രാഹുല്‍ രാജ്
തിരുവനന്തപുരം: വാഹനഉടമകളില്‍ നിന്നും വാണിജ്യവ്യാപാര സ്ഥാപനങ്ങളില്‍ നിന്നും കോടികള്‍ സര്‍ക്കാരിന് വരുമാനം ലഭിക്കുമ്പോഴും വാഹനഉടമകളെയും ചെറുകിട വാണിജ്യവ്യാപാരസ്ഥാപനങ്ങളെയും ദ്രോഹിച്ച് പോലീസ്. തലസ്ഥാനനഗരത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം നോപാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ച് പൊതു ജനത്തെ വട്ടം ചുറ്റിക്കുകയാണ് പിണറായി പോലീസ്. ഖജനാവ് കാലിയായപ്പോള്‍ പോലീസിനെ കൊണ്ട് പിഴയിനത്തില്‍ പിടിച്ചുപറി നടത്താനായി നഗരത്തില്‍ നിലവിലുണ്ടായിരുന്ന പാര്‍ക്കിങ് സ്ഥലങ്ങള്‍ കൂടി കെട്ടിയടച്ചാണ് പോലീസിന്റെ തേര്‍വാഴ്ച. തമ്പാനൂര്‍, തൈക്കാട്, അട്ടകുളങ്ങര, മണക്കാട്, സ്റ്റാച്യു, കവടിയാര്‍, വഴുതയ്ക്കാട് എന്നിങ്ങനെയുളള പ്രദേശത്താണ് നിലവിലുണ്ടായിരുന്ന പാര്‍ക്കിങ് സ്ഥലങ്ങള്‍ കൂടി പോലീസ് നോപാര്ക്കിങ്ങിലൂടെ കയ്യടക്കിയത്. ഇതോടെ നഗരത്തില്‍ വാഹനവുമായി ഇറങ്ങുന്ന പൊതുജനം വാഹനങ്ങള്‍ എവിടെയിട്ടാലും പിഴ നല്‍കേണ്ട ദുരവസ്ഥയിലാണ്.
തദ്ദേശസ്ഥാപനങ്ങള്‍ക്ക് നികുതി നല്കുന്ന ചെറുകിടസ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ചെറുകിട വാണിജ്യ സ്ഥാപനങ്ങളിലൊന്നും നോപാര്‍ക്കിങ് പേടിച്ച് ജനം പോകാത്ത അവസ്ഥയായി. തലസ്ഥാനത്തെ ചില പ്രമുഖ മാളുകള്‍ക്ക് വന്‍ ലാഭമൊരുക്കുക എന്ന അജണ്ടയും പോലീസിനുണ്ടെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. വന്കിടസ്ഥാപനങ്ങള്ക്കുമുന്നിലെ അനധികൃത പാര്‍ക്കിങ്ങോ ഗതാഗതകുരുക്കോ പോലീസ് കണ്ടഭാവം നടിക്കില്ല. ആശുപത്രികളിലും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റു ആവശ്യങ്ങള്‍ക്കും നഗരത്തില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് തലസ്ഥാനം നേരിടുന്നത്. വാഹനവുമായി റോഡിലേക്ക് ഇറങ്ങിയാല്‍ ലക്ഷ്യസ്ഥാനത്ത് വാഹനം പാര്‍ക്ക് ചെയ്യാന്‍ കഴിയില്ല. പാര്‍ക്ക് ചെയ്യണമെങ്കില്‍ കിലോമീറ്ററോളം പോയതിനു ശേഷം കിട്ടിയ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തു ലക്ഷ്യസ്ഥാനത്തേക്ക് നടന്നുപോകേണ്ട അവസ്ഥയാണ് പൊതുജനത്തിന്. ചിലപ്പോള്‍ കിലോമീറ്ററുകള്‍ നടന്ന് തിരിച്ചെത്തുമ്പോഴേക്കും നോ പാര്‍ക്കിങ് ബോര്ഡില്ലാത്തിടത്തും ‘ഏമാന്മാര് കൃത്യനിര്‍വഹണം’ നടത്തിയേക്കും.
ചിലയിടങ്ങളില്‍ മാത്രമാണ് ജനങ്ങള്‍ക്ക് പണം നല്കി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതിയുള്ളത്. പൊതുജനത്തിന് സൗജന്യമായി പാര്‍ക്കിങ് ഒരുക്കേണ്ട നഗരസഭ ജനങ്ങളില്‍ നിന്നും പണം ഈടാക്കുന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതിനു മണിക്കൂറിന് 20, 50, 100 എന്നിങ്ങനെ ചാര്‍ജ് ഈടാക്കി ജനങ്ങളില്‍ നിന്നും പണം പിരിക്കുന്നു. ടാക്സ് അടക്കുന്ന വാഹനങ്ങള്‍ക്ക് എന്തിന് പണം അടച്ച് പാര്‍ക്ക് ചെയ്യണമെന്ന് ജനങ്ങള്‍ ചോദിക്കുന്നു. നഗരസഭയ്ക്ക് പണം കൊടുത്ത് പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളിലെ വാഹനങ്ങള്‍ക്കും പിഴ ചാര്‍ത്തുന്ന മാന്യഏമാന്മാര് പോലീസിലുണ്ട്.
മുമ്പ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലങ്ങളില്‍ പോലും ട്രാഫിക്ക് പോലീസ് ഇപ്പോള്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നു. ആശുപത്രി പരിസരത്തും തിരക്ക് ഒഴിഞ്ഞ സ്ഥലത്തും അത്യാവശ്യ കാര്യങ്ങള്‍ക്ക് എത്തിചേരേണ്ട സ്ഥലങ്ങളിലും മുമ്പ് പാര്‍ക്കിംഗ് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്രാഫിക്ക് പോലീസ് അവിടെ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. വഴുതയ്ക്കാട് ജംഗ്ഷനു സമീപം പിഡബ്ലിയുഡി സ്ഥാപിച്ച പാര്‍ക്കിങ് ബോര്‍ഡില്‍ നോപാര്‍ക്കിങ് സ്റ്റിക്കറൊട്ടിച്ചാണ് പോലീസിന്റെ പിടിച്ചുപറി. തൈക്കാട് ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും ആശുപത്രി സമീപത്തായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുളള സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവിടെയും ട്രാഫിക്ക് പോലീസിന്റെ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ ഇപ്പോള്‍ സ്ഥാപിച്ചു. മുമ്പ് അവിടെ പാര്‍ക്കിംഗ് ഉണ്ടായിരുന്നു എന്ന് പോലീസ് സമ്മതിച്ചു. ആശുപത്രിയില്‍ വരുന്ന രോഗികള്‍ ഉള്‍പ്പെടെ വാഹനം എവിടെ വെയ്ക്കണം എന്ന് അറിയാതെ പ്രതിസന്ധി നേരിടുന്നു. അട്ടക്കുളങ്ങര ഭാഗത്തു മുമ്പ് പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ അവിടെയും നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്നും പോലീസ് പിഴ ഈടാക്കുകയും ചെയ്യുന്നു. കൈരളി തിയേറ്ററിനു മുന്‍വശത്തും പരിസരത്തും മുന്‍പ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവിടെയും നോ പാര്‍ക്കിംഗ്. പാര്‍ക്കിങ് സ്ഥലങ്ങളില്‍ നോപാര്‍ക്കിങ്ങ് ഏര്‍പ്പെടുത്തിയതിന് പോലീസിന് വിചിത്രവാദങ്ങളുമുണ്ട്. ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനാലാണ് നിരന്തരമായി വാഹനങ്ങള്‍ മോഷണം പോകുന്ന പരാതികള്‍ പോലീസിനു ലഭിക്കുന്നതെന്നാണ് തമ്പാനൂര്‍ പോലീസിന്റെ വിശദീകരണം.
പ്രതിദിനം പാര്‍ക്കിംഗിലൂടെ പിരിച്ച് കിട്ടുന്ന പണം ആണ് ശമ്പളം ആയി നല്‍കുന്നതെന്നും പണം പിരിച്ചു കിട്ടിയില്ലെങ്കില്‍ കോര്‍പ്പറേഷനില്‍ നിന്നും ശമ്പളം പോലും ലഭിക്കാതെ വരുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും വനിതാ ട്രാഫിക്ക് വാര്ഡന്മാര് പറയുന്നു. വാഹനഉടമകളില്‍ നിന്നും കോടികള്‍ റോഡ് ടാക്സായും വാണിജ്യവ്യാപാരസ്ഥാപനങ്ങളില് നിന്ന് കോടികള്‍ നികുതികളായും വരുമാനമുള്ള സര്‍ക്കാര്‍ കാലിയായ ട്രഷറി വീര്‍പ്പിക്കാന്‍ പോലീസുകാരെ കൊണ്ട് പിടിച്ചുപറി നടത്തുകയാണെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: