തിരുവനന്തപുരം: ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍നിലെ (സിഡ്കോ) ക്രമക്കേടുകള്‍ സ്ഥാപനത്തെ നശിപ്പിക്കുന്നു. സര്‍ക്കാര്‍, വിജിലന്‍സ് നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില. പല വകുപ്പുകളുടെയും തലപ്പത്തുള്ളവര്‍ അഴിമതിയും ക്രമക്കേടും നടത്തിയെന്ന് തെളിഞ്ഞിട്ടും നടപടിയെടുക്കാതെ കോര്പ്പറേഷന്. ക്രമവിരുദ്ധ നിയമനങ്ങളില്‍ കോര്പ്പറേഷന് പ്രതിവര്‍ഷ നഷ്ടം നാലരക്കോടിയോളം രൂപ.
2014 ല്‍ എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളും കാറ്റില്‍ പറത്തി 32 അനധികൃത നിയമനങ്ങളാണ് മാനേജിങ് ഡയറക്ടറായിരുന്ന സജി ബഷീര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന പി.സി. കാസിം, ഡിജിഎമ്മിന്റെ ചുമതല ഉണ്ടായിരുന്ന അജിത്ത് കുമാര്‍ എന്നിവര്‍ നടത്തിയത്. രണ്ട് അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകരിച്ചത് ഏഴ് മിനിസ്റ്റീരിയല്‍ സ്റ്റാഫുകളുടെ നിയമനമായിരുന്നു. പിഎസ്സി വഴി നിയമനം നടത്തേണ്ടിടത്ത് സര്‍ക്കാര്‍ അംഗീകാരമില്ലാതെ നേരിട്ട് നിയമനം നടത്തുകയായിരുന്നു. ഏഴ് നിയമനത്തിന് പകരം യാതൊരു മാനദണ്ഡങ്ങളും കൂടാതെ 23 പേരെ നിയമിച്ചു. അതുതന്നെ ഇന്റര്‍വ്യൂ മാനദണ്ഡങ്ങള്‍ ലംഘിച്ചും ഇഷ്ടക്കാര്‍ക്ക് മാര്‍ക്ക് കൂട്ടി നല്കി എഴുത്തുപരീക്ഷയിലെ ഒന്നാം റാങ്കുകാരെ പിന്തള്ളിയുമായിരുന്നു. അനധികൃത നിയമനങ്ങള്‍ക്ക് ശമ്പളം നല്കുന്നതുവഴി 4,80,74,84 രൂപയുടെ നഷ്ടം വരുത്തിയെന്ന് വിജിലന്‍സ് കണ്ടെത്തുകയും ചെയ്തു.
വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സജി ബഷീറിനെ മാറ്റി നിര്‍ത്തി. നിയമനം നടത്തിയവര്‍ക്കെതിരെ പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതിയും നല്കി. പക്ഷെ കൂട്ടുപ്രതിയായ അജിത്ത്കുമാര്‍ ഇപ്പോഴും എജിഎം ആയി സര്‍വീസില്‍ തുടരുകയാണ്. മേനംകുളം മണല്‍കടത്ത് കേസില്‍ 12 കോടി രൂപ സിഡ്കോയ്ക്ക് നഷ്ടം വരുത്തിയ കേസിലെ രണ്ടാം പ്രതിയായ അജിത്ത് കുമാറിനെ നടപടിയുടെ പേരില്‍ എറണാകുളത്തെ റോ മെറ്റീരിയല്‍ റീജിയണല്‍ ഓഫീസിന്റെ എജിഎംആയി സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. വിജിലന്‍സ് കേസുകള്‍ ഉള്ളവര്‍ക്കെതിരെ കര്‍ശന നടപടിവേണമെന്ന സര്‍ക്കാര്‍ വിജിലന്‍സ് നിര്‍ദേശങ്ങള്‍പോലും പാലിച്ചില്ല.
അന്ന് നിയമിച്ച 23 പേരെ കൂടാതെ ഒമ്പത് നിയമനങ്ങള്‍ കൂടി ഈ സംഘം നടത്തി. ഇതോടെ അനധികൃത നിയമനം 32 ആയി. ശമ്പളയിനത്തില്‍ അഞ്ചുകോടിയോളം രൂപയാണ് പ്രതിവര്‍ഷം സ്ഥാപനത്തിന് നഷ്ടം. ഇങ്ങനെ നിയമിതരായവരില്‍ മതിയായ യോഗ്യത ഇല്ലാത്തവരുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത്തരക്കാരാണ് ഇപ്പോള്‍ പലവകുപ്പുകളുടെയും തലപ്പത്തുള്ളത്. അംഗീകാരമില്ലാത്ത സ്വകാര്യ ഐടിഐ പാസായവരാണ് ഡിപ്ലോമയും എഞ്ചിനീയറിങ്ങും യോഗ്യത വേണ്ട ടെക്നിക്കല്‍ വിഭാഗങ്ങളുടെ തലപ്പത്തുള്ളത്. ഇത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെപോലും ബാധിച്ചെന്ന് ജീവനക്കാര്‍ പറയുന്നു.
സിഡ്കോ ഇപ്പോള്‍ കനത്ത നഷ്ടത്തിലാണ്. ജീവനക്കാര്‍ക്കുള്ള ശമ്പളം ഗഡുക്കളായാണ് നല്‍കുന്നത്. പിഎഫ് കുടിശ്ശിക ഒമ്പത് കോടി കഴിഞ്ഞു. 2017 മുതല്‍ പിരിഞ്ഞുപോയ ജീവനക്കാരുടെ ആനൂകൂല്യങ്ങള്‍ പോലും നല്‍കിയിട്ടില്ല. മൂന്നുകോടിയോളം രൂപ വാടക കുടിശ്ശിക വന്നതോടെ ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗില്‍ നിന്നും സിഡ്കോയുടെ ആസ്ഥാനം ഒഴിയണമെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
സാങ്കേതിക വിദ്യാഭ്യാസമുള്ളവരെ വിവിധ നിര്‍മാണ യൂണിറ്റുകളുടെ തലപ്പത്ത് എത്തിച്ചില്ലെങ്കില്‍ സ്ഥാപനം പൂട്ടേണ്ടിവരുമെന്നു ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: