ന്യൂദല്‍ഹി: മണിപ്പൂരില്‍ നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാന്‍ സുപ്രീംകോടതിയെ വേദിയാക്കരുതെന്ന് കോടതി. ക്രമാസമാധാനത്തിന്റെയും സുരക്ഷാ ഏജന്‍സികളുടെയും ചുമതല കോടതികള്‍ക്ക് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീം കോടതി. മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട മേയ്തി-കുക്കി വിഭാഗങ്ങളുടെ ഒരു കൂട്ടം ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇങ്ങനെ പറഞ്ഞത്. ക്രമസമാധാനം നേരിട്ട് നിയന്ത്രിക്കാന്‍ കോടതിക്ക് കഴിയില്ല. ക്രമസമാധാനം ഉറപ്പാക്കല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
എവിടെയെങ്കിലും ന്യൂനതകളുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള നിര്‍ദേശം നല്കാന് മാത്രമാണ് കോടതിക്ക് കഴിയുകയെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകാന്‍ കോടതിയില്‍ നടക്കുന്ന വാദ പ്രതിവാദങ്ങള്‍ കാരണമാകരുതെന്നും കേസിലെ വിവിധ കക്ഷികളെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഓര്‍മിപ്പിച്ചു.
മണിപ്പൂരിലെ നിലവിലെ സ്ഥിതി സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീം കോടതിക്ക് കൈമാറി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേസിലെ വിവിധ കക്ഷികള്‍ക്കും കൈമാറി. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം സമാധാനം ഉറപ്പാക്കുന്നതിനുള്ള ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ കൈമാറാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസിലെ കക്ഷികളോട് നിര്‍ദേശിച്ചു. നാളെ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.
പക്ഷാപാതപരമായ കാര്യമല്ലെന്നും മനുഷ്യത്വപരമായ വിഷമാണിതെന്നുമുള്ള കാര്യം മനസില്‍ വച്ചുകൊണ്ട് മാത്രമേ വാദത്തിലേക്ക് കടക്കാവൂ എന്ന് കോടതി അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്കി. ഇതൊരു നിയമവേദിയാണ് രാഷ്ട്രീയ വേദിയല്ലെന്ന് കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: