കൊച്ചി: ഭരണഘടന നിഷ്കര്‍ഷിക്കുന്ന തരത്തില്‍ പൊതു സിവില്‍ നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ മതവിഭാഗങ്ങളുടെ ഇടയില്‍ സംശയം സൃഷ്ടിച്ച് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കത്തില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും പിന്മാറണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത്.
പൊതു സിവില്‍ നിയമം പരിഷ്കൃത സമൂഹത്തിന് ആവശ്യമാണ്. ക്രിമിനല്‍ നടപടിനിയമവും ഇന്ത്യന്‍ ശിക്ഷാനിയമവും എല്ലാ പൗരന്മാര്ക്കും ബാധകമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വ്യക്തിനിയമത്തിന്റെ മറവില്‍ സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ ഹനിക്കുന്നത് അഭിലഷണീയമല്ല.
പൊതു സിവില്‍ നിയമം ഏതെങ്കിലും മതത്തിനോ വിഭാഗത്തിനോ എതിരല്ല. രാജ്യത്തിന്റെ വിശാലതാത്പര്യത്തിന് പൊതുസിവില്‍ നിയമം ആവശ്യമാണെന്ന ഇഎംസിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ പ്രസ്താവനകള്‍ക്ക് പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ കമ്യൂണിസ്റ്റ് നേതൃത്വം തയാറാകണം. വിഷയത്തില്‍ ജനാഭിപ്രായം രൂപീകരിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ സംവാദവും സെമിനാറും നടത്തുന്നതിന് അഭിഭാഷക പരിഷത്ത് തീരുമാനിച്ചു.
20ന് എറണാകുളത്തും 21ന് കോഴിക്കോട്ടും പരിപാടി സംഘടിപ്പിക്കും. എറണാകുളത്ത് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. എസ്. രാജേന്ദ്രന് അദ്ധ്യക്ഷനായി. മുന്‍ ദേശീയ അദ്ധ്യക്ഷന്‍ അഡ്വ. എം.ബി. നര്‍ഗുണ്ട്, ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ. ആര്. രാജേന്ദ്രന്, സോണല്‍ സംഘടനാ പ്രമുഖ് കെ. പളനി കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. അശോക് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: