ചങ്ങനാശ്ശേരി: കോടികള്‍ മുടക്കി നിര്‍മാണം. ഒരിക്കലും റോഡില്‍ വെള്ളം കയറില്ലെന്ന വാഗ്ദാനം. ഇങ്ങനെയായിരുന്നു ആലപ്പുഴചങ്ങനാശ്ശേരി റോഡിന്റെ നിര്‍മാണ ഘട്ടത്തില്‍ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസം പെയ്ത മഴയില്‍ റോഡ് ഏതാ, തോട് ഏതാ എന്ന് തിരച്ചറിയാനാവാതെ സര്‍വ്വത്ര വെള്ളം കയറി.
റോഡ് നിര്‍മാണത്തിലെ അപാകതയാണ് വെള്ളം റോഡ് കവിഞ്ഞൊഴുകുന്നതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കനാല്‍ പോളകൊണ്ട് നിറഞ്ഞിരിക്കുകയാണ്. കനാല്‍ ആരംഭിക്കുന്ന മനക്കല്ച്ചിറയില് ഒരാള്‍ പൊക്കത്തില്‍ പോളയോടൊപ്പം കാട് വളര്‍ന്ന നിലയിലാണ്. പായിപ്പാട് പഞ്ചായത്തിന്റെയും ചങ്ങനാശേരി മുനിസിപ്പാലിറ്റിയുടെയും അതിര്‍ത്തി പ്രദേശമായ കനാലിനു തെക്ക് വശത്തും, നവീകരിച്ച എസി റോഡിന് വടക്കുവശത്തുമായി താമസിക്കുന്നവരുടെ വീടുകളുടെ സമീപത്തു വരെ വെള്ളം എത്തിയിട്ടുണ്ട്.
കിഴക്കന്‍ മേഖലയില്‍ നിന്നും മലവെള്ളത്തിന്റെ കുത്തൊഴുക്കില്‍ തോടുകള്‍ കവിഞ്ഞൊഴുകുകയാണ്. ഒന്നാം പാലം മുതല്‍ രണ്ടാം പാലം വരെയുള്ള താഴ്ന്ന ഭാഗങ്ങള്‍ കേന്ദ്രീകരിച്ചു മനക്കല്‍ച്ചിറ വരെ ഫ്ളൈ ഓവര്‍ നിര്‍മിക്കണമെന്ന നിര്‍ദേശം രൂപ രേഖയില്‍ നിന്ന് ഒഴിവായതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ആശാസ്ത്രീയ റോഡ് നിര്‍മാണമാണ് നടത്തുന്നതെന്നും റോഡ് നിര്‍മാണത്തില്‍ വന്‍ അഴിമതിയുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: