വയനാട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. തിരുനെല്ലി മാന്താനം കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് ആംബുലന്‍സില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. വ്യാഴാഴ്ചയാണ് സംഭവം. രാവിലെ ഒന്‍പതരയോടെയാണ് പ്രസവ വേദനയെ തുടര്‍ന്ന് അടിയന്തരമായി ബീനയെ ആശുപത്രിയിലെത്തിക്കാന്‍ അപ്പപ്പാറ കുടുംബരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് വീട്ടില്‍ എത്തുന്നത്.
ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടെ വാഹനത്തില്‍ വച്ച് തന്നെ ഇവര്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നഴ്‌സ് ബെറിൻ വാഹനത്തിൽ വച്ച് തന്നെ അടിയന്തര ശുശ്രൂഷ നല്‍കിയ ശേഷം സമീപത്തെ അപ്പപ്പാറ പിഎച്ച്‌സിയില്‍ എത്തിച്ച് പ്രഥമിക ശുശ്രൂഷ നടത്തി. പിന്നീട് അമ്മയേയും കുഞ്ഞിനേയും മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബീനയുടെ മൂന്നാമത്തെ പ്രസവമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: