പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ നാവായി കേരളാ എന്‍ജിഒ സംഘ് മാറുന്നു. ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ അംഗബലത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഭരണാനുകൂല സംഘടനകള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്കും ആനൂകൂല്യങ്ങള്‍ക്കും വേണ്ടി നിശബ്ദത പാലിക്കുന്നു എന്ന ആക്ഷേപം ജീവനക്കാര്‍ക്കുണ്ട്. ഈഘട്ടത്തിലാണ് എന്‍ജിഒ സംഘിന്റെ പോരാട്ടം ജീവനക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. നേരത്തെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാലറിചലഞ്ച് ആവര്‍ത്തിക്കാതിരിക്കാന്‍ സുപ്രീംകോടതിയില്‍ വരെ നിയമപോരാട്ടം നടത്തിയതും അനുകൂലവിധി നേടിയതും എന്‍ജിഒ സംഘായിരുന്നു.
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത കുടിശ്ശിക നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍ജിഒ സംഘ് ഹൈക്കോടതിയെ സമീപിച്ചതാണ് ഇപ്പോള്‍ ജീവനക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന നടപടി. സംഘടന നല്‍കിയ കേസ് ഫയലില്‍ സ്വീകരിച്ച് സര്‍ക്കാരിന്റെ അഭിപ്രായം അറിയുന്നതിനായി കോടതി മാറ്റിവെച്ചു. ആഗസ്റ്റ് ഒന്നിന് വീണ്ടും ഹൈക്കോടതി കേസ് പരിഗണിക്കും.
പശ്ചിമബംഗാളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷാമബത്ത കുടിശിക ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ജീവനക്കാര്‍ക്ക് അനുകൂല വിധി ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച്‌ലക്ഷത്തിലേറെയുള്ള ജീവനക്കാരും പ്രതീക്ഷയിലാണ്.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ആനുപാതികമായി കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത പ്രഖ്യാപിക്കുന്നതിനോടൊപ്പം സംസ്ഥാനത്തും അനുവദിക്കുന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ 2021 ജനുവരി മുതല്‍ ലഭ്യമാകേണ്ട അഞ്ച് ഗഡു (15 ശതമാനം) ക്ഷാമബത്തയാണ് നിലവില്‍ കുടിശ്ശികയായിരിക്കുന്നത്. ഈ ജൂലൈ മാസത്തില്‍ അനുവദിക്കേണ്ട നാല് ശതമാനം കൂടി ചേര്‍ത്ത് ആകെ 19 ശതമാനം കുടിശ്ശികയാകും. മറ്റ് സംസ്ഥാനങ്ങളില്‍ കഴിഞ്ഞവര്‍ഷം വരെയുള്ള ക്ഷാമബത്ത കൊടുത്തുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.
കേരളത്തില്‍ മാത്രമാണ് ഏറ്റവും കൂടുതല്‍ കുടിശ്ശിക കൊടുക്കാനുള്ളത്. മുന്‍കാലങ്ങളില്‍ കുടിശ്ശിക തുക രൊക്കം പണമായി നല്‍കിയില്ലെങ്കിലും മുന്‍കാല പ്രാബല്യത്തോടെ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുമായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ലാത്തതിനാല്‍ പലിശ ഇനത്തില്‍ ലഭിക്കേണ്ട തുക ഉള്‍പ്പെടെ വലിയ സാമ്പത്തിക നഷ്ടം ജീവനക്കാര്‍ക്ക് ഉണ്ടാകുമെന്നും അവര്‍ ആശങ്കപ്പെടുന്നു.
നിലവില്‍ സംസ്ഥാനത്ത് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് മുഴുവന്‍ ക്ഷാമബത്തയും നല്‍കിയിട്ടുള്ളതെന്നും, ഒരു വിഭാഗം ജീവനക്കാര്‍ക്ക് മാത്രം ക്ഷാമബത്ത ലഭിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും എന്‍ജിഒ സംഘ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: