വര്‍ഷംതോറും കാലവര്‍ഷം കലിതുള്ളിയെത്തുമ്പോള്‍ കേരളീയരുടെ ജീവിതം ദുരിതപൂര്ണമാവുന്നത് ഇപ്പോള്‍ പതിവു കാഴ്ചയാണ്. രണ്ടുവര്‍ഷത്തെ പ്രളയം സമ്മാനിച്ച തിക്താനുഭവങ്ങളില്‍നിന്ന് മലയാളികള്‍ ഇനിയും കരകയറിയിട്ടില്ല. നവകേരള നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ ലോകം ചുറ്റി നടന്നവര്‍ ഇപ്പോള്‍ നിശ്ശബ്ദരാണ്. കാലവര്‍ഷം മറ്റുള്ളവരെ ഏറ്റക്കുറച്ചിലുകളോടെയാണ് ബാധിക്കുന്നതെങ്കില്‍ ജീവിതവും ജീവനും കടലെടുത്തുപോകുന്നവരാണ് തീരദേശവാസികള്‍. ദുരിതത്തിരമാലകള്‍ ആഞ്ഞടിക്കുമ്പോള്‍ നിസ്സഹായരായി അതിന് കീഴടങ്ങേണ്ടിവരുന്ന ഇവരുടെ സ്ഥിതി ഓരോ വര്‍ഷം പിന്നിടുമ്പോഴും കൂടുതല്‍ കൂടുതല്‍ പരിതാപകരമായി മാറുകയാണ്. ശരിക്കു പറഞ്ഞാല്‍ 2004 ലെ സുനാമിക്കുശേഷം ആശ്വാസത്തോടെ ഒന്നുനിവര്‍ന്നു നില്ക്കാന് ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഓഖി ചുഴലിക്കാറ്റും സ്ഥിതി ഒന്നുകൂടി വഷളാക്കി. ഇപ്പോഴത്തെ കാലവര്‍ഷവും കടലിന്റെ മക്കളെ ദുരിതജീവിതത്തിലേക്ക് എടുത്തെറിഞ്ഞിരിക്കുകയാണ്. തിരുവനന്തപുരം മുതലപ്പൊഴിയില്‍ കടലാക്രമണത്തില്‍ നാലുജീവനുകള്‍ പൊലിഞ്ഞു. ഇവിടെ സന്ദര്‍ശനത്തിനെത്തിയ സംസ്ഥാന മന്ത്രിമാര്‍ ജനങ്ങളോട് പെരുമാറിയ രീതി തീരദേശവാസികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന പൊതുസമീപനത്തിന്റെ ഭാഗമാണ്. ജനങ്ങള്‍ക്ക് കഴിയുംവിധം ആശ്വാസമെത്തിക്കുന്നതിനു പകരം അവര്‍ക്കുനേരെ യജമാനഭാവത്തോടെ തട്ടിക്കേറുകയും പ്രശ്നപരിഹാരത്തിന് ഫലപ്രദമായി യാതൊന്നും ചെയ്യാതിരിക്കുകയുമാണ്.
കേരളത്തിലെ തീരദേശവാസികള്‍ പതിറ്റാണ്ടുകളായി നേരിടുന്ന പ്രശ്നങ്ങള്‍ പറയത്തക്ക മാറ്റമില്ലാതെ ഇപ്പോഴും തുടരുകയാണെന്ന വാസ്തവമാണ് ‘അടങ്ങാത്ത ദുരിതത്തിരമാലകള്‍’ എന്ന പേരില്‍ ‘ജന്മഭൂമി’ പ്രസിദ്ധീകരിച്ച അന്വേഷണ പരമ്പര. അവഗണനയുടെയും തിരസ്കാരത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും രാഷ്ട്രീയ വിവേചനത്തിന്റെയും എണ്ണിയാലൊടുങ്ങാത്ത കഥകളാണ് ദുരിതം പേറുന്ന ജനങ്ങള്‍ക്ക് ഞങ്ങളുടെ ലേഖകന്മാരോട് പറയാനുണ്ടായിരുന്നത്. കേരളം മാറിമാറി ഭരിച്ചവര്‍ ഇവര്‍ക്ക് വാരിക്കോരി നല്കിയ വാദ്ഗാനങ്ങളുടെ ശവപ്പറമ്പാണ് തീരദേശം. കടലാസിലൊതുങ്ങിയതും അട്ടിമറിക്കപ്പെട്ടതുമായ പദ്ധതികള്‍. സ്വാധീനമുള്ളവര്‍ക്കു മാത്രം നല്കുന്ന ആനുകൂല്യങ്ങള്‍. വലിയൊരു വിഭാഗം കുടുംബങ്ങള്‍ക്കും സുരക്ഷിതമായി കിടന്നുറങ്ങാന്‍ അടച്ചുറപ്പുള്ള ഒരു വീടുപോലും ഇല്ലാതിരിക്കുമ്പോള്‍ പാര്‍ട്ടിക്കൂറു മാത്രം നോക്കി വീട് അനുവദിക്കുന്ന രാഷ്ട്രീയം. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടാതാക്കുന്ന കുതന്ത്രങ്ങള്‍. കടല്‍ഭിത്തി നിര്‍മാണവും പുലിമുട്ട് സ്ഥാപിക്കലുമൊക്കെ വെറും കടത്തുകഴിക്കല്‍ മാത്രം. കാലവര്‍ഷത്തില്‍ ഇവയെല്ലാം കടലുകൊണ്ടുപോകുന്നു. നിര്‍മാണ രീതിയുടെ അപര്യാപ്തതയും അഴിമതിയുമാണ് ഇതിനുകാരണം. ഇതിനെതിരായ ജനങ്ങളുടെ മുറവിളികള്‍ ഭരണാധികാരികളുടെ ബധിരകര്‍ണങ്ങളിലാണ് പതിക്കുന്നത്. ഉപജീവനം വഴിമുട്ടുന്ന ജനങ്ങള്‍ കടലിനെ നോക്കി സ്തംഭിച്ചു നില്ക്കുന്ന കാഴ്ചകളാണ് നിരവധി വിവരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ഞങ്ങളുടെ വാര്‍ത്താ പരമ്പര പുറത്തുകൊണ്ടുവന്നത്. അധികൃതര്‍ ഇനിയെങ്കിലും ഇക്കാര്യങ്ങളില്‍ അനുഭാവപൂര്‍ണമായ നടപടികളെടുക്കണം.
കേരളത്തിലെ തീരദേശവാസികള്‍ക്ക് കെട്ടുറപ്പുള്ള വോട്ടുബാങ്ക് ഇല്ലാത്തതിനാലാണ് അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാരുകളും ആത്മാര്‍ത്ഥമായ നടപടികള്‍ എടുക്കാത്തത്. ഇതിനിടയിലും സംഘടിത വിഭാഗങ്ങളെ പ്രീണിപ്പിച്ച് ഒപ്പം നിര്‍ത്താന്‍ ഇക്കൂട്ടര്‍ മടിക്കാറില്ല. അസംഘടിത വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയും ചെയ്യുന്നു. ഇതിനുവേണ്ടി വികസനമെന്ന പേരില്‍ ചില കഞ്ഞിവീഴ്ത്തലുകള്‍ നടത്താറുണ്ടെന്നു മാത്രം. ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമായ സമീപനമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സ്വീകരിച്ചുവരുന്നത്. ഗുജറാത്തു മുതല്‍ കേരളം വരെ നീണ്ടുകിടക്കുന്ന മത്സ്യബന്ധന സമൂഹത്തിന്റെ ക്ഷേമം ഉറപ്പുവരുത്താന്‍ സാഗരപരിക്രമപോലുള്ള നിരവധി പദ്ധതികള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒട്ടനവധി ആനുകൂല്യങ്ങളാണ് ഇതിനോടകം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. മത്സ്യബന്ധന മന്ത്രാലയത്തിന് രൂപംനല്‍കുക മാത്രമല്ല, 2014 മുതല്‍ 32,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ടത്. ഈയിടെ കേരളം സന്ദര്‍ശിച്ച കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രുപാല മത്സ്യബന്ധന മേഖലയുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ അക്കമിട്ട് നിരത്തുകയുണ്ടായി. തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്ന മുതലപ്പൊഴിയിലേക്ക് കേന്ദ്രസംഘത്തെ അയയ്ക്കുമെന്ന പര്‍ഷോത്തം രുപാലയുടെ പ്രസ്താവനയെ ലത്തീന്‍ കത്തോലിക്കാ സഭയും സ്വാഗതം ചെയ്തിരിക്കുകയാണ്. തീരദേശമേഖലയുടെ വികസനത്തിനും ജനക്ഷേമത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികള്‍ താമസം കൂടാതെ നടപ്പാക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: