കര്‍ണ്ണാടകത്തില്‍ പൂജ്യനീയനായ ജൈനസന്യാസി മുനി കംകുമാര്‍ നന്ദി മഹാരാജിനെ കൊലപ്പെടുത്തിയവരുടെ പേരുകള്‍ ഇതുവരെയും കര്‍ണ്ണാടക സര്‍ക്കാര്‍ പുറത്തുവിടാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. തുടക്കം മുതലേ സാമ്പത്തിക ഇടപാടുകള്‍ മൂലമുള്ള പ്രശ്നമാണ് സ്വാമിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണ് കര്‍ണ്ണാടകത്തിലെ പൊലീസെന്നും പ്രഹ്ലാദ് ജോഷി കുറ്റപ്പെടുത്തി. ജൈനസന്യാസിയുടെ മൃഗീയമായ കൊലപാതകത്തിന് പിന്നില്‍ ജിഹാദ് ശക്തികളാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആരോപിച്ചിരുന്നു.
കൊലപാതകികളെ കര്‍ണ്ണാടക സര്‍ക്കാര്‍ സംരക്ഷിയ്ക്കുകയാണ്. കര്‍ണ്ണാടക സര്‍ക്കാരിന്റെ ന്യൂനപക്ഷപീഡനത്തിന്റെ ഫലമായാണ് ഇത് സംഭവിച്ചത്. കൊലപാതകികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കണം. – പ്രഹ്ലാദ് ജോഷി പറഞ്ഞു.
കൊലപാതകത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂലായ് അഞ്ച് മുതല്‍ സ്വാമിയെ കാണാതായിരുന്നു. പിന്നീട് ആശ്രമത്തിലെ സഹപ്രവര്ത്തകന് പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് അന്വേഷണം ഉണ്ടായത്. കൊല ചെയ്ത ശേഷം സ്വാമിയുടെ മൃതശരീരം പല കഷണങ്ങളായി മുറിച്ച ശേഷം അക്രമികള്‍ ഒരു ഉപയോഗശൂന്യമായ കുഴല്‍ക്കിണറില്‍ തള്ളുകയായിരുന്നു. ബെല്‍ഗാവിയിലെ ചിക്കൊഡിയിലുള്ള കുഴല്‍ക്കിണറ്റില്‍ നിന്നും വെള്ളം വറ്റിച്ച ശേഷമാണ് മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെടുത്തത്.
കര്‍ണ്ണാടകസര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ഹിന്ദു വിരുദ്ധതയും സംസ്ഥാനത്ത് അക്രമികള്‍ക്ക് ഊര്‍ജ്ജം പകരുന്നുണ്ട്. മുന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തനനിരോധന ബില്ലും പശുഹത്യ നിരോധിച്ച തീരുമാനവും അധികാരത്തില്‍ എത്തിയ ഉടന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിച്ചത് സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിന്റെ തെളിവാണ്.
ഈ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നാണ് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി പരമേശ്വര നിയമസഭയില്‍ പ്രസ്താവിച്ചത്. എന്നാല്‍ ഈ നിലാപട് കുറ്റവാളികളെ പുറത്തുകൊണ്ടുവരാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി ആരോപിക്കുന്നു. ഇതിനിടെ ജൈന മതത്തില്‍പ്പെട്ടവര്‍ സന്യാസിയെ കൊന്ന കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: