സനാതന ധര്‍മ്മത്തിന്റെ സംരക്ഷണം ലക്ഷ്യമാക്കി ആന്ധ്രാപ്രദേശിലെ ഉള്‍ഗ്രാമങ്ങളില്‍ സാവധാനത്തിലുള്ളതും നിശബ്ദവുമായ ഒരു മുന്നേറ്റം നടന്നു വരുന്നു. വിജയവാഡ ആസ്ഥാനമായ സമരസത സേവാ ഫൗണ്ടേഷന് നേതൃത്വം കൊടുക്കുന്ന ധര്‍മ്മ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആന്ധ്രയിലെ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ (TTD) അനുഗ്രഹാശ്ശിസ്സുകളുമുണ്ട്.
ക്രിസ്ത്യന്‍ മിഷണറിമാരെ പോലെ SSFന്റെ പരിശീലനം സിദ്ധിച്ച നൂറുക്കണക്കിന് ധര്‍മ്മ പ്രചാരകര്‍ സനാതന ധര്‍മ്മത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തിക്കൊണ്ട് ഇപ്പോള്‍ ഈ പ്രവര്‍ത്തനത്തിന്റെ മുന്നണിയിലുണ്ട്. ജാതി, സമുദായ വേര്‍തിരിവില്ലാതെ എല്ലാവരും പിന്തുടരേണ്ടതും പാരമ്പര്യമായി ഹിന്ദുക്കള്‍ക്ക് കിട്ടിയതുമായ ആത്മീയ മൂല്യങ്ങളും അനുഷ്ടാനങ്ങളും ചേര്‍ന്നതാണ് സനാതന ധര്‍മ്മം.
ഈ സന്നദ്ധപ്രവര്‍ത്തകര്‍ എല്ലാവീടുകളും, പ്രത്യേകിച്ചും ദുര്‍ബല വിഭാഗങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ച് ധര്‍മ്മത്തിന്റെ സന്ദേശം പ്രചരിപ്പിയ്ക്കുന്നു. ഹിന്ദു അനുഷ്ഠാനങ്ങള്‍ സംഘടിപ്പിയ്ക്കുകയും ക്രിസ്തുമതത്തിലേക്ക് മതമാറി പോയവരെ തിരികെ വരാന്‍ പ്രേരിപ്പിയ്ക്കുകയും ചെയ്യുന്നു.
മുന്‍ ഐ എ എസ് ഓഫീസറായ പി വി ആര് കെ പ്രസാദ് 2015 ല്‍ സ്ഥാപിച്ച SSF, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടേയും മത്സ്യതൊഴിലാളികളുടേയും കോളനികള്‍ കേന്ദ്രീകരിച്ച് ഇതിനോടകം 502 ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞു. ക്ഷേത്രങ്ങള്‍ സ്ഥാപിയ്ക്കുന്നതും ഭഗവദ്ഗീത വിതരണം ചെയ്യുന്നതും കൂടാതെ ഈ വിഭാഗങ്ങളില്‍ നിന്നും അര്‍ച്ചകരായി സേവനമനുഷ്ഠിയ്ക്കാന് തയ്യാറുള്ള ചെറുപ്പക്കാരെ കണ്ടെത്തുകയും ചെയ്തുവരുന്നു.
പട്ടികജാതി പട്ടികവര്‍ഗ്ഗ മത്സ്യതൊഴിലാളി വിഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം പേര്‍ക്ക് ഹൈന്ദവ അനുഷ്ഠാനങ്ങള്‍, നിത്യപൂജകള്‍, വ്രതങ്ങള്‍ തുടങ്ങി ഷോഡശ പൂജ ഉള്‍പ്പെടെയുള്ള മതകര്‍മ്മങ്ങള്‍ നിര്വ്വഹിയ്ക്കാന് തിരുപ്പതി ദേവസ്ഥാനം പരിശീലനം കൊടുത്തു കഴിഞ്ഞു.
ഘര്‍ വാപസി
ആന്ധ്രയുടെ 520 മണ്ഡലുകളില്‍ ഘര്‍ വാപസി പ്രോഗ്രാം സംഘടിപ്പിയ്ക്കുന്നതിന് പ്രചാരകരുടെ ഈ വലിയ നിര SSF ന് സഹായകമായി. സംഘടനയുടെ കണക്കനുസരിച്ച് മതം മാറിപ്പോയ 23,000 പേരെ ഇങ്ങനെ ഹിന്ദു ധര്‍മ്മത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ കഴിഞ്ഞു.
“2015 ഡിസംബര്‍ 2 നാണ് തിരുമല ബാലാജി ക്ഷേത്രത്തിന്റെ ആസ്ഥാന മണ്ഡപത്തില്‍ വച്ച് ആദ്യത്തെ ധാര്‍മ്മിക സദസ്സ് സമ്മേളിച്ചത്. ഹിന്ദുധര്‍മ്മത്തെ പുനരുജ്ജീവിപ്പിയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമങ്ങളില്‍ നിന്നു തന്നെ തുടക്കമിടണം എന്ന് ആ സമ്മേളനം തീരുമാനിച്ചു” SSF സ്ഥാപക സെക്രട്ടറി പഖല ത്രിനാഥ് പറഞ്ഞു.
“എല്ലാ ഹിന്ദു കുടുംബങ്ങളും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവണമെന്നും, ഇക്കാര്യത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുന്ന സമരസതാ സേവാ ഫൗണ്ടേഷന് പൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും സമ്മേളനം പ്രതിജ്ഞയെടുത്തു”. അദ്ദേഹം പറഞ്ഞു.
“മതപരിവര്‍ത്തനം രാഷ്ട്രത്തെ ഭിന്നിപ്പിക്കുന്നതിലേക്ക് നയിക്കുകയാണെന്നും ഗ്രാമങ്ങളില്‍ മതം മാറ്റപ്പെട്ടവര്‍ക്കും സ്വധര്‍മ്മത്തില്‍ ഉറച്ചു നില്‍ക്കുന്നവര്‍ക്കും ഇടയില്‍ അത് വലിയ വിടവ് സൃഷ്ടിയ്ക്കുന്നുണ്ടെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.” പ്രസാദ് പറഞ്ഞു.
കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി, വിജയേന്ദ്ര സരസ്വതി, പേജാവര്‍ മഠാധിപതി വിശ്വേശ്വര തീര്‍ത്ഥ തുടങ്ങിയ അറുപതോളം സന്യാസി ശ്രേഷ്ഠന്മാര് ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. സമൂഹത്തിന്റെ ഐക്യം നിലനിര്‍ത്താന്‍ മതം മാറ്റങ്ങള്‍ക്ക് തടയിടണം എന്ന് സമ്മേളനത്തില്‍ പങ്കെടുത്ത ആചാര്യന്മാര് തീരുമാനിച്ചു.
“ഉള്‍ഗ്രാമങ്ങളിലെ ഏറ്റവും നിര്‍ദ്ധനരായവരുടെ കുടിലുകളില്‍ വരെ യുക്തിപൂര്‍ണ്ണവും ശാസ്ത്രീയവുമായി ഹിന്ദു ധര്‍മ്മത്തെ പരിചയപ്പെടുത്താനാണ് സമരസത സേവാ ഫൗണ്ടേഷന് സ്ഥാപിതമായത്. ഉയര്‍ന്നവരും താഴ്ന്നവരും എന്ന വേര്‍തിരിവില്ലാതെ എല്ലാവരേയും തുല്യരായി കാണുന്ന ഒരു ഹിന്ദു സമൂഹത്തിന്റെ സൃഷ്ടി എന്നതാണ് സംഘടനയുടെ ലക്ഷ്യം” ത്രിനാഥ് പറഞ്ഞു.
SSF ന്റെ ഘടന
ഗ്രാമം, മണ്ഡലം, ജില്ല എന്നീ തലങ്ങളില്‍ ഉപദേശക സമിതികള്‍ രൂപീകരിച്ചു. ഓരോ സമിതിയ്ക്കും ഒരു കണ്‍വീനര്‍ ഉണ്ട്. അവര്‍ ഗ്രാമങ്ങളില്‍ പല പരിപാടികളും ആസൂത്രണം ചെയ്യുന്നു. ഹിന്ദു ധര്‍മ്മത്തെ സംരക്ഷിയ്ക്കാനും പ്രചരിപ്പിക്കാനുമുള്ള ഊര്‍ജ്ജം കൈമുതലായുള്ളവരെ തെരഞ്ഞെടുത്ത് പരിശീലനം കൊടുത്ത് പ്രചാരകന്മാരാക്കി.
എല്ലാ ജാതികളിലും വിഭാഗങ്ങളിലും നിന്നുള്ളവര്‍ ഈ പ്രചാരകന്മാരിലുണ്ട്. മൂന്ന് മണ്ഡലങ്ങള്‍ക്ക് ഒരു സബ് ഡിവിഷണല്‍ പ്രചാരകനും, 20 മണ്ഡലങ്ങള്‍ക്ക് ഒരു ഡിവിഷണല്‍ പ്രചാരകനും ഉണ്ട്. അതിനും മുകളില്‍ ഓരോ മേഖലയ്ക്കും ഓരോ മേഖലാ പ്രചാരകനും, ഏറ്റവും മുകളില്‍ സംസ്ഥാന പ്രചാരകനും പ്രവര്‍ത്തിയ്ക്കുന്നു.
ധാര്‍മ്മിക വിവരശേഖരണം
സംഘടന സ്ഥാപിയ്ക്കപ്പെട്ട ശേഷം, SSF പ്രചാരകര്‍ ആന്ധ്രയുടെ 13 ജില്ലകളിലെ 85,866 ഗ്രാമങ്ങളേയും സ്പര്‍ശിച്ചു കൊണ്ട് ഒരു ധാര്‍മ്മിക വിവരശേഖരണം നടത്തി. ജനങ്ങളുടെ, പ്രത്യേകിച്ചും ദരിദ്രരുടെ സാമ്പത്തിക, സാമൂഹിക പരിതസ്ഥിതിയാണ് ഇതിലൂടെ ആരാഞ്ഞത്. ധാര്‍മ്മിക പ്രവര്‍ത്തനങ്ങളുടെ വിവരം, ക്ഷേത്രങ്ങളുടെ അവസ്ഥ, മതപരിവര്‍ത്തനങ്ങള്‍ എന്നിവയെ പറ്റിയും വിശദാംശങ്ങള്‍ ശേഖരിച്ചു. ഈ വിവരങ്ങളാണ് ഇപ്പോള്‍ ധര്‍മ്മ പ്രചാരകരെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ സഹായിയ്ക്കുന്നത്.
“ക്രിസ്ത്യന്‍ മിഷനറിമാരെ പോലെ ഹിന്ദു സംഘടനകള്‍ ജനങ്ങളുടെ അടുത്ത് പ്രത്യേകിച്ചും ദുര്‍ബല വിഭാഗങ്ങള്‍ക്കിടയിലേക്ക് പോകുന്നില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഈയൊരു പരിമിതി കാരണം അവര്‍ മറ്റു വിശ്വാസങ്ങളുടെ നേര്‍ക്ക് ആകര്ഷിയ്ക്കപ്പെടുന്നു.” ത്രിനാഥ് തുടര്‍ന്നു. “പലരുടേയും കാര്യത്തില്‍ അവര്‍ക്ക് ഹിന്ദു സമൂഹത്തിലേക്ക് തിരികെ വരണം എന്നാഗ്രഹമുണ്ട്. എന്നാല്‍ അത് എങ്ങനെ ചെയ്യണമെന്നറിയില്ല. തിരികെ വന്നാല്‍ ഇവിടെ സ്വീകരിയ്ക്കപ്പെടുമോ എന്ന കാര്യത്തില്‍ അവര്‍ക്ക് ആശങ്കകളുണ്ട്” അദ്ദേഹം പറഞ്ഞു.
“അവര്‍ക്ക് ഇവിടേയ്ക്ക് പൂര്‍ണ്ണ സ്വാഗതം നമ്മള് ഉറപ്പു കൊടുക്കുന്നു. അവര്‍ മതം മാറാന്‍ ഇടയായ കാരണങ്ങളും അവര്‍ക്ക് മടങ്ങിവരാന്‍ താത്പര്യമുണ്ടോ എന്ന കാര്യവും, പ്രവര്‍ത്തന രംഗത്തുള്ള നമ്മുടെ പ്രചാരകന്മാര് അന്വേഷിച്ചറിയുന്നു. ആര്‍ക്കെങ്കിലും തിരികെ വരണമെന്നുണ്ടെങ്കില്‍ നമ്മള് അതിനുള്ള അവസരങ്ങള്‍ ഒരുക്കുന്നു.” ത്രിനാഥ് വിശദീകരിച്ചു.
“പരിവര്ത്തിതരില് ചിലര്‍ നിശബ്ദമായി ക്ഷേത്രങ്ങള്‍ സന്ദര്‍ശിയ്ക്കാന്‍ തുടങ്ങുന്നു. അവരില്‍ ചിലര്‍ക്ക് തങ്ങള്‍ മാമോദീസ മുക്കപ്പെട്ടവരാണല്ലോ എന്ന ആശങ്കയുണ്ട്. അവര്‍ക്ക് സ്വാഗതം ആശംസിച്ചു കൊണ്ട് നമ്മള് സത്യനാരായണ സ്വാമി വ്രതം, ശാന്തി ഹോമം തുടങ്ങിയ പ്രത്യേക പൂജകളും ശുദ്ധികര്‍മ്മവും നടത്തുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രായലസീമയില്‍ മതംമാറ്റം കുറഞ്ഞു
SSF ന്റെ നിരീക്ഷണത്തില്‍ മനസ്സിലായ വസ്തുത ആന്ധ്രയുടെ വടക്കന്‍ ജില്ലകള്‍, ഗോദാവരിയുടെ കിഴക്കും പടിഞ്ഞാറും, കൃഷ്ണ, ഗുണ്ടൂര്‍, പ്രകാശം എന്നീ പ്രദേശങ്ങളിലാണ് മതം മാറ്റങ്ങള്‍ കൂടുതലായി നടക്കുന്നത്. നെല്ലൂര്‍ മുതല്‍ റായലസീമ വരെയുള്ള ജില്ലകളില്‍ മതംമാറ്റങ്ങള്‍ താരതമ്യേന കുറവാണ്.
പണപ്പെരുപ്പവും കോവിഡ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യവും കാരണം മതം മാറിയവര്‍ക്ക് തങ്ങളുടെ വരുമാനത്തിന്റെ പത്തിലൊന്ന് പ്രാദേശിക സഭകള്‍ക്ക് കൊടുക്കാന്‍ കഴിയുന്നില്ല എന്നതാണ് മറ്റൊരു നിരീക്ഷണം.
“ക്ഷേത്രങ്ങള്‍ ഉണ്ടാക്കുന്നതിലും നടത്തിക്കൊണ്ടു പോകുന്നതിലും ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയതും, പൂജാ വിധികള്‍ നടത്താന്‍ അവരെ ചുമതലപ്പെടുത്തിയതും അവരുടെ വിശ്വാസം പിടിച്ചു പറ്റുന്നതില്‍ ഹിന്ദുമതത്തിനും ഹിന്ദു നേതാക്കള്‍ക്കും സഹായകമായി” SSF ന്റെ മറ്റൊരു ചുമതലക്കാരന് പറഞ്ഞു.
“അവരും ഹിന്ദു സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങള്‍ ആണെന്ന ധാരണ അവരില്‍ വളര്‍ത്തിയെടുക്കുന്നതില്‍ SSF ന്റെ സന്നദ്ധപ്രവര്‍ത്തകര്‍ വിജയിച്ചു. പൊതുസമൂഹം അവരെ സ്വാഗതം ചെയ്തപ്പോള്‍, പാസ്റ്റര്‍മാരും, ക്രിസ്തുമത പ്രചാരകന്മാരും എതിര്‍ത്തു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“തുടക്കത്തിലുള്ള ആ സങ്കോചം ഇപ്പോള്‍ ഇല്ലാതായിരിയ്ക്കുന്നു. പ്രദേശവാസികളുടെ പങ്കാളിത്തത്തിനാണ് അക്കാര്യത്തില്‍ നന്ദി പറയേണ്ടത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പോലും ജനങ്ങള്‍ ആചാര്യന്മാരുടെ വരവും മാര്‍ഗ്ഗദര്‍ശനവും പ്രതീക്ഷിച്ചിരിയ്ക്കുകയാണ്. ഏറ്റവും ഒറ്റപ്പെട്ട ഇടങ്ങളില്‍ പോലും നമുക്ക് ക്രിസ്ത്യന്‍ മിഷനറിമാരെ കാണാന്‍ കഴിയും. അതേസമയം ഹൈന്ദവ നേതാക്കള്‍ നഗരങ്ങളിലും പട്ടണങ്ങളിലും മാത്രമായി കേന്ദ്രീകരിച്ചിരിയ്ക്കുകയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു പുതിയ വ്യക്തിത്വം
അര്ച്ചകന്മാരും ഇപ്പോള്‍ സന്തോഷത്തിലാണ്. “ഇത് എനിക്ക് കിട്ടിയ ഒരു പുതിയ മുഖം പോലെയാണ്. ജനങ്ങള്‍ അവരുടെ വീടുകളില്‍ ആത്മീയ ചടങ്ങുകള്‍ നടത്താന്‍ ഇപ്പോള്‍ ബ്രാഹ്മണ പുരോഹിതരോടൊപ്പം ഞങ്ങളേയും വിളിക്കാറുണ്ട്.” ബനവത് വീരബാബു എന്ന അര്ച്ചകന് പറയുന്നു.
“എല്ലാദിവസവും രാവിലെ ആറു മണിയ്ക്ക് ഞാന്‍ ക്ഷേത്രം തുറക്കുന്നു. രാവിലെ ഒമ്പത് പത്തു മണിവരെ മൂര്‍ത്തിയുടെ സേവയ്ക്കാവശ്യമുള്ളതെല്ലാം ചെയ്യുന്നു. വൈകുന്നേരം ആറു മുതല്‍ എട്ടു വരെ വീണ്ടും ക്ഷേത്രം തുറന്നു വയ്ക്കുന്നു. വൈകിട്ട് ബാലവികാസ് പ്രോഗ്രാമിന് പുറമേ പല സാമൂഹ്യ പരിപാടികളും കൂടി ഉണ്ടാകാറുണ്ട്.”
2017 ലാണ് TTDയും SSF ഉം ചേര്‍ന്ന് അദ്ദേഹത്തിന് പരിശീലനം കൊടുത്തത്. വീരബാബു ഇപ്പോള്‍ NTR ജില്ലയില്‍ തക്കെല്ലപാടു ഗ്രാമത്തിലെ പട്ടിക ജാതി കോളനിയില്‍ പണികഴിപ്പിച്ച ശ്രീ കോദണ്ഡ രാമസ്വാമി ക്ഷേത്രത്തില്‍ അര്‍ച്ചകനായി സേവനം അനുഷ്ടിയ്ക്കുന്നു. അദ്ദേഹത്തിന്റെ പരിശീലനം നാല് ഘട്ടങ്ങളായിട്ടായിരുന്നു. അതിനൊടുവില്‍ അദ്ദേഹത്തിന് യജ്ഞോപവീതവും (പൂണൂല്) കിട്ടി.
“ഞാന്‍ ക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളിയായിരുന്നു. SSF ന്റെ ചുമതലക്കാര്‍ വന്ന് ക്ഷേത്ര പൂജാരിയുടെ ജോലി ഏറ്റെടുക്കാന്‍ ആര്‍ക്കെങ്കിലും താത്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ മുന്നോട്ടു വരികയായിരുന്നു.” വീരബാബു കൂട്ടിച്ചേര്‍ത്തു.
പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട വീരബാബു നാഗാര്‍ജ്ജുന യൂണിവേഴ്സിറ്റിയില്‍ നിന്ന് തെലുങ്കില്‍ എം എ യും എടുത്തിട്ടുണ്ട്. പുരോഹിതന്റെ ജോലിയ്ക്ക് പുറമേ ഒഴിവ് സമയങ്ങളില്‍ അദ്ദേഹം മറ്റു ജോലികളും ചെയ്യുന്നു.
പിന്കുറിപ്പ്: ക്ഷേത്രങ്ങളാണ് എങ്ങും ഹിന്ദുക്കളുടെ സാമൂഹ്യജീവിതത്തിന്റെ കേന്ദ്ര ബിന്ദു. ക്ഷേത്രങ്ങളെ ഹൈന്ദവ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഇന്നത്തെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. കേരളത്തിലെ സ്വകാര്യ ക്ഷേത്രങ്ങളെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കി ഹിന്ദുസമാജ ശാക്തീകരണത്തിന് നേതൃത്വം കൊടുക്കും എന്ന് പ്രത്യാശിയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: