ന്യൂദല്‍ഹി: എംഎസ്എംഇ ഫാര്‍മ കമ്പനികള്‍ മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടതും സ്വയം നിയന്ത്രണത്തിലൂടെ നല്ല നിര്‍മ്മാണ പ്രക്രിയകളിലേക്ക് (ജിഎംപി) വേഗത്തില്‍ നീങ്ങേണ്ടതും പ്രധാനമാണ്. എംഎസ്എംഇ മേഖലയിലെ ഫാര്‍മ കമ്പനികളുടെ പ്രതിനിധികളുമായി കേന്ദ്ര രാസവസ്തുവള മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
എംഎസ്എംഇ ഫാര്‍മ മേഖലയില്‍ സ്വയം നിയന്ത്രണത്തിന്റെ ആവശ്യകത ശക്തമായി ഊന്നിപ്പറഞ്ഞ കേന്ദ്രമന്ത്രി, ‘ലോകത്തിന്റെ ഫാര്‍മസി’ എന്ന പദവി ഇന്ത്യ നിലനിര്‍ത്തുന്നതിന് അതിന്റെ പ്രാധാന്യം അടിവരയിട്ടു. വ്യാജ മരുന്നുകള്‍ നിര്‍മ്മിക്കുന്ന എല്ലാ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാണ കമ്പനികള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കാന്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) ഡോ. മന്‍സുഖ് മാണ്ഡവ്യ നിര്‍ദ്ദേശം നല്കി.
മരുന്ന് നിര്‍മാണ കമ്പനികളെ പരിശോധിക്കാന്‍ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെഗുലേറ്ററി അതോറിറ്റികള്‍ പ്ലാന്റുകളുടെ അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള പരിശോധനയും ഓഡിറ്റും ആരംഭിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു.
137 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായും 105 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തതായും അദ്ദേഹം പറഞ്ഞു. 31 സ്ഥാപനങ്ങളില്‍ ഉല്‍പ്പാദനം നിര്‍ത്തിവെക്കുകയും 50 സ്ഥാപനങ്ങളുടെ ഉല്‍പ്പന്നം/വിഭാഗം ലൈസന്‍സുകള്‍ റദ്ദാക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. കൂടാതെ 73 സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും 21 സ്ഥാപനങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് കത്തുകളും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: