ഡോ.കെ. മുരളീധരന്‍ നായര്‍
വീടിന്റെ ഗേറ്റു കൊടുക്കേണ്ട ഭാഗങ്ങള്‍ എവിടെയൊക്കെയാണ്?
കിഴക്കു ദര്‍ശനമായി നില്ക്കുന്ന വീടിന് കിഴക്കുവടക്ക് ഭാഗത്തു ഗേറ്റ് കൊടുക്കുക. തെക്കു ദര്‍ശനമായി നില്ക്കുന്ന വീടിന് തെക്കുകിഴക്കു ഭാഗത്തായി ഗേറ്റ് കൊടുക്കുക. പടിഞ്ഞാറു ദര്‍ശനമായി നില്ക്കുന്ന വീടിന് പടിഞ്ഞാറു വടക്കായി ഗേറ്റു സ്ഥാപിക്കുക. വടക്കുദര്‍ശനമായി നില്ക്കുന്ന വീടിന് വടക്കുകിഴക്കായി ഗേറ്റ് സ്ഥാപിക്കുക.
തുളസിത്തറയുടെ സ്ഥാനം എവിടെയാണ്?
കിഴക്കു ദര്‍ശനമായി നില്ക്കുന്ന ഒരു വീടിന്റെ മധ്യഭാഗം കണക്കെടുത്ത് ഉച്ചഭാഗത്തേക്ക് (കിഴക്കുവടക്കുഭാഗം) സ്ഥാപിക്കുന്നതാണ് ഉത്തമം. തുളസിത്തറയുടെ തറമട്ടവും വീടിന്റെ തറമട്ടവും ഒരേ ലെവലില്‍ വരേണ്ടതാണ്. ഇതേ രീതിയില്‍ ഏതു ദിക്കായിരുന്നാലും മധ്യഭാഗത്തു നിന്ന് ഉച്ചഭാഗത്തേക്ക് തുളസിത്തറ വരുന്നതാണ് നല്ലത്.
വീടു കോമ്പൗണ്ടിനുള്ളില്‍ മഴവെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്ന ദിക്ക് ഏതെല്ലാം?
ഒരു വീടിനെ സംബന്ധിച്ച് മഴവെള്ളം ഒഴുക്കി വിടേണ്ടത് കിഴക്കോ വടക്കോ, ആയിരിക്കണം. അതിന് എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ പടിഞ്ഞാറ് ആകുന്നതിലും തെറ്റില്ല. എന്നാല്‍ ഒരു കാരണവശാലും തെക്കോട്ട് ഒഴുക്കി വിടരുത്. അങ്ങനെ സംഭവിച്ചാല്‍ വീടിന്റെ സര്‍വ ഐശ്വര്യങ്ങളും നശിക്കും.
വീടിന്റെ മുന്‍വാതിലിനു നേരെ ഒരു ചെമ്പകമരം നില്ക്കുന്നു. അത് മുറിച്ചു മാറ്റേണ്ടതായിട്ടുണ്ടോ?
സാധാരണ, വീടിന്റെ പൂമുഖ വാതിലിനു നേരെ വൃക്ഷങ്ങള്‍ നില്ക്കുന്നത് നല്ലതല്ല. അതു വീടിനുള്ളിലേക്ക് കടന്നുവരുന്ന ഊര്‍ജപ്രവാഹത്തെ ചെറുക്കുന്നതു കൊണ്ടാണ്. എന്നാല്‍ മുന്‍വശത്തെ വാതിലില്‍ നിന്നും പത്തടി അകലത്തില്‍ അനുകൂലമായ ഒരു വൃക്ഷം നില്ക്കുന്നതില്‍ തെറ്റില്ല.
ഒരു ചെറിയ വീട് അഞ്ചു സെന്റ് ഭൂമിയില്‍ പണിതു കൊണ്ടിരിക്കുന്നു. വീടിന്റെ ജനലുകളും വാതിലുകളുമെല്ലാം പഴയതാണ് ഉപയോഗിക്കുന്നത്. അടുക്കളയുടെ സ്ഥാനം വടക്കാണ്. പടിഞ്ഞാറു ഭാഗത്ത് കുറച്ചു സ്ഥലമുണ്ട്. അവിടെ കിണര്‍ കുഴിക്കുന്നതില്‍ തെറ്റുണ്ടോ? സെപ്റ്റിക് ടാങ്ക് എടുക്കേണ്ട സ്ഥാനം എവിടെയാണ്?
അഞ്ചു സെന്റിനകത്ത് ഒരു ചെറിയ വീട് പണിതു കൊണ്ടിരിക്കുന്നു. അതിനു ഉപയോഗിച്ച തടികളെല്ലാം പഴയതെന്നാണ് പറഞ്ഞിട്ടുള്ളത്. സാമ്പത്തിക ലാഭം നോക്കിയാണ് പലരും പഴയ വീടിന്റെ തടികള്‍ പുതിയ കെട്ടിടത്തിനു വേണ്ടി വാങ്ങുന്നത്. ഇതു തികച്ചും അപകടകരമായ പ്രവണതയാണ്. വീടുപണിപൂര്‍ത്തിയായി കഴിഞ്ഞില്ലെങ്കില്‍ മുന്‍വശത്തെ ഒരു വാതിലെങ്കിലും പുതിയ തടിയില്‍ പണിയുന്നത് ഉചിതമായിരിക്കും. കിണറിനുള്ള സ്ഥാനം മകരം, കുംഭം, മീനം, മേടം, ഇടവം രാശികളിലാണ് വേണ്ടത്. ഇതില്‍ വടക്കുകിഴക്കേ മൂലഭാഗമായ മീനം രാശിയില്‍ എടുക്കുന്നതാണ് ഐശ്വര്യം. അടുക്കളയുടെ സ്ഥാനം നല്ലതു തന്നെയാണ്. പടിഞ്ഞാറു ഭാഗത്ത് കിണറിനു സ്ഥാനം ഉത്തമമല്ല. സെപ്റ്റിക് ടാങ്ക്, കിഴക്കു ഭാഗത്തോ, പടിഞ്ഞാറു ഭാഗത്തോ, വീടിന്റെ മൂലകളില്‍ നിന്ന് ഒഴിച്ചു പണിയാന്‍ ശ്രദ്ധിക്കുക.
റോഡ് സൈഡിലുള്ള മൂന്നു സെന്റ് ഭൂമിയില്‍, താഴെ (ഗ്രൗണ്ട് ലെവലില്‍) കടകളും ഒന്നും രണ്ടും നിലകളിലായി താമസിക്കാനുമാണ് ഉദ്ദേശിക്കുന്നത്. മൂന്നു സെന്റിനകത്ത് പണിയാന്‍ പോകുന്ന ഈ വീട്ടില്‍ വാസ്തുശാസ്ത്രപരമായി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
മൂന്ന് സെന്റിനകത്ത് കെട്ടിടം പണിയുമ്പോള്‍ ചുറ്റുമതിലിനോട് ചേര്‍ത്ത് ചുമര്‍ കെട്ടരുത്. വീടിന്റെ നാലു ചുറ്റിലും ഒരാള്‍ക്കെങ്കിലും കടന്നുപോകത്തക്ക സ്ഥലം വിടണം. ഗ്രൗണ്ട്ഫ്‌ളോര്‍ കടയായി മാറ്റുകയാണെങ്കില്‍ ഫസ്റ്റ് ഫ്‌ളോറിലും സെക്കന്റ് ഫ്‌ളോറിലും താസിക്കുന്നതില്‍ തെറ്റില്ല. പുറത്തുകൂടിയുള്ള സ്റ്റെയര്‍കെയ്‌സ് ഒരു കാരണവശാലും വടക്കുകിഴക്കേ മൂലഭാഗത്തു നിന്ന് ആരംഭിക്കരുത്. താഴെ നിന്നും മുകളിലേക്കുള്ള നിലകള്‍ പണിയുമ്പോള്‍ താഴത്തെ പൊക്കത്തിന്റെ അളവിനേക്കാള്‍ അല്പമെങ്കിലും ചെറുതായിരിക്കുവാന്‍ ശ്രദ്ധിക്കുക. പ്രധാന ബെഡ്‌റൂമുകള്‍ തെക്കുഭാഗത്തും വടക്കു ഭാഗത്തും ക്രമീകരിക്കാന്‍ ശ്രദ്ധിക്കുക. അടുക്കള തെക്കു കിഴക്കു ഭാഗത്തു വന്നാല്‍ നന്നായിരിക്കും. ആവശ്യത്തിനു മാത്രം ജനല്‍, വാതിലുകള്‍ കൊടുത്തു കെട്ടിടം പണിപൂര്‍ത്തിയാക്കുക.
പുതിയ വീടു പണിഞ്ഞിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. വീടിന്റെ ദര്‍ശനം തെക്കാണ്. തെക്കോട്ടു ദര്‍ശനം വേണ്ടായിരുന്നു എന്ന് പലരും പറയുന്നു. എന്നാല്‍ വീടിന് കുഴപ്പങ്ങള്‍ ഒന്നും തന്നെയില്ല. തെക്കിനെ ഇത്ര നീചമായി കാണുന്നത് എന്തുകൊണ്ടാണ്?
ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ മരണാനന്തരം തല തെക്കോട്ടു വരത്തക്കവിധം കിടത്തുന്ന പതിവുള്ളതു കൊണ്ടാകാം തെക്കോട്ട് എടുക്കുക എന്ന പദപ്രയോഗമുണ്ടായത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഊര്‍ജപ്രവാഹം ലഭിക്കുന്നത് തെക്കുഭാഗത്തു നിന്നാണ്. തെക്കുഭാഗത്തേക്ക് ദര്‍ശനമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. കൂടാതെ ബിസിനസ്സ് സംബന്ധമായിട്ടുള്ളവര്‍ക്ക് തെക്കുദര്‍ശനംവളരെ ഏറെ ഗുണങ്ങള്‍ നല്കും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: