പട്ന: അന്തരിച്ച മുന്‍കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്റെ മകനും എല്‍ജെപി (ലോക് ശക്തി പാര്‍ട്ടി) നേതാവുമായ ചിരാഗ് പസ്വാന്റെ പക്ഷത്തെക്കൂടി ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയിലേക്ക് മാറ്റാന്‍ ബീഹാറില്‍ ചര്‍ച്ച തുടങ്ങി. രാംവിലാസ് പസ്വാന്റെ മരണത്തെ തുടര്‍ന്ന് സഹോദരന് പശുപതി പരസിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഇപ്പോഴേ മോദി സര്‍ക്കാരിന്റെ ഭാഗമാണ്.പശുപതി പരസ് മോദി സര്‍ക്കാരില്‍ മന്ത്രിയുമാണ്. എന്നാല്‍ ചിരാഗ് പസ്വാനെക്കൂടി ലഭിച്ചാല്‍ ബീഹാറില്‍ ബിജെപി സഖ്യകക്ഷിയുടെ കരുത്ത് കൂട്ടാമെന്ന് കരുതുന്നു.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിയില്‍ നിന്നും പോയി ലാലുപ്രസാദ് യാദവിനൊപ്പം ചേര്‍ന്ന് മഹാഘട്ബന്ധന് സഖ്യകക്ഷി രൂപീകരിച്ചതോടെ തീരിച്ചടിക്കാന് പാകത്തില്‍ ശക്തമായ മുന്നണിയുണ്ടാക്കാനുള്ള നീക്കത്തിലാണ് ബിജെപി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബീഹാറില്‍ എന്‍ഡിഎ മുന്നണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബിജെപിയുടെ ഈ നീക്കം. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി ബീഹാറിലെ പട്നയില്‍ ലോക് ജനശക്തി പാര്‍ട്ടി(രാംവിലാസ്) അധ്യക്ഷന്‍ കൂടിയായ ചിരാഗ് പസ്വാനുമായി സംഭാഷണം നടത്തുകയാണ്.
ഇതിന് മുന്നോടിയായി ലോക് ജനശക്തി പാര്‍ട്ടി നേതാക്കള്‍ നടത്തിയ നിര്‍ണ്ണായകയോഗത്തില്‍ ചിരാഗ് പസ്വാനെ സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നിയോഗിച്ചു. ലോക് ജനശക്തി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ ദീര്‍ഘകാലമായി ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും അത് ഇനിയും തുടരുമെന്നും നിത്യാനന്ദ് റായി പറഞ്ഞു. ബിജെപിയും രാം വിലാസ് പസ്വാനും രാജ്യത്തെ സേവിക്കാന്‍ ഒരുമിച്ച് അധ്വാനിച്ചവരാണ്. ചിരാഗുമായും ബിജെപിയ്ക്ക് ഒരു തര്‍ക്കവുമില്ല.- നിത്യാനന്ദ് റായി പറഞ്ഞു.
2024ലും പ്രധാനമന്ത്രി മോദി തന്നെ അധികാരത്തില്‍ വരും. രാജ്യത്തെ ജനങ്ങള്‍ മോദിക്ക് വേണ്ടി ഒന്നിച്ചുകഴിഞ്ഞു. അതേ സമയം മഹാഘട് ബന്ധന് സഖ്യത്തിലുള്ള നേതാക്കള്‍ തമ്മില്‍ നിറയെ അഭിപ്രായഭിന്നതയാണ്. – നിത്യാനന്ദ റായി പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ 2024ല്‍ സഖ്യം രൂപീകരിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് ചിരാഗ് പസ്വാന് പറഞ്ഞു. ഇപ്പോള്‍ ലോക് ജനശക്തി പാര്‍ട്ടിക്ക് രണ്ട് ഘടകങ്ങളുണ്ട്. അതില്‍ ഒന്ന് രാംവിലാസ് പസ്വാന്റെ മകന്റെ കൂടെയുള്ള പാര്ട്ടിഘടകമാണെങ്കില് മറ്റൊന്ന് രാം വിലാസ് പസ്വാന്റെ സഹോദരന് പശുപതി പരസിന്റെ നേതൃത്വത്തിലുള്ള ഘടകമാണ്. പശുപതി പരസ് മോദി സര്‍ക്കാരില്‍ മന്ത്രിയാണ്. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ പശുപതി പരസിന് പുറമെ ചിരാഗ് പസ്വാനെക്കൂടി എന്‍ഡിഎയുടെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: