പോത്തന്‍കോട്: ജംഗ്ഷനും പ്രധാന റോഡരികിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പാവങ്ങളെ പിഴിയുന്ന പോലീസ് മുതലാളിമാരുടെ മുന്നില്‍ കണ്ണടയ്ക്കുന്നു. പോത്തന്‍കോട് ജംഗ്ഷനിലും സമീപത്തും പാര്‍ക്കിങ്ങ് നിയന്ത്രണമുണ്ട്.
അത്യാവശ്യത്തിനായി റോഡരികില്‍ വാഹനം നിര്‍ത്തി മരുന്നു കടയില്‍ കയറിയാല്‍ പോലും ക്യാമറ കണ്ണുകളില്‍ പകര്‍ത്തി പോലീസ് പിഴ ഈടാക്കാറാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ക്രസന്റ് ആഡിറ്റോറിയത്തിന് മുന്നിലെ റോഡരികിലെ അനധികൃത പാര്‍ക്കിങ് പോലീസ് കണ്ടില്ലന്ന് നടിക്കുകയായിരുന്നു. റോഡിന് ഇരുവശങ്ങളിലുമായുള്ള അനധികൃത പാര്‍ക്കിങ്ങ് കാരണം മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയായിരുന്നു. ആഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരത്തിന് എത്തുന്നവരാണ് അനധികൃതമായി പാര്‍ക്ക് ചെയ്ത് പോകുന്നത്.
ആഡിറ്റോറിയത്തില്‍ വേണ്ടത്ര പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതാണ് ഇത്തരത്തില്‍ റോഡിന്റെ ഇരുവശങ്ങളിലായുള്ള പാര്‍ക്കിങിന് കാരണമാകുന്നത്. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പോലിസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയെങ്കിലും അനധികൃത പാര്‍ക്കിങിനെതിരെ നടപടികള്‍ ഉണ്ടായില്ല. പോലീസ് ഇത്തരം അനധികൃത പാര്‍ക്കിങിനെതിരെ കണ്ണടയ്ക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം
പ്രതികരിക്കാൻ ഇവിടെ എഴുതുക: