കൊച്ചി : സമയത്ത് പണം നല്കാത്തതിനാല് എറണാകുളം വടക്കന്‍ പറവൂരില്‍ ആംബുലന്‍സ് സേവനം കിട്ടിയില്ലെന്ന ആരോപണം നിഷേധിച്ച് ആംബുലന്‍സ് ഡ്രൈവര്‍. മരിച്ച വടക്കന്‍ പറവൂര്‍ സ്വദേശി അസ്മയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടത് പ്രകാരം കാത്തു നിന്നതാണ്. അതിനാലാണ് ആംബുലന്‍സ് എടുക്കാന്‍ വൈകിയതെന്ന് ഡ്രൈവര്‍ ആന്റണി പ്രതികരിച്ചു.
പണം സമയത്ത് നല്‍കാത്തതിനെ തുടര്‍ന്ന് ആംബുലന്‍സ് സേവനം കൃത്യ സമയത്ത് ലഭിച്ചില്ല. അതിനാല്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചത് വിവാദമായ സാഹചര്യത്തിലാണ് ഡ്രൈവറുടെ ഈ പ്രതികരണം. കടുത്ത പനി ബാധിച്ച് ചൊവ്വാഴ്ച രാവിലെയാണ് അസ്മയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതോടെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
തുടര്‍ന്ന് കെഎല്‍ 01 ബിഎ 5584 നമ്പര്‍ ആംബുലന്‍സില്‍ രോഗിയെ കയറ്റിയ ശേഷം ഡ്രൈവര്‍ കൈയ്യില്‍ എത്ര പണമുണ്ടെന്ന് ചോദിച്ചു. 700 രൂപയാണ് ഉണ്ടായിരുന്നത്. 900 രൂപ വേണമെന്നും അതില്ലാതെ മുന്നോട്ട് പോകില്ലെന്നും ഡ്രൈവര്‍ അറിയിക്കുകയായിരുന്നു. പണം എത്തിക്കാമെന്ന് പറഞ്ഞെങ്കിലും ഡ്രൈവര്‍ തയ്യാറായില്ല. പിന്നീട് പണവുമായി ആള് എത്തിയ ശേഷമാണ് ആംബുലന്‍സ് പുറപ്പെട്ടത്. ഈസമയത്ത് അസ്മയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി. പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയതിന് പിന്നാലെ രോഗി മരിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.
അതേസമയം ആംബുലന്‍സ് വൈകിയെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്കി. സംഭത്തില്‍ അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്കാന് മന്ത്രി ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: