ന്യൂദല്‍ഹി : ചില്ലറ വില വര്‍ധിക്കുന്നത് തടയാന്‍ പ്രധാന ഉപഭോഗ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് തക്കാളി ഉടന്‍ സംഭരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി. കഴിഞ്ഞ മാസം ചില്ലറ വില്പനയില് പരമാവധി വര്‍ധന രേഖപ്പെടുത്തിയ പ്രധാന ഉപഭോഗ കേന്ദ്രങ്ങളില്‍ ഒരേസമയം വിതരണം ചെയ്യുന്നതിനായി മൂന്ന് സംസ്ഥാനങ്ങളിലെ മണ്ടികളില്‍ നിന്ന് തക്കാളി ഉടന്‍ സംഭരിക്കാന്‍ ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷനോടും ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷനോടും ഉപഭോക്തൃകാര്യ വകുപ്പ് ആവശ്യപ്പെട്ടു.
ദല്‍ഹിയിലെ ഉപഭോക്താക്കള്‍ക്ക് ചില്ലറ വില്പന കേന്ദ്രങ്ങള്‍ വഴി തക്കാളി വെള്ളിയാഴ്ചയോടെ വിതരണം ചെയ്യും. നിലവിലെ വില അഖിലേന്ത്യാ ശരാശരിയേക്കാള്‍ കൂടുതലുള്ള കേന്ദ്രങ്ങളില്‍ കഴിഞ്ഞ ഒരു മാസമായി ചില്ലറ വില്‍പ്പന വിലയിലുണ്ടായ വര്‍ധനയുടെ അടിസ്ഥാനത്തിലാണ് വിതരണത്തിന് ലക്ഷ്യമിടുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തിയതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു. നടീല്‍, വിളവെടുപ്പ് സീസണുകളുടെ ക്രമം, വിവിധ പ്രദേശങ്ങളിലെ വ്യത്യാസം എന്നിവയാണ് തക്കാളിയുടെ കാലാനുസൃതമായ വിലയ്ക്ക് പ്രാഥമികമായി ഉത്തരവാദികളെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. പ്രതികൂല കാലാവസ്ഥയും മറ്റ് ഘടകങ്ങളും മൂലമുള്ള താല്‍ക്കാലിക വിതരണ ശൃംഖലയിലെ തടസങ്ങളും വിളനാശവും പലപ്പോഴും പെട്ടെന്നുള്ള വിലക്കയറ്റത്തിലേക്ക് നയിക്കുന്നു.
നിലവില്‍, ഗുജറാത്ത്, മധ്യപ്രദേശ്, മറ്റ് ചില സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വിപണികളിലേക്ക് വരുന്ന സാധനങ്ങള്‍ കൂടുതലും മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ്. പ്രത്യേകിച്ച് സത്താറ, നാരായണന്‍ഗാവ്, നാസിക്ക് എന്നിവിടങ്ങളില്‍ നിന്ന്. ഇത് ഈ മാസം അവസാനം വരെ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിലും മിതമായ തോതില്‍ തക്കാളി വരവ് തുടരുന്നു. ദല്‍ഹിയില്‍ തക്കാളി എത്തുന്നത് പ്രധാനമായും ഹിമാചല്‍ പ്രദേശില്‍ നിന്നാണ്. കുറച്ച് അളവ് കര്‍ണാടകയിലെ കോലാറില്‍ നിന്നുമെത്തുന്നുണ്ട്. നാസിക് ജില്ലയില്‍ നിന്ന് പുതിയ വിള വരവ് ഉടന്‍ പ്രതീക്ഷിക്കുന്നതായി മന്ത്രാലയം അറിയിച്ചു. അടുത്ത മാസം നാരായണ്‍ഗാവ്, ഔറംഗബാദ് മേഖലയില്‍ നിന്ന് അധിക വിതരണം പ്രതീക്ഷിക്കുന്നു. മധ്യപ്രദേശിലെ നിന്നുളള ഉടന്‍ വരവ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനനുസരിച്ച് സമീപഭാവിയില്‍ തക്കാളിയുടെ വില കുറയുമെന്നും പ്രതീക്ഷിക്കുന്നതായാണ് ഉപഭോക്തൃ വകുപ്പ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: