ലീഡ്സ്: ആരാധകര്‍ക്കും പിന്തുണക്കാരെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ലീഡ്സ് ടെസ്റ്റില്‍ ഒടുവില്‍ ഇംഗ്ലണ്ട് തന്നെ വിജയിച്ചു. സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാരുടെ ഗണത്തില്‍പ്പെടുത്താനാവാത്ത ക്രിസ് വോക്സും മാര്‍ക് വുഡും അവസാനം നടത്തിയ കരുത്തന് ചെറുത്തുനില്‍പ്പാണ് ആതിഥേയരെ വിജയതീരത്തെത്തിച്ചത്. ആഷസ് പരമ്പരയുടെ മൂന്നാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയം.
സ്കോര്‍: ഓസ്ട്രേലിയ- 263, 224; ഇംഗ്ലണ്ട് 237, 254/7
മഴപെയ്ത് മൂന്നാം ദിനത്തിന്റെ ബാക്കി ഇന്നിങ്സുമായി ഓസീസ് നേരത്തെ ബാറ്റ് ചെയ്യാനിറങ്ങി. 224 റണ്‍സെടുത്ത് പുറത്തായ ഓസീസ് രണ്ടാം ഇന്നിങ്സ് ലീഡ് കൃത്യം 250ലെത്തിച്ചു. ഇതിനെതിരെ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് തുടക്കത്തിലെ കരുതലോടെ കളിച്ചു. ടീം ടോട്ടല്‍ 42ലെത്തിയപ്പോള്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കി ഓസീസ് പേസര്‍മാര്‍ പണി തുടങ്ങി. പിന്നെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടിരുന്നു.
കഴിഞ്ഞ മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് രക്ഷകനായെത്തിയ നായകന് ബെന്‍ സ്റ്റോക്സിനും ഇക്കുറി നേരത്തെ പുറത്തായി. 13 റണ്‍സാണ് സംഭാവന ചെയ്തത്. ഇത്തവണ ഒരറ്റത്ത് അചഞ്ചലമായി നിലകൊണ്ടത് മദ്ധ്യനിരതാരം ഹാരി ബ്രൂക്ക്(75) ആണ്. ടീം ടോട്ടല്‍ 230 റണ്‍സെത്തിയപ്പോള്‍ ബ്രൂക്ക് പുറത്തായപ്പോള്‍ ടീം വീണ്ടും വിറച്ചു. ഒടുവില്‍ ക്രിസ് വോക്സും(32) ഒപ്പം പിന്തുണയുമായി മാര്‍ക് വുഡു(16)ം കൂടിയതോടെ ഇംഗ്ലണ്ട് ഒരുവിധത്തില്‍ ജയം സ്വന്തമാക്കി.
അഞ്ച് മത്സര ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ആദ്യ വിജയമാണിത്. ബിര്‍മിങ്ഹാമിലും ലോര്‍ഡ്സിലുമായി നടന്ന ആദ്യ രണ്ട് ടെസ്റ്റുകളിലും ഓസീസ് തുടര്‍ച്ചയായ വിജയം നേടി പരമ്പരയില്‍ 2-1ന് മുന്നിട്ടുനില്‍ക്കുകയാണ്. നാലാം ടെസ്റ്റ് 19ന് മാഞ്ചസ്റ്ററില്‍ ആരംഭിക്കും. ലോക ടെസ്റ്റ് ഫൈനല്‍ നടന്ന ഓവലിലാണ് അവസാന ടെസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: