കൊച്ചി: രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍, പാലം നിര്‍മിച്ച ആര്‍ഡിഎസ് പ്രോജക്ട് കമ്പനിയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍പെടുത്തി. കമ്പനിയുടെ എ ക്ലാസ് ലൈസന്‍സ് റദ്ദാക്കി. വൈറ്റില പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയറുടേതാണ് നടപടി. അഞ്ച് വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതില്‍നിന്ന് കമ്പനിയെ വിലക്കിയിട്ടുമുണ്ട്.
മേല്‍പ്പാലം നിര്‍മാണത്തിലെ അപാകത പരിഹരിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡിഎംആര്‍സിയുടെ സേവനം ഉപയോഗിച്ചാണ് തകരാറിലായ പാലാരിവട്ടം മേല്‍പ്പാലം ഗതാഗത യോഗ്യമാക്കിയത്. മെട്രോമാന് ഇ. ശ്രീധരന്റെ മേല്‍നോട്ടത്തിലായിരുന്നു അറ്റകുറ്റപ്പണികള്‍. ഇത് സംസ്ഥാന സര്‍ക്കാരിന് കോടികളുടെ അധിക ബാധ്യത ഉണ്ടാക്കിയിരുന്നു. കരാര്‍ ലംഘനവും പദ്ധതിയില്‍ നടന്നുവെന്ന് കമ്പനിക്കെതിരായ ഉത്തരവില്‍ വ്യക്തമാക്കുന്നു.
2014 ലാണ് പാലാരിവട്ടത്ത് 41.27 കോടി രൂപയ്ക്ക് മേല്‍പ്പാലം നിര്‍മാണം തുടങ്ങിയത്. 2016 ഒക്ടോബര്‍ 12ന് പാലം തുറന്നുകൊടുത്തു. നിര്‍മാണത്തില്‍ പ്രശ്നം ഉണ്ടായാല്‍ മൂന്ന് വര്‍ഷം കമ്പനിയുടെ ഉത്തരവാദിത്തത്തില്‍ തകരാര്‍ പരിഹരിക്കണമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. 2019ല്‍ പാലത്തില്‍ ഗുരുതരമായ തകരാര്‍ കണ്ടെത്തി. ഇത് പരിഹരിക്കാന്‍ കമ്പനിക്കു കഴിഞ്ഞില്ല. തുടര്‍ന്ന് ഡിഎംആര്‍സി ആണ് പാലം പുനര്‍നിര്‍മിച്ച് ഗതാഗത യോഗ്യമാക്കിയത്. അഴിമതിയില്‍ കരാര്‍ കമ്പനിക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് എടുത്ത് അന്വേഷണം നടന്നു. മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അടക്കമുള്ളവര്‍ പ്രതികളായി. അന്വേഷണം പൂര്‍ത്തിയാക്കി വര്‍ഷങ്ങളായിട്ടും കുറ്റപത്രം ഇതുവരെ കോടതിയിലെത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: