ഇസ്ലാമബാദ്: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് പങ്കെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ, ഇന്ത്യയില്‍ കളിക്കാന്‍ വ്യവസ്ഥകള്‍ വേണമെന്നാണ് പാകിസ്ഥാന് കായിക മന്ത്രി എഹ്സാന്‍ മസാരിയുടെ അഭിപ്രായം.
ഒക്ടോബര്‍ 15 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഉടന്‍ നടക്കുന്ന ഏഷ്യാ കപ്പിന് ബിസിസിഐ ഇന്ത്യന്‍ താരങ്ങളെ പാകിസ്ഥാനിലേക്ക് അയച്ചില്ലെങ്കില്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാനും സമാനമായ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് മസാരി പറഞ്ഞു.ബിസിസിഐയും പിസിബിയും ഏഷ്യാ കപ്പിന്റെ വേദിയെച്ചൊല്ലി ഭിന്നതയിലാണ്. ഏഷ്യാ കപ്പ് പൂര്‍ണമായും പാകിസ്ഥാനില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, പാകിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ തയാറാകാതിരുന്നതോടെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ഹൈബ്രിഡ് മോഡല്‍ നിര്‍ദ്ദേശിക്കുകയും ടൂര്‍ണമെന്റ് പാകിസ്ഥാനിലും ശ്രീലങ്കയിലുമായി നടത്തണമെന്നുമുളള തീരുമാനത്തിലാണ്.
ഏഷ്യാ കപ്പ് മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ കളിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയാണെങ്കില് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്ഥാനും പങ്കെടുക്കാതെ നിഷ്പക്ഷ വേദി ആവശ്യപ്പെടും- മസാരി പറഞ്ഞു. ഏതായാലും ഇന്ത്യയില്‍ ലോകകപ്പ് കളിക്കണമോ എന്ന് തീരുമാനിക്കാന്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഷാബാസ് ഷെറീഫ് ഉന്നതതല സമിതിക്ക് രൂപം നല്‍കിയിരിക്കുകയാണ്.വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയാണ് സമിക്ക് നേതൃത്വം നല്‍കുന്നത്.11 മന്ത്രിമാരാണ് സമിതിയിലുളളത്. സമിതി ശുപാര്‍ശ ചെയ്യുന്നത് പ്രകാരം പ്രധാനമന്ത്രിയാകും തീരുമാനം പ്രഖ്യാപിക്കുക.
ഏഷ്യാ കപ്പിനുള്ള ഹൈബ്രിഡ്’ മോഡലിലും മസാരി അതൃപ്തി പ്രകടിപ്പിച്ചു.പാകിസ്ഥാന് ആതിഥേയരാണ്. പാകിസ്ഥാനില്‍ എല്ലാ മത്സരങ്ങളും നടത്തണം.ഇന്ത്യ കായികരംഗത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിനെയും പാക് കായിക മന്ത്രി വിമര്‍ശിച്ചു.പാകിസ്ഥാന്റെ ഫുട്ബോള്‍, ഹോക്കി, ചെസ് ടീമുകള്‍ ഇന്ത്യയില്‍ കളിക്കാന്‍ പോകാറുണ്ടെന്ന് മസാരി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: