പാലക്കാട്: മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയത്തില്‍ ധനകാര്യവകുപ്പ് സ്പെഷ്യല്‍ സ്ക്വാഡ് പരിശോധന. സ്റ്റേഷന് ഓഫീസര്‍ ഡീസല്‍ തട്ടിപ്പ് നടത്തിയത് സംബന്ധിച്ച് ധനകാര്യ അഡീ: ചീഫ് സെക്രട്ടറിക്ക് ജീവനക്കാരന് നല്കിയ പരാതിയെ തുടര്‍ന്ന് ജില്ല ധനകാര്യ ഇന്സ്പെക്ഷന് ഓഫീസര്‍ കെ. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള പാലക്കാട് മൊബൈല്‍ സ്പെഷ്യല്‍ സ്ക്വാഡാണ് പരിശോധന നടത്തിയത്. രാവിലെ തുടങ്ങിയ പരിശോധന വൈകിട്ട് നാലുവരെ നീണ്ടു.
വാഹനത്തിന്റെ ഡീസല്‍ ടാങ്കിന്റെ ശേഷി വര്‍ധിപ്പിച്ച് കാണിച്ച് ഇന്ധന തട്ടിപ്പ് നടത്തിയെന്ന് സ്ഥിരീകരിച്ചിട്ടും നടപടിയില്ലെന്ന് കാണിച്ച് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചശേഷം ധനകാര്യ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്നായിരിക്കും വകുപ്പിന് കൈമാറുക.
നിലയത്തിലെ ഫസ്റ്റ് മൊബൈല്‍ ടാങ്ക് യൂണിറ്റ് വാഹനത്തിന്റെ ഡീസല്‍ ടാങ്കിന് 185 ലിറ്ററാണ് ശേഷിയെന്നിരിക്കെ 220 ലിറ്റര്‍ ശേഷിയുണ്ടെന്ന് രേഖയില്‍ കാണിച്ചായിരുന്നു തട്ടിപ്പ്. ഓരോതവണയും ഡീസല്‍ അടിക്കുമ്പോള്‍ 35 ലിറ്ററിന്റെ അധിക തുക എഴുതിയെടുക്കുകയായിരുന്നു.
ജീവനക്കാരന്റെ പരാതിയില്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പരിശോധന നടത്തുകയും ഡീസല്‍ ടാങ്കിന് 220 ലിറ്റര്‍ ശേഷിയില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് തുടര്‍നടപടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ധനകാര്യ അഡീ. ചീഫ് സെക്രട്ടറി പരാതി അയച്ചത്. എന്നാല്‍ പരാതിക്കാരന് ഇപ്പോള്‍ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: