കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ അത്യാവശ്യമായി നടപ്പിലാക്കേണ്ട കാര്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റിയും ക്ഷേത്രരക്ഷാവേദിയും ദേവസ്വം ബോര്‍ഡിന് നിവേദനം നല്കി.
പോസ്റ്റോഫീസ് മുതല്‍ ആനപ്പന്തല്‍ വരെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള ടാര്‍ ചെയ്ത വഴി നാളുകളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഇത് ഉടനെ റീടാര്‍ ചെയ്യണമെന്ന് ഐക്യവേദി ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ വടക്കെ മൈതാനിയിലും തെക്കെ മൈതാനിയിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കണം. ക്ഷേത്രം വക കംഫര്‍ട്ട് സ്റ്റേഷനും ചെരുപ്പു കൗണ്ടറും ഭക്തജനങ്ങള്‍ക്ക് സൗജന്യമാക്കണം. ക്ഷേത്രഭൂമിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം. ക്ഷേത്രഭൂമിയിലെ കുണ്ടും കുഴിയും നികത്തി വൃത്തിയായി സൂക്ഷിക്കണം. ക്ഷേത്രത്തിന്റെ പുറത്തെ ചുറ്റുമതിലില്‍ പോസ്റ്റര്‍ പതിച്ച് വികൃതമാക്കുന്നത് തടയണം.
2021 സപ്തംബര്‍ 12 ന് മുസിരിസ് പദ്ധതിയില്‍ ആരംഭിച്ച കെട്ടിടം പണി ആറുമാസം കൊണ്ട് തീര്ക്കാവുന്നതായിട്ടും നാളിതുവരെ എങ്ങുമെത്തിയിട്ടില്ല. പണിത അത്രയും ഭാഗം മഴയും വെയിലുംകൊണ്ട് നശിക്കുകയാണ്. ക്ഷേതത്തിനോടുള്ള മുസിരിസിന്റെ അവഗണനക്ക് ദേവസ്വം മറുപടി പറയണം. ക്ഷേത്രത്തിന്റെ വടക്കെ നടയിലെ വലിയ നടപ്പന്തല്‍ പൊട്ടിപ്പൊളിഞ്ഞ് ചോര്‍ന്നൊലിക്കുകയാണ്. നടപ്പന്തലിന്റെ കേടുപാടുകള്‍ ഉടനെ തീര്‍ക്കണം. ദേവസ്വം കടമുറികള്‍ കൈമാറി ലക്ഷങ്ങള്‍ തട്ടുന്നവര്‍ക്കെതിരെ നടപടി വേണം. വാടകക്കെടുത്തവര്‍ തന്നെ കച്ചവടം നടത്തണം എന്നത് നിര്‍ബന്ധമാക്കണം. ക്ഷേത്രത്തിനു നേരെ നടക്കുന്ന ആക്രമണങ്ങള്‍ കണക്കിലെടുത്ത് ആയുധധാരികളായ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിക്കണം.
മണ്ഡലം, മകരവിളക്ക് താലപ്പൊലി, ഭരണി എന്നീ സന്ദര്‍ഭങ്ങളില്‍ ജനങ്ങളുടെ അവശ്യങ്ങള്‍ നിറവേറ്റുന്നതിന് പുറത്തെ ചുറ്റുമതിലിനുള്ളിലുള്ള ഭൂമി മതിയാവാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് ക്ഷേത്രസങ്കേതത്തിന്റ തല്‍സ്ഥിതി നിലനിര്‍ത്തണം എന്നീ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് ദാസ് മുളങ്ങില്‍, ജില്ലാ സെക്രട്ടറി പി. രാജേഷ്, ക്ഷേത്രരക്ഷാവേദി കണ്‍വീനര്‍ സി.എം. ശശീന്ദ്രന് എന്നിവര്‍ നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: