കിളിമാനൂര്‍ ഗോവിന്ദ്
കിളിമാനൂര്‍: ഇവിടെ പണ്ടൊരു വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു. ഇന്ന് ഇതൊരു ഭാര്‍ഗവീനിലയമാണ്. കാടുമൂടി അനാഥമായ, ലക്ഷങ്ങള്‍ വിലയുള്ള കെട്ടിടം പാമ്പു മുതല്‍ പഴുതാര വരെയുള്ള ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുന്നു. കിളിമാനൂര്‍ പൊതുമാര്ക്കറ്റിനോട് ചേര്‍ന്ന് ലക്ഷങ്ങള്‍ വിലയുള്ള സ്ഥലവും പഴയ കെട്ടിടവുമാണ് കാടുകയറി നശിക്കുന്നത്. ഇവിടെയായിരുന്നു പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.
കിളിമാനൂരില്‍ മിനി സിവില്‍ സ്റ്റേഷന് വന്നതോടെ വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം അവിടേക്ക് മാറ്റി. അപ്പോള്‍ ഈ കെട്ടിടത്തിന് ചെറിയ അറ്റകുറ്റപണികള്‍ കൊണ്ട് തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വില്ലേജ് ഓഫീസ് മാറിയതോടെ ആരും തിരിഞ്ഞു നോക്കാതായി. അതോടെ കാടുകയറി കെട്ടിടവും സ്ഥലവും നാശോന്മുഖമായി. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രവുമായി. ഇതിനടുത്താണ് അങ്കണവാടിയും നിരവധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. എക്സൈസ് ഓഫീസ്, സര്‍ക്കാര്‍ ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍, സ്വകാര്യ ആശുപത്രി എന്നിവ ഇതിനടുത്താണ്.
കാടുമൂടി നശിച്ചുകൊണ്ടിരിക്കുന്ന കെട്ടിടം ഓഫീസുകള്‍ക്കോ അനുബന്ധ സ്ഥാപനങ്ങള്‍ക്കോ ഉപയോഗിക്കാമെന്നിരിക്കെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നത് ഗുരുതര അവഗണനയാണ്. സ്ഥലവും കെട്ടിടവും ജനോപകാരപ്രദമായ പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: