തിരുവനന്തപുരം: യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ചെക്ക്-ഇന്‍ ബാഗേജില്‍ നിരോധിത വസ്തുക്കള്‍ കൊണ്ടുപോകുന്നതു നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഊര്‍ജിതമാക്കുന്നു. ഇ-സിഗരറ്റുകള്‍, ലൈറ്ററുകള്‍, കീടനാശിനികള്‍ മുതല്‍ കൊപ്ര വരെയുള്ള നിരോധിത വസ്തുക്കള്‍ യാത്രക്കാരുടെ ചെക്ക്-ഇന്‍ ബാഗേജില്‍ നിന്ന് കണ്ടെത്തി നീക്കം ചെയ്യാറുണ്ട്. എയര്‍പോര്‍ട്ടിലെ ഇന്‍-ലൈന്‍ റിമോട്ട് ബാഗേജ് സ്ക്രീനിംഗ് സൗകര്യം, ബാഗേജിലെ അത്തരം നിയന്ത്രിത ഇനങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സുരക്ഷാ ജീവനക്കാരെ സഹായിക്കുന്നു. തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍, സുരക്ഷാ നിയന്ത്രിത ഇനങ്ങള്‍ ബാഗേജില്‍ നിന്ന് മാറ്റി നിലവിലുള്ള ചട്ടങ്ങള്‍ക്ക് അനുസൃതമായി ഒഴിവാക്കണം.
ഈ പ്രക്രിയ ബുദ്ധിമുട്ടുള്ളതും യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്നതും ചില സന്ദര്‍ഭങ്ങളില്‍, വിമാനം വൈകാന്‍ വരെ കാരണമാകുകയും ചെയ്യും. ഏപ്രില്‍ മാസത്തില്‍, അന്താരാഷ്ട്ര ടെര്‍മിനലില്‍ 1012 ബാഗുകളില്‍ നിരോധനമുള്ള ഉത്പന്നങ്ങള്‍ കണ്ടെത്തി. മേയില്‍ ഇത് 1201 ആയി ഉയര്‍ന്നു. ജൂണില്‍ 1135 ബാഗുകളില്‍ നിന്ന് നിരോധിത വസ്തുക്കള്‍ നീക്കം ചെയ്തു. പ്രതിദിനം ശരാശരി 30 ലധികം ബാഗുകളിലാണ് തുറന്നു പരിശോധന നടത്തേണ്ടി വരുന്നത്.
ബാറ്ററികളും പവര്‍ ബാങ്കുകളും ഉള്‍പ്പെടെയുള്ള ചില ഇനങ്ങള്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (BCAS) ക്യാബിന് ബാഗേജായി കൊണ്ടുപോകാന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇ-സിഗരറ്റുകള്‍ ഉള്‍പ്പെടെ ചുരുക്കം ചില വസ്തുക്കളെ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
വിമാനയാത്രയില്‍ പൂര്‍ണ്ണമായും നിരോധിക്കപ്പെട്ട ഇനങ്ങള്‍- ലൈറ്റര്‍, തീപ്പെട്ടി, കൊപ്ര, ഇ-സിഗരറ്റ്, കീടനാശിനി, കര്‍പ്പൂരം, സ്പ്രേ പെയിന്റ്, കുരുമുളക് സ്പ്രേ, ക്രാക്കര്‍, ജിപിഎസ് ട്രാക്കര്‍ തുടങ്ങിയവ.
ക്യാബിന് ബാഗേജില്‍ മാത്രം കൊണ്ടു പോകാവുന്നവ – ബാറ്ററി, പവര്‍ ബാങ്ക്, ലാപ്ടോപ്പ്- ക്യാമറ-മൊബൈല്‍ ബാറ്ററി, ഡ്രൈ ഐസ്, ഓക്സിജന്‍ സിലിണ്ടര്‍ (5 കിലോ വരെ)
ചെക്ക് ഇന്‍ ബാഗേജില്‍ മാത്രം കൊണ്ടു പോകാവുന്നവ – ആയോധന കല ആയുധങ്ങള്‍, സുഗന്ധവ്യഞ്ജന പൊടികള്‍, ഉപകരണങ്ങള്‍, കളിപ്പാട്ടം, മൂര്‍ച്ചയുള്ള ഇനങ്ങള്‍, കയറും ലഗേജ് ചെയിനുകളും, എണ്ണ (പരമാവധി 5 എല്‍), തെര്‍മോമീറ്റര്‍ (1 മാത്രം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: