സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ തീരദേശം പങ്കിടുന്ന രണ്ട് ജില്ലകളാണ് കണ്ണൂരും കാസര്‍കോടും. കണ്ണൂരില്‍ കവ്വായിയില്‍ തുടങ്ങി ന്യൂമാഹിവരെയും കാസര്‍കോട് മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍ വലിയപറമ്പവരേയുമാണ് കിലോമീറ്ററുകള്‍ ദൂരത്തില്‍ തീരദേശം നീണ്ടു കിടക്കുന്നത്. രണ്ട് ജില്ലകളിലെ തീരദേശങ്ങള്‍ക്കും കാലങ്ങളായി പറയാനുള്ളത് അവഗണനകളുടേയും ദുരിതങ്ങളുടേയും കദനകഥകള്‍ മാത്രം. എല്ലാ വര്‍ഷവും തീരമേഖലയില്‍ കാലവര്‍ഷക്കെടുതി തുടര്‍ക്കഥയാവുമ്പോള്‍ തീരദേശവാസികളുടെ തൊഴിലും ജീവിതവും കൃഷിയും കിടപ്പാടവുമെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. വന്‍കിടക്കാര്‍ക്കായി, പ്രത്യേകിച്ച് റിസോര്‍ട്ട് മാഫിയകള്‍ക്കും മറ്റും വേണ്ടി തീരദേശ പരിപാലന ചട്ടങ്ങള്‍ മുഴുവന്‍ കാറ്റില്‍ പറത്താന്‍ സഹായവും സാഹചര്യവുമൊര്യക്കുന്ന സര്‍ക്കാര്‍ തീരദേശ സംരക്ഷണവും തീരദേശവാസികളുടെ ജീവിത പ്രശ്നങ്ങളും കണ്ടില്ലെന്ന് നടിക്കുന്നു. കടലിലേക്ക് പോലും തളളി നില്ക്കുന്ന നിരവധി അനധികൃത റിസോര്‍ട്ടുകളാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. കടലിന്റെ മക്കളെന്നറിയുന്ന മത്സ്യതൊഴിലാളി കുടുംബങ്ങളാണ് തീരമേഖലകളില്‍ ഭൂരിഭാഗവും താമസിക്കുന്നത്. ഇവര്‍ കാലങ്ങളായി മഴയടുക്കുമ്പോള്‍ ഭയത്തോടെ മനസ്സ് നീറി പുകഞ്ഞാണ് ജീവിതം മുന്നോട്ടു നയിക്കുന്നത്. വര്‍ഷാവര്‍ഷം ബജറ്റുകളില്‍ തീരദേശത്തിനും ജനതയ്ക്കുമായി വലിയ പ്രഖ്യാപനങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവാറുള്ളതെങ്കിലും ഇവ നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനും ഫിഷറീസ്-തുറമുഖമടക്കമുള്ള വകുപ്പുകള്‍ക്കും തികഞ്ഞ അനാസ്ഥയാണ്. ഇരുജില്ലകളിലും കടല്‍ കരയെടുക്കുന്നതും കരയിടിച്ചിലും വ്യാപകമാണ്.
ഇത്തരം കരയിടിച്ചിലിനും മറ്റും പരിഹാരമായി കടല്‍ ഭിത്തികള്‍ നിരവധിയിടങ്ങളില്‍ കെട്ടി ഉയര്‍ത്തേണ്ടതായിട്ടുണ്ട്. കൂടാതെ പുലിമുട്ടുകളുടെ നിര്‍മ്മാണവും പലയിടങ്ങളിലും ആവശ്യമായിട്ടുണ്ട്. നിലവില്‍ 150 മീറ്ററിലധികം കടലെടുത്ത തീരദേശത്തെ പ്രദേശങ്ങള്‍ വരെ കണ്ണൂരിലുണ്ട്. ചൂട്ടാട്, തലശ്ശേരി മേഖലകളിലെ തീരദേശങ്ങളിലാണ് ഇത്തരത്തില്‍ വലിയ തോതില്‍ കര കടലെടുത്തിട്ടുള്ളതെന്ന് പഴയ തലമുറ ഓര്‍ത്തെടുക്കുന്നു. വര്‍ഷം തോറും ഈ കടലേറ്റം വര്‍ദ്ധിച്ചു വരുന്നതായും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. കടലേറ്റം തീരദേശ ഗ്രാമീണ റോഡോളം എത്തിയിട്ടുണ്ട്. തലശ്ശേരിയിലെ ചില മേഖലകളില്‍. പുലിമുട്ടുകള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ തൊട്ടടുത്ത കരപ്രദേശങ്ങള്‍ കടലെടുക്കുന്ന സ്ഥിതിയും വിവിധയിടങ്ങളിലുണ്ട്. ഇതിനും പരിഹാരം കാണേണ്ടതുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന, ഇന്നും ടൂറിസ്റ്റുകള്‍ കാണാനും കടല്‍ഭംഗി ആസ്വാദിക്കാനും ആഗ്രഹിക്കുന്ന കടല്‍പ്പാലങ്ങളില്‍ ഒന്നാണ് തലശ്ശേരി കടല്‍പ്പാലം. ആര്‍ക്കും പ്രവേശനാനുമതിയില്ലാതെ അധികൃതര്‍ പാലം അടച്ചിട്ടിരിക്കുകയാണ്. ഇതിന്റെ സംരക്ഷണത്തിന് മതിയായ പരിഗണന മാറി മാറി വന്ന ഇടത്-വലത് സര്‍ക്കാരുകള്‍ നല്‍കിയിട്ടില്ല. പാലത്തിനിരുവശവും നിര്‍ദ്ദിഷ്ട ദൂരത്തില്‍ ഫുട്ബോള്‍ കളിക്കുന്ന ഗ്രൗണ്ടടക്കം ഒരുകാലത്ത് ഉണ്ടായിരുന്നതായും എന്നാല്‍ ഇന്ന് അവയെല്ലാം കടലെടുത്ത സ്ഥിതിയിലാണെന്നും നാട്ടുകാര്‍ പറയുന്നു.
ദേശീയതലത്തിലും വിത്യസ്ത സംസ്ഥാനങ്ങള്‍ സ്വന്തം നിലയിലും തീരദേശ സംരക്ഷണത്തിനും പ്രദേശവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ശാസ്ത്രീയമായ പുതിയ കണ്ടെത്തലുകള്‍ നടത്തുകയും അവ തീരദേശങ്ങളില്‍ നടപ്പിലാക്കി വരികയുമാണ്. എന്നാല്‍ കേരളത്തില്‍ പ്രത്യേകിച്ച് ഉത്തര മലബാറില്‍ ഈ മേഖലയില്‍ ശാസ്ത്രീയമായ നടപടികളൊന്നും നടക്കാത്ത സ്ഥിതിയാണ്. ഫലത്തില്‍ കാലവര്‍ഷം കടന്നു വരുമ്പോള്‍ ഭീതിയുടെ നിഴലിലാണ് തീരദേശവാസികള്‍. തീരദേശവാസികളെ പുനരധിവസിപ്പിക്കാനായി പുനര്‍ഗേഹം പദ്ധതി പോലുള്ള പല പദ്ധതികളും സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ടെങ്കിലും ഉത്തരമലബാറുകാര്‍ക്ക് ഇതിന്റെ പൂരണ്ണ ഗുണം ഇതുവരെ ലഭ്യമായിട്ടില്ല. നേരത്തെ തീരദേശവാസികളായ മത്സ്യ തൊഴിലാളികള്‍ക്ക് മാത്രം ലഭിച്ചിരുന്ന വീട് നിര്‍മ്മാണ ആനുകൂല്യങ്ങള്‍ പദ്ധതി എല്ലാ വിഭാഗം ജനത്തിനുമായി മാറ്റിയതോടെ നിലവിലുളളതും ഇല്ലാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. പുനര്‍ഗേഹം പദ്ധതി വേണ്ട രീതിയില്‍ നടപ്പിലാകുന്നില്ലെന്നും പദ്ധതി കാര്യക്ഷമമല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ജില്ലയില്‍ മാടായി പഞ്ചായത്തിലെ ചൂട്ടാട് പുതിയ വളപ്പ് മേഖലയില്‍ മാത്രം 150 മീറ്റര്‍ തീരം ഇതിനോടകം കടലെടുത്തിട്ടുണ്ട്. പുലിമുട്ട് നിര്‍മ്മാണത്തിനായി സ്ഥാപിച്ച 50 മീറ്ററിലേറെ ഭാഗവും കടലെടുത്ത അവസ്ഥയിലാണ്. നിലവിലെ സ്ഥിതിതി തുടര്‍ന്നാല്‍ പുതിയ വളപ്പ് പ്രദേശം തന്നെ ഇല്ലാതായേക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. കടല്‍ ഭിത്തി നിര്‍മ്മിച്ചാല്‍ മാത്രമെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയു എന്നിരിക്കെ ഇതിന് അധികൃതര്‍ തയ്യാറാവുന്നില്ല. മഴയെത്തിയാല്‍ ഇതേ സ്ഥിതിയാണ് ജില്ലയിലെ തീരദേശം ആരംഭിക്കുന്ന ന്യൂമാഹി മുതല്‍ തലായി മാക്കൂട്ടം, പെട്ടിപ്പാലം, ചാലില്‍, പാലിശ്ശേരി തീരമേഖലകളിലെല്ലാം. കടലേറ്റം തടയാന്‍ കടല്‍ഭിത്തി നിര്‍മ്മാണവും പുലിമുട്ട് നിര്‍മ്മാണവും നടത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പയ്യന്നൂര്‍ എട്ടിക്കുളം, പാലക്കോട്, പുതിയവളപ്പ്, ചൂട്ടാട്, പുതിയങ്ങാടി ബിച്ച്, കക്കാടന്‍ ചാല് കടപ്പുറംബിച്ച് റോഡ് , അരിച്ചാല്‍, മാട്ടൂല്‍ സൗത്ത്, അഴീക്കല്‍ അഴിമുഖം കടപ്പുറമടക്കമുളള എല്ലാ തീരദേശങ്ങളിലും മഴക്കാലത്തെ സ്ഥിതി അതി ഗൗരവകരമാണ്. ജില്ലാ ആസ്ഥാനത്തോട് തൊട്ടു കിടക്കുന്ന ആയിക്കര, മാപ്പിളബേ, അഴീക്കല്‍, നീര്‍ക്കടവ്, കുറുവ, സിറ്റി തുടങ്ങിയ മേഖലകളിലും എടക്കാട്, ഏഴരക്കടപ്പുരം, മുഴപ്പിലങ്ങാട് ബീച്ച്, ധര്‍മ്മടം പഞ്ചായത്തിലെ തീരദേശങ്ങളും കടലാക്രമണ ഭീഷണിയടക്കമുളള ദുരന്തങ്ങളേറ്റുവാങ്ങുന്ന പ്രദേശങ്ങളാണ്. ജില്ലയിലെ ഹാര്‍ബറുകളില്‍ കാലങ്ങളായി മണലെടുപ്പ് (ഡ്രഡ്ജിംഗ്) നടക്കാത്തതിന്റെ ദുരന്തഫലങ്ങളും തീരദേശവാസികള്‍ പ്രത്യേകിച്ച് മത്സ്യ ബന്ധന ബോട്ടുകള്‍ ഉപയോഗിക്കുന്ന മത്സ്യ തൊഴിലാളികള്‍ ഏറ്റുവാങ്ങുന്ന സാഹചര്യമാണ്. ഹാര്‍ബറില്‍ നിന്നും അകത്തേക്കും പുറത്തേക്കുമുളള യാനങ്ങള്‍ അടിതട്ടി അപകടത്തില്‍പ്പെടുന്നതും കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്. മഴക്കാലത്ത് പല തീരദേശ മേഖലകളിലും കടലാക്രമണം കാരണം റോഡ് ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെടുന്നതും പതിവാണ്. കടല്‍ഭിത്തി നിര്‍മ്മാണം തുടങ്ങിയ സുരക്ഷാ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാതെ നോക്കുകുത്തിയായി മാറുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍.
കാസര്‍കോടും സമാനമായ സാഹചര്യമാണ്. കഴിഞ്ഞവര്‍ഷം ഉപ്പള മുസോടി മുതല്‍ മൊഗ്രാല്‍ കൊപ്പളം വരെ ഉണ്ടായ കടലാക്രമണത്തില്‍ ഒട്ടേറെ വീടുകള്‍ കടലെടുക്കുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇവിടെ കടല്‍ഭിത്തി എന്ന പേരില്‍ ചെറിയ കരിങ്കല്ലുകള്‍ പാകി കെട്ടിപ്പൊക്കിയ ഭിത്തികള്‍ക്ക് ഒരു വര്‍ഷം പോലും ആയുസ്സ് ഉണ്ടായില്ല. കടല്‍ക്ഷോഭം മൂലം ഏറെ ദുരിതം അനുഭവിക്കുന്ന മൊഗ്രാല്‍ തീരമേഖലയില്‍ നേരത്തേ നിര്‍മിച്ച കടല്‍ ഭിത്തികളൊക്കെ കടല്‍ വിഴുങ്ങിയ നിലയിലാണ്. ഈ വര്‍ഷവും കടല്‍ഭിത്തി നിര്‍മാണത്തിന് അധികൃതര്‍ കല്ലുകള്‍ കൊണ്ടിട്ടെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍മാണം തുടങ്ങിയിട്ടില്ല. കടലാക്രമണത്തിന്റെ രൂക്ഷത അനുഭവിക്കുന്ന മറ്റ് പ്രദേശങ്ങളാണ് കേക്കല്, തൃക്കണ്ണാട്, കോട്ടിക്കുളം എന്നിവ. ഇവിടങ്ങളില്‍ ഒരോ വര്‍ഷവും നിരവധി വീടുകളാണ് കടലാക്രമത്തില്‍ അകപ്പെട്ട് നശിച്ചുപോകുന്നത്. വീടുകളിലേക്ക് തിരയടിച്ച് കയറുമ്പോള്‍ വീട്ടുകാരെ അടുത്തുള്ള സ്കൂളുകളിലേക്കോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കോ മാറ്റി പാര്‍പ്പിക്കുന്നതെല്ലാതെ ശാശ്വത പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. മഞ്ചേശ്വരം, കുമ്പള, കീഴൂര്‍,കാസര്‍കോട്, തൃക്കണ്ണാട്, ബേക്കല്‍, ചിത്താരി, അജാനൂര്‍, വലിയപറമ്പ, നീലേശ്വരം തൈക്കടപ്പുറം എന്നിവയാണ് പ്രധാനമായും കടലാക്രമണ ഭീഷണി നേരിടുന്ന ജില്ലയിലെ മറ്റ് പ്രദേശങ്ങള്‍. കാസര്‍കോട് കസബ കടപ്പുറത്ത് നിര്‍മ്മിക്കുന്ന ഹാര്‍ബര്‍ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല എന്നതും കാസര്‍കോട്ടെ കടലോര നിവാസികള്‍ നേരിടുന്ന ദുരിതങ്ങളിലൊന്നാണ്.
തീരമേഖലയിലെ കടലാക്രമണം ചെറുക്കാന്‍ ഇപ്പോഴും ശാസ്ത്രീയമായ പദ്ധതികളൊന്നും ഇരു ജില്ലകളിലുമില്ല. വര്‍ഷാവര്‍ഷം തീരമേഖലയില്‍ കടലാക്രമണം മൂലം ജനങ്ങളുടെ ജീവനും, വീടും, സ്ഥലവും നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ആ സമയത്ത് ദുരിത പ്രദേശങ്ങള്‍ റവന്യു അധികൃതരും ജനപ്രതിനിധികളും സന്ദര്‍ശിച്ച് മടങ്ങുന്നതല്ലാതെ ശാശ്വതവും ശാസ്ത്രീയമായ പദ്ധതി നടപ്പിലാക്കാന്‍ അധികൃതര്‍ മുന്നോട്ടുവരാത്തതില്‍ തീരമേഖലയില്‍ വലിയ പ്രതിഷേധമാണുള്ളത്. കടലാക്രമണം ഉണ്ടാവുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിക്കുകയും തീരമേഖലയില്‍ നിന്ന് മാറി താമസിക്കാന്‍ പറയുകയും ചെയ്യും. മാത്രമല്ല പ്രഖ്യാപിച്ച പദ്ധതികള്‍, സൗജന്യ റേഷന്‍ പോലും ഉദ്യോഗസ്ഥചുവപ്പുനാടയില്‍ കുടുങ്ങി അര്‍ഹരുടെ കൈകളിലെത്താതിരിക്കുകയും ഭരണക്കാര്‍ കൊടിയുടെ നിറം നോക്കി സ്വന്തക്കാര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കുന്നതായും തീരദേശവാസികള്‍ പറയുന്നു. പാവപ്പെട്ട തീരദേശവാസികള്‍ക്കായുളള അധികൃതരുടെ പദ്ധതി പ്രഖ്യാപനങ്ങള്‍ കടലാസിലൊതുക്കാതെ സുതാര്യമായി നടപ്പിലാക്കണമെന്നാണ് ഇവരുടെ എക്കാലത്തേയും ആവശ്യം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: