ദുബായ്: യുഎഇയുടെ തലസ്ഥാനമായ അബുദാബിയിൽ നിർമാണത്തിലിരിക്കുന്ന ബിഎപി എസ് ഹിന്ദു ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി യുഎഇയുടെ മിനിസ്ട്രീ ഓഫ് ടോളറൻസ് ആൻഡ് കോ എക്സിസ്റ്റൻസ് (സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മന്ത്രാലയം) മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക് അൽ നഹ്യാൻ. ക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതനായ സ്വാമി ബ്രഹ്മ വിഹാരിദാസും സംഘവും അബുദാബിയിലെ മന്ത്രിയുടെ സ്വകാര്യ വസതി സന്ദർശിച്ച വേളയിലാണ് അദ്ദേഹം ക്ഷേത്ര നിർമാണത്തിന്റെ ഓരോ ഘട്ടങ്ങളും ക്ഷേത്രത്തിന്റെ ഉദ്ഘാടന കർമ്മത്തെക്കുറിച്ചും ചോദിച്ചറിഞ്ഞത്. യുഎഇയിലെ ഒമാൻ അംബാസഡർ ഡോ. അഹമ്മദ് ബിൻ ഹിലാൽ അൽബു സൈദി ക്ഷേത്രത്തിന്റെ മറ്റ് പുരോഹിതർ, ട്രസ്റ്റികൾ എന്നിവർ സന്ദർശന വേളയിൽ പങ്കെടുത്തു.
നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയിൽ ഏറെ സന്തുഷ്ടനായ ഷെയ്ഖ് നഹ്യാൻ ഈ സത്കർമ്മത്തിലൂടെ കൈവരിക്കുന്ന പരസ്പര ഐക്യം, സാംസ്കാരിക ഉന്നമനം എന്നിവയ്‌ക്ക് ലഭിക്കുന്ന പിന്തുണയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിരമിഡുകളെ പോലെ ഈ ക്ഷേത്രം ലോകത്തിലെ തന്നെ അദ്ഭുതങ്ങളിലൊന്നായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിനു വേണ്ടി സംന്യാസിമാർ നൽകുന്ന സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. “നിരവധിപ്പേർക്ക് വാഗ്ദാനങ്ങളും ഉറപ്പുകളും നൽകാനാകും, എന്നാൽ ചുരുക്കം ചിലർക്ക് മാത്രമാണ് ഇതെല്ലാം പൂർത്തീകരിക്കാൻ സാധിക്കുക. നിങ്ങൾ സംന്യാസിമാർക്ക് വാക്കുകൾ കൊടുത്തതിലധികവും പൂർത്തീകരിക്കാൻ കഴിഞ്ഞു, ജനങ്ങൾക്ക് ലോകത്തെ യഥാർത്ഥ തലത്തിൽ വീക്ഷിക്കുന്നത് എങ്ങനെയെന്ന് നിങ്ങൾ കാണിച്ചു കൊടുക്കുകയാണ് ” – ഷെയ്ഖ് നഹ്യാൻ പറഞ്ഞു.
അബുദാബിയിൽ ക്ഷേത്രനിർമ്മാണത്തിനായി ഭൂമി അനുവദിച്ചുതന്നതിന് ക്ഷേത്ര മുഖ്യ പുരോഹിതൻ സ്വാമി ബ്രഹ്മ വിഹാരിദാസ് നന്ദി രേഖപ്പെടുത്തി. അബുദാബിയിലെ ഈ ക്ഷേത്രം അബു മുരേക്കാഹ് സ്ഥലത്തെ 27 ഏക്കറിലാണ് പൂർണമായും കല്ലിൽ നിർമ്മിച്ച് വരുന്നത്. ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണം ഇന്ത്യയും യുഎഇയുമായുള്ള ചരിത്രപരമായ ഒരു നാഴികക്കല്ലിനെയാണ് സൂചിപ്പിക്കുന്നത്. ഒരു ആരാധനാ ലായം എന്നതിനുപരി ഹൈന്ദവ പാരമ്പര്യങ്ങളുടെ ഒരു നേർച്ചിത്രമായിരിക്കും ഈ ക്ഷേത്രമെന്നാണ് വിലയിരുത്തുന്നത്. ക്ഷേത്ര നിർമ്മാണം അന്തർദേശീയ ഐക്യത്തെ എടുത്ത് കാണിക്കുന്നുണ്ട്. ഇതിനു പുറമെ മാനവികതയെ ഒന്നിപ്പിക്കുന്ന പരസ്പര ബന്ധത്തെയും മൂല്യങ്ങളെയും കുറിച്ച് ഏവരെയും ഓർമ്മപ്പെടുത്തുന്ന ഒന്നുമാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. 2024 ഫെബ്രുവരിയിൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നാണ് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: