തൃശൂര്‍: വീട് നിര്‍മിക്കാന്‍ വായ്പ ശരിയാക്കി നല്‍കാമെന്ന പേരില്‍ പണം തട്ടിയെടുത്ത കേസില്‍ വിയ്യൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍സ് സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. രാമവര്‍മപുരം ഇമ്മട്ടി ഫിനാന്‍സ് കമ്പനി ഉടമയായ ഇമ്മട്ടി വീട്ടില്‍ ബാബുവാണ് പോലീസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
ഫിനാന്‍സ് കമ്പനിയുടെ മറവില്‍ വീട് വാങ്ങുന്നതിനും നിര്മിക്കുന്നതിനുമാവശ്യമായ ധനസഹായം ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് പരസ്യം നല്കി ആവശ്യക്കാരില്‍ നിന്നും ഡെപ്പോസിറ്റ് വാങ്ങി വായ്പ നല്‍കാതെ തട്ടിപ്പു നടത്തിവരികയായിരുന്നു. നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയിലെ ജീവനക്കാരിയില്‍ നിന്നും 5 ലക്ഷം രൂപയും തൃത്താലയിലെ ഒരു സ്ത്രീയില്‍ നിന്ന് 15 ലക്ഷം രൂപയും ഡെപ്പോസിറ്റ് ആയി വാങ്ങി വഞ്ചിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇത്തരത്തില്‍ നിരവധി പേര് തട്ടിപ്പിന് ഇരയായിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്കു ശമ്പളം നല്‍കാതെയും തട്ടിപ്പു നടത്തിയതായുള്ള പരാതിയും നിലവിലുണ്ട്. പോലീസ് അന്വേഷണം തുടങ്ങിയതോടെ കമ്പനി പൂട്ടി മുങ്ങി നടക്കുകയായിരുന്നു ഇയാള്‍. കഴിഞ്ഞദിവസം ഫിനാന്‍സ് കമ്പനിയില്‍ എത്തി രേഖകള്‍ എടുത്തുകൊണ്ടു പോകവെ വിയ്യൂര്‍ സ്റ്റേഷന് ഓഫീസര്‍ കെ. സി. ബൈജു, ഗ്രേഡ് എസ്ഐ ജിനികുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് സംഘത്തില്‍ എഎസ്ഐ സുനില്‍കുമാര്‍, സിപിഒ മാരായ അനീഷ്, ടോമി, സുധീഷ് എന്നിവരും ഉണ്ടായിരുന്നു. ബാബുവിനെ പിടികൂടിയതറിഞ്ഞ് കൂടുതല്‍ ആളുകള്‍ പരാതികളുമായി വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: