യാതൊന്നിനെയാണോ തത്ത്വജ്ഞാനികള്‍ മായ എന്നു പറയുകയും, അതില്‍ നിന്നു രക്ഷപെടണമെന്നു താക്കീതു നല്‍കുകയും ചെയ്തുകൊണ്ടിരുന്നത്, അത് ചുറ്റിത്തിരിക്കുന്ന ഈ വഴികളിലൂടെയുള്ള കറക്കമാണ്. ഭോഷത്തം ഉപേക്ഷിക്കുവാനും ബുദ്ധിയെ അവലംബിക്കുവാനുമുള്ള വിവേകം ഉദിക്കുകയും ഉയരുകയും ചെയ്യാത്തത് ദുര്‍ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍? ദേവദുര്‍ലഭമായ മനുഷ്യജന്മം ദുഃഖപൂര്‍ണ്ണമായ വിനാശമായി ഭവിക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്.
പഠിപ്പുള്ളവരും ഇല്ലാത്തവരും, ബുദ്ധിമാന്മാരും ഭോഷന്മാരും എല്ലാവരും, മമ്പേ പോകുന്നതിനെ അന്ധമായി അനുഗമിക്കുന്ന ആട്ടിന്‍പറ്റങ്ങളെപ്പോലെ പിന്നാലെ ചേര്‍ന്നു നടന്നു ആഴമുള്ള കുഴിയില്‍ വീഴുകയും അപകടം പറ്റി കരഞ്ഞു വിലപിച്ചു മരിക്കുകയും ചെയ്യുന്നു എന്നതാണ് ആശ്ചര്യം.
ഇനി വരൂ, അല്പം വിവേകം അവലംബിക്കൂ, വിവേകമതികളെപ്പോലെ ചിന്തിച്ചു തുടങ്ങൂ. സ്വയം ഉയരുക, അന്യരെ സമുന്നതാരാക്കുക എന്നീ രണ്ടു പ്രയോജനങ്ങള്‍ക്കായി ഈശ്വരന്‍ നല്‍കിയിരിക്കുന്ന അതി വിലപ്പെട്ട ഈ മനുഷ്യജന്മം സഫലമാക്കാന്‍ വേണ്ടി സ്വന്തം പദ്ധതി തയ്യാറാക്കുകയും സ്വന്തം ലോകം സ്ഥാപിക്കുകയും വേണം. ചിലന്തി തനിക്കുവേണ്ടി സ്വയം വല നെയ്യുന്നു. ചിലപ്പോള്‍ ഇതൊരു ബന്ധനമായി തോന്നി കരഞ്ഞു വിലപിക്കാറുമുണ്ട്; എന്നാല്‍ യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെടുന്ന ഉടന്‍ വല മുഴുവന്‍ വലിച്ചെടുത്ത് ഉണ്ടയാക്കി വിഴുങ്ങുന്നു. അപ്പോള്‍ സകലബന്ധനങ്ങളും അറ്റുപോയതായും ഏതു സ്ഥിതിയില്‍ അനേകം കഷ്ടപ്പാടുകളും യാതനകളും സഹിക്കേണ്ടി വന്നിരുന്നുവോ, അവയെല്ലാം എക്കാലത്തേക്കുമായി സമാപിച്ചതായുമുള്ള അനുഭൂതി ഉളവാകുന്നു.
ശരിക്കും ഇതിനോടു സാദൃശ്യമുള്ള മറ്റൊരു തഥ്യമാണ് മനുഷ്യന്‍ തനിക്കുവേണ്ടി തന്റെ രീതിയിലുള്ള ലോകം തന്റെ കൈകള്‍ കൊണ്ടു നിര്‍മ്മിക്കുന്നു എന്നത്. അങ്ങനെ തീര്‍ത്ത കൂടിനുള്ളില്‍ തന്റെ ജീവിതം ചെലവഴിക്കുന്നു. ഇതില്‍ മറ്റാരും ഇടപെടുന്നില്ല. ലേകത്തിലെ പ്രയാസങ്ങളും സൗകര്യങ്ങളും വെയിലും നിഴലും പോലെ വന്നും പോയും കഴിയുന്നു. ഇവയില്‍ അധികം ശ്രദ്ധിക്കാതെ തനിക്ക് അഭീഷ്ടമായ മാര്‍ഗ്ഗത്തിലൂടെ ഏതൊരു പഥികനും നിരന്തരം സഞ്ചരിക്കാനാവും. ദൃഢമായി മമ്പോട്ടു നീങ്ങുന്നവന്റെ കാലുകളില്‍ വിലങ്ങു വെയ്‌ക്കാനുള്ള ധൈര്യം ആര്‍ക്കുമില്ല. പ്രതികൂല സാഹചര്യങ്ങളുടെ മറ തട്ടി മാറ്റി തനിക്കു അഭീഷ്ടമെന്നു തോന്നിയ കാര്യം സാധിച്ചു എന്നതാണ് നന്മയുടെ ആയാലും തിന്മയുടെ ആയാലും മാര്‍ഗ്ഗത്തില്‍ അസാമാന്യ വിജയം നേടിയ ഓരോ വ്യക്തിയുടെയും കഥ. മനുഷ്യന്റെ ദൃഢനിശ്ചയപൂര്‍ണ്ണമായ സാഹസത്തിനു മുമ്പില്‍ യാതൊരു തടസ്സത്തിനും നില നില്ക്കാന്‍ കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല. അപ്രകാരമുള്ള ധാതു കൊണ്ടാണ് മനുഷ്യന്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. *മനുഷ്യന്‍ സ്വയം തന്റെ ഭാഗ്യനിര്‍മ്മാതാവാണ്* എന്നത് തീര്‍ത്തും പരമാര്‍ത്ഥ വചനമാണ്. അവന്‍ സ്വന്തം കൈകൊണ്ട് കുഴി ഉണ്ടാക്കി അതില്‍ വീഴുന്നു. അവന്‍ ഉദ്ദശിച്ചാല്‍ നിരപ്പായ പടികളുള്ള ഗോപുരങ്ങള്‍ തീര്‍ക്കാനും കഴിയും.
തങ്ങള്‍ അവശരും, ദയനീയരും, അസമര്‍ത്ഥരും, ഭാഗ്യഹീനരും ആണെന്ന ധാരണയില്‍ കഴിയുന്നവര്‍ക്ക് ദുരൂഹമായ പരിതഃസ്ഥിതിയില്‍ തങ്ങളെ വരിഞ്ഞു മുറുക്കിയിരിക്കുകയാണെന്നു അനുഭവപ്പെടുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഉയരാനും ഔന്നത്യത്തിലെത്താനും കഴിവുണ്ടെന്നു വിശ്വസിക്കുന്നവര്‍ക്ക് പ്രാതികൂല്യങ്ങളെ ആനുകൂല്യങ്ങളാക്കി മാറ്റാനും കഴിയുന്നു. ഉയരാന്‍ സഹായിച്ചതിനുള്ള ബഹുമതി ആര്‍ക്കു വേണമെങ്കിലും നല്‍കിക്കൊള്ളൂ, പക്ഷേ ഉയര്‍ത്താനും താഴ്‌ത്താനും സ്വന്തം വ്യക്തിത്വവും പ്രവൃത്തിയുമാണ് ഉത്തരവാദി എന്ന വിശ്വാസമാണ് ഏറ്റവും കൂടുതല്‍ ശരി എന്നതാണ് വാസ്തവം.
ദയനീയാവസ്ഥയില്‍ കഴിയുന്നവരുടെ ഗതിയില്‍ കേവലം കണ്ണുനീര്‍ പൊഴിക്കുന്നത് ശരിയല്ല. അവരെ സഹായിക്കേണ്ടതും മാനവ കര്‍ത്തവ്യമാണ്. എന്നാല്‍ എപ്പോള്‍വരെ അസഹായരെന്നു പറയപ്പെടുന്നവരുടെ മനോബലം ഉയര്‍ത്തുകയും അവരില്‍ പ്രയത്‌നിച്ചു മുമ്പോട്ട് പോകാനുള്ള ദൃഢ സങ്കല്പം ഉണര്‍ത്തുകയും ചെയ്യാതിരിക്കുന്നുവോ, അതുവരെ ഉപരിപ്ലവമായ സഹായം സ്ഥായി ആയ പരിണാമമൊന്നും സൃഷ്ടിക്കുകയില്ലെന്ന കാര്യം വിസ്മരിക്കരുത്. ഉല്‍ക്കടമായ അഭിലാഷത്തിന്റെ ആകര്‍ഷണം വളരെ ശക്തിയാര്‍ന്നതാണ്. അതിന്റെ സഹായത്താല്‍ തീര്‍ച്ചയായും പരോഗമനത്തിനുള്ള മാര്‍ഗ്ഗം തെളിയും. ‘ തന്നെ സ്വയം സഹായിക്കുന്നവരെ മാത്രമേ ഈശ്വരന്‍ സഹായിക്കുകയുള്ളൂ’ എന്ന വചനവും ഓര്‍മ്മയിലിരിക്കണം. പ്രകൃതിയും ദുര്‍ബലന്‍മാരെ സ്വയം മരിക്കാന്‍ ഉപേക്ഷാപൂര്‍വ്വം വിട്ടുകളയുന്നതായിട്ടാണ് കണ്ടു വരുന്നത്. ശാസ്ത്രകര്‍ത്താക്കളും മഹാന്മാരും ഇക്കാര്യം അടിക്കടി പ്രതിപാദിച്ചിട്ടുണ്ട്.
വേദാന്തശാസ്ത്രത്തില്‍ മഹത്വമേറിയ നാല് സൂത്രങ്ങളുണ്ട്.
(1)തത്വമസി.
(2)അയമാത്മാ ബ്രഹ്മഃ
(3)പ്രജ്ഞാനം ബ്രഹ്മഃ
(4)സോളഹം.
ഇവ നാലിന്റെയും ഒരേ അര്‍ത്ഥം ‘പരിശുദ്ധമായ ജീവാത്മാവു തന്നെയാണ് പരബ്രഹ്മം’ എന്നാണ്. വൈരക്കല്ല് മറ്റൊന്നുമല്ല, കല്‍ക്കരിയുടെ പരിഷ്‌കൃതമായ സ്വരൂപമാണ്. ബാഷ്പീകരിച്ചവെള്ളം തന്നെയാണ് സ്വേദിതജലം. ഇതിന്റെ ശുദ്ധതയിലുള്ള വിശ്വാസം മൂലമാണ് ഇഞ്ചക്ഷനെപ്പോലുള്ള അപകടം സംഭവിക്കാവുന്ന കാര്യത്തിനുപയോഗിക്കുന്നത്. മനുഷ്യന്‍ മറ്റൊന്നുമല്ല, അലഞ്ഞു നടക്കുന്ന ദേവതയാണ്. അവന്‍ തന്റെമേല്‍ പറ്റിപിടിച്ചിരിക്കുന്ന ചെളിയുടെ ആവരണത്തെയും, പരിഭ്രാന്തിയെയും, കഷായകല്‍മഷങ്ങളെയും നീക്കി കളയുകയാണെങ്കില്‍ അവന്റെ മനോമുഗ്‌ദ്ധമായ, അനുപമമായ സൗന്ദര്യം കാണേണ്ടതുതന്നെയാണ്. ഗാന്ധിജിയുടെയും അഷ്ടാവക്രന്റെയും ബാഹ്യവൈരൂപ്യം അവരുടെ ആകര്‍ഷണീയതയിലും, പ്രതിഭയിലും, വിശ്വസനീയതയിലും, സ്വാധീനശക്തിയിലും, അന്തസ്സിലും അല്പംപോലും കുറവു വരുത്തിയില്ല. മനുഷ്യന്റെ അന്തഃകരണത്തിന്റെ സൗന്ദര്യം പ്രകടമാകുമ്പോള്‍ ബാഹ്യസൗന്ദര്യത്തിന്റെ കുറവിനും ഒരു പ്രാധാന്യവും ഇല്ലാതാകുന്നു.
ഗീതാകര്‍ത്താവ് അനേകം ഇടങ്ങളില്‍ ഈ വസ്തുത സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദഹം പറയുന്നുണ്ട് ‘മനുഷ്യന്‍ സ്വയം തന്റെ ശത്രുവും തന്റെ മിത്രവുമാണ്’, ‘ മനസ്സു തന്നെയാണ് ബന്ധനം, അതു തന്നെയാണ് മോക്ഷത്തിനുള്ള ഒരേ ഒരു കാരണവും’, ‘തന്നെ സ്വയം ഉയര്‍ത്തുക, വീഴ്‌ത്തരുത്’ ഈ അഭിവചനങ്ങളില്‍ ആലങ്കാരികമായി ഒന്നുമില്ല. ഈ പ്രതിപാദ്യങ്ങളില്‍ ആദിമുതല്‍ അന്ത്യംവരെ സത്യം മാത്രമാണ് നിറഞ്ഞു കിടക്കുന്നത്. ഒരു മഹാത്മാവ് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് ‘മനുഷ്യന്റെ ഒരു പിടിയില്‍ (മുഷ്ടിയില്‍) സ്വര്‍ഗ്ഗവും മറ്റേതില്‍ നരകവുമാണ് ഉള്ളത്. ഇവയില്‍ വച്ച് തനിക്ക് ഇഷ്ടമുള്ളതു തുറന്നെടുക്കാന്‍ അവനു പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ട്’.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: