തിരുവനന്തപുരം: നാരായണ ഗുരുദേവനെയും രാജാറാം മോഹന്‍ റായിയെപ്പോലെയുമുള്ള നവോത്ഥാനനായകരുടെ അഭാവമാണ് ഇന്ത്യന്‍ മുസ്ലീം നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ബിജെപി ദേശീയ വൈസ്പ്രസിഡന്റും ഹജ്ജ്കമ്മിറ്റി ചെയര്‍മാനുമായ എ.പി. അബ്ദുള്ളക്കുട്ടി. ഹിന്ദുധര്‍മ്മസഭ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ‘ഏക സിവില്‍ കോഡ് എന്ത്? എന്തിന്?’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനയില്‍ പൊതു സിവില്‍ നിയമത്തിന്റെ ആവശ്യകത വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി മൂന്നുതവണയും വിവിധ ഹൈക്കോടതികള്‍ പത്തുതവണയും പൊതു സിവില്‍ നിയമം നടപ്പാക്കാത്തതില്‍ ശക്തമായ വിമര്‍ശനം നടത്തിയിട്ടുണ്ട്. ജസ്റ്റിസ് ഫാത്തിമാബീവി ഉള്‍പ്പെടെ നിയമരംഗത്തെ പല പ്രമുഖരും രാഷ്‌ട്രീയരംഗത്ത് ഇഎംഎസ് മുതല്‍ ആരിഫ് മുഹമ്മദ് ഖാന്‍ വരെയുള്ളവരും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഭോപ്പാലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പൊതു സിവില്‍ നിയമത്തെക്കുറിച്ച് പറഞ്ഞതോടെ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎം ഇപ്പോള്‍ മുസ്ലീംലീഗിനെ കൂട്ടുപിടിക്കുകയാണ്. പണ്ട് എം.വി. രാഘവന്‍ മുസ്ലീംലീഗുമായി ചേരുന്നതിനെക്കുറിച്ചു പറഞ്ഞപ്പോള്‍ അതിനെ താത്വികമായി ന്യായീകരിച്ച ആളാണ് ഇന്നത്തെ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവന്ദന്‍. അതിന് അദ്ദേഹത്തെ പിണറായി വിജയന്‍ മൊറാഴ ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തിയിരുന്നു. ഇന്ന് ലീഗിനെ കൂടെക്കൂട്ടി പിണറായി വിജയനോട് പ്രതികാരം ചെയ്യുകയാണ് എം.വി. ഗോവിന്ദന്‍. പിണറായിവിജയനാകട്ടെ മരുമകന് മുഖ്യമന്ത്രിസ്ഥാനം കിട്ടാന്‍ വേണ്ടി മുസ്ലീം വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ്. 1985 ല്‍ ഏകസിവില്‍കോഡിനെതിരെ സമരം നടത്തിയ ലീഗ് ‘രണ്ടുംകെട്ടും നാലുംകെട്ടും ഇഎംഎസിന്റെ ഓളേം കെട്ടും’ എന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. സിപിഎം ലീഗിനോട് കൂട്ടുകൂടുന്നത് മറ്റാര് ക്ഷമിച്ചാലും ഇഎംഎസിന്റെ ഭാര്യ ആര്യാ അന്തര്‍ജ്ജനം ക്ഷമിക്കില്ല.
വിവിധ ഇസ്ലാമിക രാജ്യങ്ങളില്‍ വ്യക്തിനിയമം വിവിധ രീതികളിലാണ് നടപ്പാക്കുന്നത്. ഇതൊന്നും ഖുറാന്റെ അടിസ്ഥാനത്തിലല്ല. മുഹമ്മദ് നബിക്ക് മുഹമ്മദ് സെയ്ദ് എന്ന പേരില്‍ ഒരു ദത്തുപുത്രനുണ്ടായിരുന്നു. മൊറോക്കോയില്‍ സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെ മൊഴി നല്‍കാം. പാകിസ്ഥാനില്‍ സ്ത്രീകള്‍ക്ക് നേരിട്ട് വിവാഹം കഴിക്കാം. രണ്ടുസാക്ഷികള്‍ വേണമെന്നേയുള്ളു. ഇത്തരത്തില്‍ സൗകര്യംപോലെ ഖുറാനെ ഓരോരുത്തരും വ്യാഖ്യാനിക്കുകയാണെന്നും 70 ശതമാനം ഖദീസുകളും ഖുറാന് എതിരാണെന്ന് സൗദിരാജകുമാരന്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസും സിപിഎമ്മും ലീഗും ഒരുമിച്ച് നില്‍ക്കുമ്പോഴെല്ലാം ഭാരതത്തില്‍ വിഭജനം അല്ലെങ്കില്‍ കലാപം ഉണ്ടാകാറുണ്ടെന്ന് കുരുക്ഷേത്ര ചീഫ് എഡിറ്റര്‍ കാ.ഭാ.സുരേന്ദ്രന്‍ പറഞ്ഞു. രാജ്യവിഭജനത്തിനുവേണ്ടി 1940 ല്‍ ലീഗും 42 ല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും 47 ല്‍ കോണ്‍ഗ്രസും രാജ്യവിഭജനത്തിനുവേണ്ടി പ്രമേയം പാസാക്കി. തുടര്‍ന്ന് ഹിന്ദിക്കെതിരെ, മതംമാറ്റത്തിനുവേണ്ടി, ഷാബാനുകേസില്‍, അയോധ്യതര്‍ക്കത്തില്‍, പൗരത്വനിയമത്തിനെതിരെ എന്നുവേണ്ട കലാപത്തിനുള്ള അവസരങ്ങളിലെല്ലാം ഇവര്‍ ഒത്തുകൂടുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ശാസ്തമംഗലം അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. യുക്തികൊണ്ട് ചിന്തിക്കുന്നവര്‍ക്ക് അത്യാവശ്യമായ ഒന്നാണ് ഏക സിവില്‍ കോഡ് എന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ ജി.കെ. സുരേഷ്ബാബു, എ.കെ.എന്‍. അരുണ്‍, ഷാജു വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: