ഡോ. മുരളീധരന് നായര്‍
ജനനം മുതല്‍ മരണം വരെയുള്ള ജീവിതചര്യകള്‍ മാത്രം നിഷ്കര്‍ഷിക്കുന്ന, ഒരൊറ്റ ഗ്രന്ഥത്തില്‍ മാത്രമൊതുങ്ങുന്ന, ഒന്നല്ല സനാതന ധര്‍മസംഹിതകള്‍. സനാതനധര്‍മത്തിന്റെ കര്‍മവിഭാഗം ഹിന്ദുധര്‍മമതവും (വൈദികം) അതിന്റെ ജ്ഞാനമാര്‍ഗമായ വേദാന്തം തീര്‍ത്തും ലൗകികേതരവും ശുദ്ധ ആത്മീയവിദ്യയടങ്ങിയ അദൈ്വത വിചാരപരവുമാണ്. അത് ലോകത്തില്‍ മറ്റെങ്ങും കാണാത്ത ഉത്കൃഷ്ടചിന്തയും ആത്മാന്വേഷണപരമായ അറിവിന്റെ ഔന്നിത്യവുമാണ്. തീര്‍ത്തും യുക്തിവിചാരം കൂടിയാകുന്നു അത്.
വേദാന്തവിഷയങ്ങളിലെ കര്‍മപരമായ ആചാരാനുഷ്ഠാനങ്ങളില്‍, ഒരു പരിധിവരെ വിശ്വാസങ്ങളും മറ്റും സ്വാധീനം ചെലുത്തുമെങ്കിലും വേദാന്തം ശുദ്ധ, നിത്യസത്യവും പരമമായ ജ്ഞാനവുമാണ്. അതില്‍ ജീവാത്മാ, പരമാത്മാ ഐക്യമാണ് സംഭവിക്കുന്നത്. ശുദ്ധമായ അന്തര്‍മുഖ യുക്തിവിചാരവും കൂടിയാണത്.
യുക്തിചിന്ത എന്നാല്‍ കേവലം ഭൗതികയുക്തി മാത്രമായാണ് പൊതുവെ ഇന്ന് കാണുന്നത്. ബഹിര്‍മുഖ ചിന്തകളില്‍ ഒതുക്കിയ ഒരു ചിന്താസരണിയായി മാത്രം അറിയപ്പെടുന്ന വിജ്ഞാന(Meterial thought) മായി യുക്തിചിന്ത മാറി. കൂടുതല്‍ ആഴത്തിലുള്ള അന്തര്‍മുഖ ദര്‍ശനാന്വേഷണങ്ങളെ അവഗണിക്കലാണ് ഇതെന്നു പറയാം. ഭാരതത്തില്‍, പ്രത്യേകിച്ചും കേരളത്തില്‍ ഇന്ന് കാണുന്ന യുക്തിചിന്തകള്‍ പരോക്ഷമായും പ്രത്യക്ഷമായും ഭാരതീയ ആചാരാനുഷ്ഠാനങ്ങളെയും ആത്മീയതയെയും അവഹേളിക്കാണും തെറ്റായി വ്യാഖ്യനിക്കാനുമാണ് ശ്രമിക്കുന്നതെന്നു കാണാം.
ദൃശ്യപ്രപഞ്ചത്തില്‍ അദൃശ്യമായ ഒട്ടനവധി വസ്തുതകള്‍ നിലനില്ക്കുന്നു. ഉദാ: സ്ഥൂലശരീരത്തെ മാത്രമേ നാം കാണുന്നുള്ളൂ. അതിലുള്ള ബോധ, ചൈതന്യകളായ ജീവനെ നമ്മള് കാണുന്നില്ല, അനുഭവിച്ചറിയുകമാത്രമാണ് ചെയ്യുന്നത്. അതുപോലെ കാറ്റ് അഥവാ വായുവിനെ കാണുന്നില്ല. അതും അനുഭവിച്ചറിയുകയാണ് ചെയ്യുന്നത്. അങ്ങനെ അളവില്ലാത്ത ഒരു പാട് വിഷയങ്ങള്‍ ഈ പ്രപഞ്ചത്തില്‍ നമുക്ക് ചുറ്റും ദൃശ്യമല്ലാത്തവയായുണ്ട്. അവയൊക്കെ നിഷേധിക്കാനാവുമോ? വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചിട്ടും മനുഷ്യ ശരീരത്തെയല്ലാതെ മന, പ്രാണങ്ങളും അതിന്റെ സ്ഥാനവും കൃത്യമായി അറിയാന്‍ കഴിഞ്ഞിട്ടില്ലല്ലോ? അപ്പോള്‍ പ്രാണനെക്കുറിച്ചോ ജീവത്മാവിനെക്കുറിച്ചോ എന്തറിയാം? ഒന്നുമറിയില്ല എന്നതാണ് സത്യം! എത്ര പ്രഗത്ഭ ഭിഷഗ്വരനും ചികിത്സിക്കുന്നത് ശരീരത്തെ മാത്രമാണ്. അതിനെ നിയന്ത്രിക്കുന്ന പ്രാണന്, ആത്മാവ് അഥവാ ആ ശരീരത്തെ നിലനിര്‍ത്തിക്കൊണ്ടുപോകുന്ന ബോധ, ചൈതന്യങ്ങളെന്ന സൂക്ഷ്മഘടകങ്ങള്‍ (ജീവാത്മാവ്) ഇവയെക്കുറിച്ചെല്ലാം തീര്‍ത്തും അജ്ഞരാണവര്‍. പക്ഷെ സ്ഥൂലശരീരത്തെ മനുഷ്യനോ ജീവിയോ ആക്കി മാറ്റുന്നത് ഈ സൂക്ഷ്മ ഘടകം മാത്രമാണ് താനും. എന്തൊരു വിരോധാഭാസം! അപ്പോള്‍ യുക്തിചിന്ത വികസിക്കേണ്ടത് ഈ സൂക്ഷ്മ വിഭാഗത്തിലേക്കല്ലേ? അതെ. അതാണ് വേദന്താമെന്ന ജ്ഞാനസീമ ഉദ്ഘോഷിക്കുന്നത്. അതറിയാത്ത അജ്ഞാനികളും അല്‍പ്പജ്ഞാനികളുമാണ് ആ അന്തര്‍മുഖ (Introspective) ചിന്താസരണിയെ തള്ളിപ്പറയുന്നത്.
ഈ ദൃശ്യപ്രപഞ്ചം വെറും പരസ്പര ആകര്‍ഷണ സിദ്ധാന്തം കൊണ്ട് മാത്രം നിലനില്‍ക്കുന്നതല്ലെന്ന് ആധുനിക ശാസ്ത്രം തന്നെ സമ്മതിച്ചു കഴിഞ്ഞു. യുക്തിവാദം സത്യവും നിഷ്പക്ഷവുമായ ഒരു ബുദ്ധിവിചാരമാകണം. എങ്കിലേ അതുകൊണ്ട് സാമൂഹ്യ നന്മ വിതയ്ക്കാനാകൂ. അല്ലാത്ത പക്ഷം അതൊരു സാമൂഹ്യവിപത്തായി മാറും. അതാണിന്ന് പലേടത്തും സംഭവിക്കുന്നത്. യുക്തി എന്നത് വ്യക്തിഗത മാനസികതലത്തിനനുസരിച്ച് വ്യത്യസ്തമാകുമല്ലോ. വ്യക്തിയുടെ മനോ, ബുദ്ധി, ചിത്ത, അഹങ്കാര തലങ്ങളുടെ വാസനപരമായ വ്യത്യസ്തത അതിനെ വളരെയേറെ സ്വാധീനിക്കും. അപ്പോള്‍ യുക്തി ചിന്തകളുടെ തലങ്ങളും വ്യത്യസ്തമാകും.
വ്യാവഹാരികതലത്തില്‍ അത് ഭൗതികതലത്തെ മാത്രം അപഗ്രഥിക്കാനേ ഉപകരിക്കൂ. അങ്ങനെയാകാതിരിക്കാന്‍ വ്യക്തിയുടെ വൈജ്ഞാനിക തലം കൂടി ഉയരേണ്ടതുണ്ട്. അതില്ലാത്തതാണ് ഇന്നത്തെ പ്രശ്നം. പ്രപഞ്ച, ജീവ, അന്തര്‍മുഖ ചിന്താധാര കൂടി ഗ്രഹിക്കുമ്പോള്‍ യുക്തിചിന്താതലവും ഉയരും. അതുമാത്രമേ പരിഹാരമുള്ളൂ.
ഇന്ന് പ്രത്യക്ഷവും പരോക്ഷവുമായ ആത്മീയചിന്തകള്‍ പരസ്പരപൂരകങ്ങളായി വര്‍ത്തിക്കേണ്ടതിനു പകരം പരസ്പര വൈരികളായി നിലകൊള്ളുന്നു എന്നത് തീര്‍ത്തും സങ്കടകരമാണ്. യുക്തിവാദം, അദൃശ്യമായ എല്ലാ ഉണ്മയെയും നിഷേധിക്കുന്ന ഒരു പ്രസ്ഥാനമായിമാറുകയാണ്. ദൃശ്യമായതിന്റെ എത്രയോ ഇരട്ടി അദൃശ്യമായവയാണ് നിലനില്‍ക്കുന്നത്. അവയാണ് ഈ പ്രപഞ്ചത്തിന്റെ ആധാരശിലകള്‍. അവയെയൊക്കെ നിയന്ത്രിച്ചു നിലനിര്‍ത്തുന്ന ബോധ, ചൈതന്യങ്ങളെ അറിയാനാണ് വിവേകിയായ മനുഷ്യന് പഠിക്കേണ്ടത്. അല്ലാതെ തനിക്കു കാണാനോ അറിയാനോ കഴിയാത്ത പ്രപഞ്ച ഉണ്മയെ അടപടലം നിഷേധിച്ച് മാറ്റിനിര്‍ത്താനല്ല. അത് മാരകവും ബുദ്ധിശൂന്യവുമാണ്. വിശ്വവിഖ്യാത ഭൗതിക ശാസ്ത്രജ്ഞന് ഐന്സ്റ്റീന് പരമാണു വിലെ അത്യുജ്ജ്വല പ്രവര്‍ത്തന പ്രതിഭാസം കണ്ടപ്പോള്‍, ‘അതിലെ ദൈവികതയെ ഞാന്‍ ദര്‍ശിക്കുന്നു ‘എന്നാണ് പറഞ്ഞതെന്ന് ഓര്‍ക്കുക.
നിക്പക്ഷമായി വസ്തുക്കളെ അപഗ്രഥിച്ചാല്‍ അത്യന്തസൂക്ഷ്മമായ ചൈതന്യത്തിലാണ് അവ ചെന്നെത്തി നില്ക്കുക. അതിന്റെ ആത്മസത്തയിലേക്കെന്ന് സാരം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: