ന്യൂദല്‍ഹി: സപ്തംബര്‍ മുപ്പതിനകം അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക്സ് വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് മണിപ്പൂര്‍, മിസോറം സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതറിയിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കയച്ച കത്ത് മണിപ്പൂരിലെ ബിജെപി എംഎല്‍എ രാജ്കുമാര് ഇമോ സിങ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവച്ചു.
മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിന് ദിവസങ്ങള്‍ മുമ്പാണ് അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് കുമാര്‍ ഭല്ല സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. ജൂണ്‍ 22ന് കത്തയച്ച് ഇത് ഓര്‍മപ്പെടുത്തുകയും ചെയ്തു. മണിപ്പൂര്‍ സര്‍ക്കാര്‍ ഈ വര്‍ഷമാദ്യം തന്നെ ഇതിനായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നതായി രാജ്കുമാര് ഇമോ സിങ് ട്വിറ്ററില്‍ കുറിച്ചു.
ഇതിന്റെ ഭാഗമായി 2,500 അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ നിഷ്കര്‍ഷിക്കുന്നതനുസരിച്ച് എല്ലാ ജില്ലകളിലും പോലീസ് സ്റ്റേഷന് തലം വരെ ഇതിനുള്ള ക്രമീകരണങ്ങളുണ്ടാക്കണം. ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള ഒരു ചുവടുവയ്പായി കണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021 മാര്‍ച്ച് മുപ്പതിന് പുറത്തിറക്കിയ സര്‍ക്കുലറില്‍ അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന് പ്രകാരമായിരിക്കണം നടപടികളെന്നും കേന്ദ്രം മണിപ്പൂര്‍, മിസോറം സര്‍ക്കാരുകള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.
മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് ആരോപിച്ചിരുന്നു. വിവിധ സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ് പത്ത് മ്യാന്മര് സ്വദേശികള്‍ മണിപ്പൂരില്‍ ചികിത്സയിലുണ്ട്. നിലവിലെ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് മൂന്ന് പേരെയും ജൂണില്‍ അഞ്ച് പേരെയുമാണ് വെടിയേറ്റ നിലയില്‍ ആശുപത്രികളിലെത്തിച്ചതെന്ന് ചുരാചന്ദ്പൂര്‍ പോലീസിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെല്ലാം മ്യാന്മറിലെ തമു സ്വദേശികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: