തിരുവനന്തപുരം: ഏകീകൃത സിവില്‍കോഡിനെതിരായ സിപിഎം സംഘടിപ്പിക്കുന്ന ജനകീയ ദേശീയ സെമിനാറില്‍ ഒരു മുസ്ലിം സമുദായത്തിലെ വനിതയ്‌ക്കു പോലും ഇടമില്ല. മുസ്ലിം സമുദയത്തിലെ ബഹുഭാര്യാത്വം, സ്വത്ത് പങ്കിടല്‍ എന്നിവയില്‍ ഏകസിവില്‍ കോഡ് സ്ത്രീകള്‍ക്കൊപ്പമാണെന്ന വാദം ശക്തമാണ്. ഇതിനിടെയാണ് മുസ്ലിം സമുദായം ശക്തിയുക്തം എതിര്‍ക്കുന്നു എന്ന പറയപ്പെടുന്ന ഏക സിവില്‍കോഡിനെതിരായ സിപിഎം സെമിനാറില്‍ ഒരു മുസ്ലിം വനിതയ്‌ക്കു പോലും ഇടം നല്‍കാത്തത്. ചില മുസ്ലിം പണ്ഡിതന്‍മാര്‍ പങ്കെടുക്കുന്ന വേദിയായതിനാല്‍ മുസ്ലിം വനിതകളെ ഒഴിവാക്കിയെന്നാണ് ഉയരുന്ന ആരോപണം. ജൂലൈ 15ന് കോഴിക്കോട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ വനിത പ്രാതിനിധ്യമായി ഉള്ളത് വനിത കമ്മിഷന്‍ അധ്യക്ഷ പി. സതീദേവിയും കോഴിക്കോട് നഗരസഭ മേയര്‍ ബീന ഫിലിപ്പും മാത്രമാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കൂടാത, ഏളമരം കരീം, പന്ന്യന്‍ രവീന്ദ്രന്‍, ജോസ് കെ.മാണി, പി.എ. മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവരും വിവിധി ഇസ്ലാം സംഘടന നേതാക്കളും സെമിനാറില്‍ പങ്കെടുക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.
ഏകസിവില്‍കോഡ് മുസ്ലിം സമുദായത്തിന് എതിരെങ്കില്‍ ആ സമുദായത്തില്‍ നിന്ന് ഒരു സ്ത്രീയെ പോലും സെമിനാറില്‍ പങ്കെടുപ്പിക്കാന്‍ സിപിഎമ്മിന് എന്തുകൊണ്ട് സാധിക്കുന്നില്ല എന്നതാണ് ഉയരുന്ന ചോദ്യം.
അതേസമയം, പൊതു സിവില്‍ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട ഇഎംഎസ് നമ്പൂതിരിപ്പാട് അടക്കമുള്ളവരുടെ മുന്‍ നിലപാടില്‍ വെട്ടിലായ പശ്ചാത്തലത്തില്‍ കൂടിയാണ് സിപിഎം സെമിനാര്‍. വ്യക്തിനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയ്‌ക്കുള്ളില്‍ നടത്തിയ പോരാട്ടങ്ങളുടെ തെളിവുകള്‍ സഹിതം പുറത്തു വന്നിരുന്നു.. ദേശാഭിമാനിയില്‍ ഇഎംഎസും ഇ.കെ. നായനാരും സുശീലാ ഗോപാലനുമൊക്കെ എഴുതിയ ലേഖനങ്ങളും നടത്തിയ പ്രസംഗങ്ങളും സിപിഎമ്മിന്റെ പുതിയ നിലപാടിനെ തിരിഞ്ഞു കൊത്തുകായണ്.
ഏഴാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ചേര്‍ന്ന 1985 ജൂലൈ 9ന് മുഖ്യമന്ത്രി കെ. കരുണാകരനോട് സിപിഎം അംഗങ്ങള്‍ പൊതു സിവില്‍ കോഡുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെ സഭാരേഖകളാണ് പുറത്തുവന്നത്. ആദ്യ ചോദ്യം തന്നെ പൊതു സിവില്‍ കോഡിനെ കുറിച്ചായിരുന്നു. എല്‍ഡിഎഫ് അംഗങ്ങളായ എം.വി. രാഘവന്‍, കെ.പി. അരവിന്ദാക്ഷന്‍, വി.ജെ. തങ്കപ്പന്‍, കെ.ആര്‍. ഗൗരി, സി.ടി. കൃഷ്ണന്‍, ഇ. പത്മനാഭന്‍, ഒ. ഭരതന്‍, പി.വി. കുഞ്ഞിക്കണ്ണന്‍, എ.കെ. പത്മനാഭന്‍ എന്നിവരാണ് ചോദ്യം ഉന്നയിച്ചത്. പൊതു സിവില്‍ കോഡില്‍ കേരള സര്‍ക്കാരിന്റെ അഭിപ്രായം എന്തെന്നായിരുന്നു ഒരു ചോദ്യം.
പൊതു സിവില്‍ നിയമത്തില്‍ സിപിഐയും നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ഈയാഴ്ച ചേരുന്ന ദേശീയ യോഗത്തിലേ നിലപാട് വ്യക്തമാക്കൂ. അതിനു മുമ്പേ തന്നെ സെമിനാര്‍ തീരുമാനിച്ചതും മുസ്ലിം ലീഗിനെ ക്ഷണിച്ചതും സിപിഐയെ ചൊടിപ്പിച്ചിരുന്നു. നിയമ കമ്മിഷന്‍ റിപ്പോര്‍ട്ട് പോലും വന്നിട്ടില്ല. അതിനു മുമ്പ് അമിത വേഗത്തില്‍ സെമിനാറും ചര്‍ച്ചകളും നടത്തുന്നതിലും സിപിഐക്ക് അതൃപ്തിയുണ്ട്. പ്രതിപക്ഷത്തുള്ള ലീഗിനെ ക്ഷണിക്കേണ്ട എന്തു സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് സിപിഐയുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: