വര്‍ക്കല: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ശിവഗിരി മഠം സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.40 ന് ശിവഗിരിയില്‍ എത്തിയ അദ്ദേഹം മഹാസമാധിയിലെത്തി പ്രാര്‍ത്ഥിച്ചു.
ശിവഗിരി മഠത്തിലും അനുബന്ധ ആശ്രമങ്ങളിലും നടന്നുവരുന്ന സ്വദേശ് ദര്ശന് പദ്ധതികളുടെ നിര്‍വഹണം ഐടിഡിസിയുടെ നേതൃത്വത്തില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം സംന്യാസിശ്രേഷ്ഠരുമായി നടന്ന കൂടിക്കാഴ്ചയില്‍ ഉറപ്പ് നല്കി. കേന്ദ്രസര്‍ക്കാരിന്റെ ശിവഗിരി സര്‍ക്യൂട്ടുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതികളുടെ സ്ഥിതിയെക്കുറിച്ചും മന്ത്രി ചോദിച്ചറിഞ്ഞു.
ശിവഗിരി മെഡിക്കല്‍ മിഷന് ആശുപത്രിയുടെ വികസനത്തിന് കേന്ദ്രപദ്ധതിയില്പ്പെടുന്ന എന്ത് സഹായം ചെയ്യാനാവുമെന്ന് പരിശോധിക്കും. തിരുവനന്തപുരം കേന്ദ്രമാക്കി കാന്‍സര്‍ രോഗികള്‍ക്കും മറ്റും താമസിക്കുന്നതിനായി രൂപം നല്കുന്ന സ്നേഹാലയം പദ്ധതിക്ക് സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. ശിവഗിരി സന്ദര്‍ശനം തനിക്ക് മാനസികമായി ഏറെ പ്രചോദനം നല്‍കുന്നതാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി വിശാലാനന്ദ, ട്രസ്റ്റ് പ്രസിഡന്റിന്റെ ഓഫീസ് ചുമതലയുള്ള സ്വാമി വിരജാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, ഗുരുധര്‍മ പ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ്, കൊല്ലം ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വക്കം അജിത്, വര്‍ക്കല മണ്ഡലം പ്രസിഡന്റ് വിജി, ബിജെപി കൗണ്‍സിലര്‍മാര്‍, ബിജെപി പ്രാദേശിക നേതാക്കള്‍ തുടങ്ങിയവര്‍ കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: