ന്യൂദല്‍ഹി: രാഷ്‌ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) ഈ വർഷത്തെ വാർഷിക പ്രാന്ത് പ്രചാരക് യോഗം ജൂലൈ 13 മുതല്‍ ഊട്ടിയിൽ തുടങ്ങും. ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് അധ്യക്ഷത വഹിക്കും.
സുരക്ഷ വര്‍ധിപ്പിച്ചു
മൂന്ന് ദിവസത്തെ ആര്‍എസ്എസ് സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന നഗരിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഏകദേശം 500ഓളം പൊലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഇതുവരെയുള്ള നേട്ടങ്ങള്‍, ഭാവി പ്രവര്‍ത്തനങ്ങള്‍, സംഘടനാ വിപുലീകരണ സാധ്യതകള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്യം.
ആര്‍എസ്എസിന്റെ വാർഷിക പ്രാന്ത് പ്രചാരക് യോഗത്തെക്കുറിച്ചുള്ള വാര്‍ത്താക്കുറിപ്പ് ട്വിറ്ററില്‍:
2025ൽ സംഘടനയുടെ നൂറാം വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായുള്ള പദ്ധതികളും സംഘടനവിപുലീകരണ സാധ്യതകളും യോഗം അവലോകനം ചെയ്യും.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വരാനിക്കെ, ന്യൂനപക്ഷങ്ങളോടുള്ള ആർഎസ്എസിന്റെ ഇടപടലും വാർഷിക യോഗത്തിൽ വിലയിരുത്തപ്പെടുമെന്ന് പറയുന്നു.
ജൂലൈ 13 മുതൽ 15 വരെ നടക്കുന്ന യോഗത്തിൽ രാജ്യത്തിന്റെ സാമൂഹ്യ, സാംസ്കാരിക പ്രശ്നങ്ങള്‍ ചര്‍ച്ചാവിഷയമാകും. ഇതോടൊപ്പം സംഘത്തിന്റെ വിവിധ ശാഖകളുടെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതികൾ, ആർഎസ്എസിന്റെ വ്യാപ്തി വർധിപ്പിക്കാനുള്ള സാധ്യതകള്‍, പ്രവർത്തനം കുറഞ്ഞതോ പരിമിതമായതോ ആയ പ്രദേശങ്ങളിൽ നിന്നും സ്വാധീനം വ്യാപിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ച ചെയ്യും.
ഈ വർഷം നടന്ന ആർഎസ്എസ് പരിശീലന ക്യാംപായ സംഘ് ശിക്ഷാ വർഗിനെക്കുറിച്ച് യോഗം ചർച്ച ചെയ്യും. കൂടാതെ, സംഘടനയുടെ വിപുലീകരണവും നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള കർമപദ്ധതികളുടെ പുരോഗതിയും വിലയിരുത്തും. അടുത്ത നാലഞ്ച് മാസത്തേക്കുള്ള സംഘടനാ പരിപാടികളും പ്രവർത്തനങ്ങളും സമകാലിക വിഷയങ്ങളും ചർച്ച ചെയ്യാനും യോഗം ലക്ഷ്യമിടുന്നതായി ആർഎസ്എസ് വക്താവും അഖില ഭാരതീയ പ്രചാർ പ്രമുഖുമായ സുനിൽ അംബേദ്കർ പറഞ്ഞു.
2024ലെ പൊതുതെരഞ്ഞെടുപ്പും ഏക സിവില്‍ കോഡും മണിപ്പൂര്‍ പ്രശ്നവും ജനസംഖ്യനിയന്ത്രണവും ചര്‍ച്ചാവിഷയമാകും
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യവ്യാപകമായി ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കാൻ ഒരുങ്ങുന്നതിനിടെയാണ് ആർഎസ്എസിന്റെ വാർഷിക സമ്മേളനം നടക്കുന്നത്. പതിറ്റാണ്ടുകളായി ഏക സിവില്‍ നിയമം കൊണ്ടുവരണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടിരുന്നു. ദേശീയ ജനസംഖ്യാനയം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും യോഗം ചര്‍ച്ച ചെയ്യും. ജനസംഖ്യാനിയന്ത്രണവും മതം അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സ്ഥിരതയും പ്രധാനപ്പെട്ട വിഷയമാണ്.
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായുള്ള നിർദേശങ്ങളും പ്രതികരണങ്ങളും നിയമ കമ്മീഷൻ തേടിക്കൊണ്ടിരിക്കുകയാണ്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ എന്നിവയ്‌ക്കായി രാജ്യത്തെ മുഴുവൻ വിഭാഗം ജനങ്ങൾക്കും ഒരു നിയമം എന്നതാണ് ഏക സിവിൽ കോഡ് കൊണ്ട് ലക്ഷ്യമിടുന്നത്. രാജ്യത്തെ പല വിഭാഗം ജനങ്ങൾക്കും പല നിയമങ്ങൾ നിലനിൽക്കുന്ന സ്ഥിതി വിശേഷം ഒഴിവാക്കുകയാണ് ലക്ഷ്യം.
മണിപ്പൂരില്‍ മെയ്തി വിഭാഗത്തെ പട്ടിക വർഗവിഭാഗത്തിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മണിപ്പൂരിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളും ആർഎസ്എസ് വാർഷിക സമ്മേളനത്തിൽ ചർച്ചയായേക്കും. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബിൾ, ജോയിന്‍റ് ജനറൽ സെക്രട്ടറിമാരായ കൃഷ്ണ ഗോപാൽ, മൻമോഹൻ വൈദ്യ, സിആർ മുകുന്ദ, അരുൺ കുമാർ, രാംദത്ത് എന്നിവരും വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: