ധാക്ക: ഇന്ത്യയും ബംഗ്ലാദേശും രൂപയില്‍ ഉഭയകക്ഷി വ്യാപാരം ആരംഭിച്ചു. ധാക്കയില്‍ ബംഗ്ലാദേശ് ബാങ്കും ഇന്ത്യന്‍ ഹൈക്കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് ഇതിന് തുടക്കമായത്.
ചൊവ്വാഴ്ച മുതല്‍ ഇന്ത്യയും ബംഗ്ലാദേശും യുഎസ് ഡോളറിലെ സാധാരണ ഇടപാട് രീതിക്കൊപ്പം ഇന്ത്യന്‍ രൂപയിലും വ്യാപാരം നടത്തുമെന്ന് ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പ്രണയ് വര്‍മ വ്യക്തമാക്കി.
ഇന്ത്യന്‍ രൂപയിലൂടെയുളള വ്യാപാര ഉടമ്പടി ബംഗ്ലാദേശില്‍ നിന്നുള്ള കയറ്റുമതിക്ക് മാത്രമേ ബാധകമാകൂ. ഇന്ത്യയില്‍ നിന്നുള്ള ബാക്കി ഇറക്കുമതി യുഎസ് ഡോളറില്‍ ആയിരിക്കും.
ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയുമായുള്ള വ്യാപാരവും ഇടപാടുകളും ഈസ്റ്റേണ്‍ ബാങ്കും സൊനാലി ബാങ്ക് ലിമിറ്റഡും നടത്തുമ്പോള്‍ ഇന്ത്യയില്‍ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഐസിഐസിഐ ബാങ്കും നടത്തുമെന്ന് ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ജനറല്‍ അബ്ദുര്‍ റൂഫ് താലൂക്ദാര്‍ പറഞ്ഞു.
ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ബംഗ്ലാദേശ്. ഏഷ്യയിലെ ബംഗ്ലാദേശിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.
ജര്‍മ്മനി, റഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ബ്രിട്ടണ്‍, മ്യാന്‍മര്‍, ഒമാന്‍ എന്നിവയുള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള ബാങ്കുകള്‍ക്ക് രൂപയിലൂടെ വ്യാപാരം നടത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയുമായി രൂപയില്‍ വ്യാപാരം നടത്തുന്ന 19-ാമത്തെ രാജ്യമായിരിക്കുകയാണ് ബംഗ്ലാദേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: