ഒരുപക്ഷേ രവീന്ദ്രനാഥന്‍നായര്‍ എന്ന നിര്‍മ്മാതാവില്ലായിരുന്നെങ്കില്‍ അരവിന്ദനും അടൂര്‍ ഗോപാലകൃഷ്ണനും സമ്മര്‍ദ്ദങ്ങളില്ലാതെ ഇത്ര നല്ല സിനിമകള്‍ എടുക്കില്ലായിരുന്നു. കലാമൂല്യമുള്ള സിനിമകള്‍ക്കു മാത്രം പണം മുടക്കിയ മലയാളത്തിലെ ഏക നിര്‍മ്മാതാവാണ് അദ്ദേഹം. അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന പി. ഭാസ്കരന്റെ സിനിമ മുതല്‍ അടൂരിന്റെ വിധേയന് വരെ തുടരുന്നതാണ് രവീന്ദ്രനാഥന്‍നായരുടെ സിനിമാ പ്രവര്‍ത്തനം.
കശുവണ്ടിയുടെ നാടായ കൊല്ലത്ത് രവീന്ദ്രനാഥന്‍നായര്‍ കശുവണ്ടി കച്ചവടം ചെയ്യാന്‍ തീരുമാനിച്ചു. കശുവണ്ടി വിവിധരൂപത്തില്‍ കയറ്റിയയച്ചു. അതിനുവേണ്ടി ഫാക്ടറികള്‍ സ്ഥാപിച്ചു. നിരവധി പേര്‍ക്ക് ജോലി നല്കി. അങ്ങനെ അദ്ദേഹം രവിമുതലാളിയായി. നല്ല സിനിമയെ സ്നേഹിച്ചിരുന്ന രവീന്ദ്രനാഥന്‍നായര്‍ എ. വിന്‍സെന്റ് സംവിധാനം ചെയ്ത അച്ചാണി എന്ന സിനിമ നിര്‍മ്മിച്ചപ്പോഴാണ് അച്ചാണി രവിയായത്. കശുവണ്ടി ഫാക്ടറിക്ക് അന്ന് അദ്ദേഹം ജനറല്‍ എന്നു പേരിട്ടു. പലരുടെയും അധ്വാനത്താലാണ് അത് പ്രവര്‍ത്തിച്ചത്. അതിനാലാണ് പൊതുവായത് എന്ന അര്‍ത്ഥം വരുന്ന ജനറല്‍ എന്ന പേരിട്ടത്. സ്വന്തമായി സിനിമാ നിര്‍മ്മാണം തുടങ്ങണം എന്ന മോഹമുദിച്ചപ്പോള് സിനിമാ നിര്‍മ്മാണകമ്പനിക്കും അതേപേരു തന്നെ ഇട്ടു. സിനിമയും കൂട്ടുത്തരവാദിത്വത്തിന്റെ ഫലമാണ്. എല്ലാവരും ഒന്നിച്ചു നിന്ന് പ്രവര്ത്തിക്കുമ്പേഴാണ് നല്ല സിനിമ പിറക്കുന്നത്. ജനറല്‍ പിക്ചേഴ്സ് ഉണ്ടായപ്പോള്‍ ജനറല്‍പിക്ചേഴ്സ് രവിയായി. പേരെന്തായിരുന്നാലും കൊല്ലംകാര്‍ക്ക് അദ്ദേഹം രവിമുതലാളിയായിരുന്നു.
സിനിമ എടുക്കണമെന്നത് ചെറുപ്പത്തിലേ ഉള്ള ആഗ്രഹമായിരുന്നു. പറ്റിയ കഥയ്ക്കായി പല നോവലുകളും വായിച്ചു. പാറപ്പുറത്തിന്റെ അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന നോവല്‍ ഇഷ്ടപ്പെട്ടു. സംവിധാന ചുമതല എ. വിന്‍സന്റിനെ ഏല്പിക്കാമെന്ന് തീരുമാനിച്ചു. എന്നാല്‍ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചില്ല. പിന്നീട് പി. ഭാസ്കരന് സമ്മതിച്ചു. അങ്ങനെ രവീന്ദ്രനാഥന്‍നായരുടെ നിര്‍മ്മാണത്തില്‍ ആദ്യസിനിമ 1967ല്‍ പിറന്നു. സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭാസ്കരന്മാഷുടെ തന്നെ സംവിധാനത്തില്‍ 1968ല്‍ ലക്ഷപ്രഭു എന്ന രണ്ടാമത്തെ ചിത്രവും 1969ല്‍ കാട്ടുകുരങ്ങ് എന്ന മൂന്നാമത്തെ ചിത്രവും പുറത്തിറഞ്ഞി. സാമ്പത്തികമായി വിജയിച്ച ഈ ചിത്രങ്ങള്‍ കലാമേന്മയിലും മികച്ചു നില്ക്കുന്നു. ആദ്യസിനിമയ്ക്ക് നല്ല പ്രാദേശിക ഭാഷാ സിനിമയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു.
മദ്രാസില്‍ വച്ച് അച്ചാണി എന്ന നാടകം കണ്ടിഷ്ടപ്പെട്ട് എടുത്ത ചിത്രമാണ് അച്ചാണി. എ. വിന്‍സന്റ് സംവിധായകന്. സിനിമാമോഹം മനസ്സില്‍ നട്ട, ജ്യേഷ്ഠന് കുഞ്ഞുകൃഷ്ണപിള്ളയുടെ സ്മരണയ്ക്കാണ് അച്ചാണി സമര്‍പ്പിച്ചത്.
എം.ടി.വാസുദേവന്‍നായരുടെ പ്രശസ്ത നോവലായ മഞ്ഞ് എംടിയുടെ സംവിധാനത്തില്‍ സിനിമയാക്കുന്നത് 1982ലാണ്. പുരസ്കാരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു അത്. 82ല്‍ അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത എലിപ്പത്തായം പുറത്തിറങ്ങി. എലിപ്പത്തായത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും മറ്റ് രണ്ടുപുരസ്കാരങ്ങളും മികച്ച പ്രാദേശികഭാഷാ ചിത്രത്തിനുള്ള ദേശീയപുരസ്കാരവും കിട്ടി. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അവാര്‍ഡും ലഭിച്ചു. 1984 ല്‍ അടൂരിന്റെ മുഖാമുഖം, 87 ല്‍ അനന്തരം, 94ല്‍ വിധേയന് എന്നീചിത്രങ്ങളും രവീന്ദ്രനാഥന്‍നായര്‍ നിര്‍മ്മിച്ചു. മുഖാമുഖത്തിന് നല്ല സംവിധായകനും തിരക്കഥയ്ക്കും ഓഡിയോഗ്രാഫിക്കും നല്ല മലയാള സിനിമയ്ക്കുമുള്ള ദേശീയപുരസ്കാരവും അഞ്ച് സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു. നല്ല സംവിധായകന്, തിരക്കഥ, ഓഡിയോഗ്രാഫി എന്നിവയ്ക്കുള്ള ദേശീയപുരസ്കാരം അനന്തരവും കരസ്ഥമാക്കി. അനന്തരത്തിന് സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. സക്കറിയയുടെ കഥയെ അടിസ്ഥാനമാക്കി അടൂര്‍ സംവിധാനം ചെയ്ത വിധേയനും ഏറെ ചര്‍ച്ചയായി. നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിക്ക് നേടിക്കൊടുത്ത ചിത്രം പ്രാദേശിക ഭാഷാ സിനിമയ്ക്കുള്ള ദേശീയപുരസ്കാരവും കരസ്ഥമാക്കി.
നിര്‍മ്മാതാവിന്റെ വേഷത്തില്‍ സ്ഥിരമായി അണിയറയില്‍ നിന്ന രവീന്ദ്രനാഥന്‍നായര്‍ ഒരിക്കല്‍ ക്യാമറയ്ക്ക് മുന്നിലും വന്നു. അരവിന്ദന്റെ നിര്‍ബന്ധം മൂലം എസ്തപ്പാനില്‍ അഭിനയിച്ചു. കടലില്‍ ബോട്ട് യാത്രചെയ്യുന്ന കുടുംബമായി അദ്ദേഹവും കുടുംബവുമുണ്ട്. തമ്പിലെ പ്രശസ്തമായ കാനനപ്പെണ്ണ് ചെമ്പരത്തി എന്ന പാട്ട് പാടിയത് അദ്ദേഹത്തിന്റ ഭാര്യ ഉഷയാണ്.
നെടുമുടിവേണുവും ജലജയും ജയഭാരതിയും ആദ്യമായി അഭിനയിച്ചതും രവിമുതലാളിയുടെ ചിത്രങ്ങളിലാണ്. വേണുവും ജലജയും തമ്പില്‍. ജയഭാരതി കാട്ടുകുരങ്ങില്‍. ഷാജി.എന്‍.കരുണ്‍ ആദ്യമായി ക്യാമറ ഏന്തിയതും അദ്ദേഹത്തിന്റെ സിനിമയിലാണ്. കാഞ്ചനസീതയില്‍. ഷാജി പിന്നീട് അരവിന്ദന്റെ സ്ഥിരം ക്യാമാറാമാനായി. ഇന്ന് വമ്പന്‍ സിനിമാക്കമ്പനികള്‍ ചെയ്യുന്നപോലെ ഒരേസമയം മൂന്ന് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട് രവിമുതലാളി. എന്നാല്‍ അതിലൊന്നുപോലും വാണിജ്യ സിനിമയായിരുന്നില്ല. എലിപ്പത്തായം, പോക്കുവെയില്‍, മഞ്ഞ് എന്നീ ചിത്രങ്ങള്‍ ഒരേ സമയത്ത് നിര്‍മ്മിച്ചവയാണ്.
സാംസ്കാരിക പ്രവര്‍ത്തനം അദ്ദേഹം സിനിമാ നിര്‍മ്മാണത്തില്‍ മാത്രമൊതുക്കിയില്ല. നിരവധി കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ മുന്നില്‍ അദ്ദേഹമുണ്ടായിരുന്നു.
കൊല്ലത്തിന്റെ സാംസ്കാരിക കേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന സോപാനം ഹാളും പബ്ലിക്ക് ലൈബ്രറിയും അദ്ദേഹം ഒരുകോടിമുടക്കി പണികഴിപ്പിച്ച് 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലത്തിന് സമ്മാനിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: