‍ച്ച് ഒന്‍പതിന് എന്‍ഐഎ ഏറ്റെടുത്തു. കൃത്യത്തിന് വിദേശത്തു നിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: