സതീഷ് കരുംകുളം
വിഴിഞ്ഞം: കിണറു വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് മരിച്ച വെങ്ങാനൂര്‍ നീലകേശി റോഡ് നെല്ലിതറ വീട്ടില്‍ മഹാരാജന് അന്ത്യവിശ്രമമൊരുക്കിയത് പഴയ വീട്ടിനുള്ളില്‍. സംസ്കരിക്കാന്‍ വീട്ടുവളപ്പില്‍ സ്ഥലമില്ലാതെ വന്നതോടെയാണ് മഹാരാജന് നേരത്തെ താമസിച്ച ഒറ്റമുറി വീട് അന്ത്യവിശ്രമത്തിനായി ബന്ധുക്കള്‍ തിരഞ്ഞെടുത്തത്. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെയെത്തിയ മഹാരാജനും ഭാര്യയും രണ്ട് പെണ്മക്കളോടൊപ്പം ആദ്യം താമസിച്ചത് കഷ്ടപ്പെട്ടും കടംവാങ്ങിയും സ്വന്തമാക്കിയ വസ്തുവിലുള്ള ഈ ഒറ്റമുറി കെട്ടിടത്തിലാണ്. ഇതിനിടയ്ക്ക് സര്‍ക്കാരില്‍നിന്ന് ഭവനപദ്ധതി പ്രകാരം രണ്ടുലക്ഷം രൂപ ലഭിച്ചെങ്കിലും അടിച്ചുറപ്പുള്ള വീടു നിര്‍മിക്കാന്‍ പര്യാപ്തമായില്ല. തുടര്‍ന്നാണ് വെങ്ങാനൂര്‍ സര്‍വീസ് സഹകരണ സംഘത്തില്‍ നിന്നും 2016 ആഗസ്റ്റ് മാസം രണ്ടുലക്ഷം രൂപ വായ്പയെടുത്തത്.
പല പണികളും പരീക്ഷിച്ച മഹാരാജന് മുക്കോലയില്‍ കുറച്ചുകാലം തട്ടുകട നടത്തിയിരുന്നു. കൊവിഡ് കാലമായതോടെ ഇത് അടച്ചുപൂട്ടി. തുടര്‍ന്ന് കക്കൂസ് മാലിന്യങ്ങള്‍ നീക്കുന്ന ജോലി ചെയ്തെങ്കിലും പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വന്നതോടെ കുടുംബത്തിന്റെ എതിര്‍പ്പിനെ മറികടന്ന് കിണര്‍ പണിക്ക് ഇറങ്ങുകയായിരുന്നു.
ഇതിനിടയില്‍ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് നോട്ടീസ് അയച്ചു. ഇതുമൂലമാണ് അഞ്ചു ദിവസം തുടര്‍ച്ചയായി പെയ്ത മഴയ്ക്ക് പിന്നാലെ ശനിയാഴ്ച രാവിലെ കിണര്‍ പണിക്കിറങ്ങിയത്. പണിക്കുളള ഉപകരണങ്ങളുമായി പുറപ്പെടുമ്പോള്‍ വിലക്കിയ ഭാര്യയോട് ഉച്ചയ്ക്ക് തിരിച്ചുവരുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഉച്ചയോടെ അപകടവിവരം അറിഞ്ഞെങ്കിലും മണ്ണിനടിയില്‍പ്പെട്ട് കിടക്കുന്ന മഹാരാജന് ജീവനോടെ തിരികെ വരുമെന്ന് വീട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് തന്റെ ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോള്‍ അമ്മയുടെയും മക്കളുടെയും നിലവിളി കണ്ട് നിന്ന ബന്ധുക്കളെയും നാട്ടുകാരെയും കണ്ണിരിലാഴ്ത്തി. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീട്ടുവളപ്പിലുളള പഴയവീട്ടിലെ ഒറ്റമുറിയില്‍ മഹാരാജനെ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: